'സ്വർണ്ണ മുതലാളി' ഒരു കൂസലുമില്ലാതെ തലസ്ഥാന നഗരിയിൽ ഞെളിഞ്ഞ് നടക്കുന്നു, ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ലീഗല്‍ അഡൈ്വസറായിരുന്ന അഡ്വക്കേറ്റ് ജയ്ജി ബാബു, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയിരുന്ന അഡ്വക്കേറ്റ് വിജയലക്ഷ്മി എന്നിവരാണ് രാജി വെച്ചത്. സർക്കാരും ഗവർണറും തമ്മിൽ സർവ്വകലാശകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പോര് തുടരുന്നതിനിടെയാണ് അഭിഭാഷകരുടെ രാജി. വിസിമാരെ പുറത്താക്കുന്നത് തടഞ്ഞ് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് അഭിഭാഷകർ രാജി വെച്ചത്. ഗവർണർക്ക് അറിയാവുന്ന കാരണങ്ങളാലാണ് രാജി എന്നാണ് രാജിക്കത്തിൽ പറയുന്നത്.
ഗവര്‍ണറുടെ പുതിയ നിയമ ഉപദേഷ്ടാവ് മുതിര്‍ന്ന അഭിഭാഷകനായ എസ് ഗോപകുമാരന്‍ നായരാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന് വേണ്ടി ഇദ്ദേഹം കോടതിയില്‍ ഹാജരായിരുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീല്‍ എംഎല്‍എ. വാർത്തയുടെ സ്ക്രീൻഷോട്ടും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

"ഗവർണ്ണറുടെ പുതിയ ഉപദേശകൻ പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിൻ്റെ അഭിഭാഷകൻ. കോൺഗ്രസ് ഭരണ കാലത്ത് ഇദ്ദേഹം ബാർ കൗൺസിൽ ചെയർമാനായിരുന്നു". രാജ്യത്തിൻ്റെ ആഭ്യന്തര സമ്പദ്ഘടനയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് സ്വർണ്ണക്കടത്തുൾപ്പടെ എല്ലാ കള്ളക്കടത്തുകളും. അതുകൊണ്ടു തന്നെ അവയെല്ലാം രാജ്യദ്രോഹമാണ്. രാജ്യദ്രോഹക്കുറ്റം ചെയ്തയാളുടെ വക്കാലത്ത് ഏറ്റെടുത്തയാൾ തന്നെ രാജ്ഭവൻ ഉപദേശകനായത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി നിർണ്ണായക ഘട്ടത്തിൽ ദീർഘനേരം ടെലഫോൺ സംഭാഷണം നടത്തിയ അനിൽ നമ്പ്യാർ "ജനം ടിവി"യുടെ പ്രധാന ചുമതലക്കാരനായി ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയത് ആരും ശ്രദ്ധിച്ചു കാണില്ല. അതൊരു വാർത്തയാകാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിച്ച ''വർഗ്ഗ" സ്നേഹികൾക്ക് "അഭിനന്ദനങ്ങൾ".
കള്ളക്കടത്തിലൂടെ വന്ന സ്വർണ്ണം മുഴുവൻ വിറ്റഴിക്കാൻ നേതൃത്വം നൽകിയതായി സംശയിക്കുന്ന യു.എ.ഇ കോൺസുലേറ്റിലെ നിത്യ സന്ദർശകനായ "സ്വർണ്ണ മുതലാളി" ഒരു കൂസലുമില്ലാതെ തലസ്ഥാന നഗരിയിൽ ഞെളിഞ്ഞ് നടക്കുന്നു. ഒരുതരി സ്വർണ്ണം വീട്ടിലോ നാട്ടിലോ സ്വന്തമായില്ലാത്തവരെ സുരേന്ദ്ര-സുധാകര "സംഘം" സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയത് ആരും മറന്നു കാണില്ല. അതിന് തപ്പ് കൊട്ടി രാജഭക്തി കാണിച്ചവർ പത്രധർമ്മമാണ് നിഷ്കരുണം ബലികഴിച്ചത്''.












Click it and Unblock the Notifications