'ആർഎസ്എസ് പ്രതിനിധികളെ കാലിക്കറ്റ് സർവകലാശാലയിൽ നിയമിക്കാൻ ലീഗും കോൺഗ്രസും കൂട്ടുനിന്നു'; കെടി ജലീൽ
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് കടന്നുകയറ്റമെന്ന ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ. ആർഎസ്എസ് അനുകൂല അദ്ധ്യാപക സംഘടനയായ യുവിഎഎസിന്റെ അംഗങ്ങളെ വിവിധ പഠന ബോർഡുകളിൽ അംഗങ്ങളാക്കി ഗവർണറും വിസിയും ചേർന്ന് നിയമിച്ചപ്പോൾ കോൺഗ്രസും ലീഗും അതിന് കൂട്ട് നിൽക്കുകയാണെന്നാണ് കെടി ജലീലിന്റെ ആരോപണം.
ഇത്രയധികം സംഘപരിവാർ അനുകൂലികൾ പഠനബോർഡുകളിൽ വരുന്നത് ആദ്യമായിട്ടാണെന്നും കെടി ജലീൽ പറയുന്നു. കാലിക്കറ്റിലെ സ്ഥിതി ഇതാണെങ്കിൽ മറ്റു സർവകലാശാലകളിലേത് ഊഹിക്കാവുന്നതേയുള്ളൂവെന്നും രണ്ട് ബോർഡുകളുടെ ചെയർമാൻ സ്ഥാനവും യുഡിഎഫ് ആർഎസ്എസിന് അടിയറവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെയും കെടി ജലീൽ പരിഹസിച്ചു. നേരത്തെയും യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളെ കുറിച്ച് കെടി ജലീൽ വിമർശനം ഉന്നയിച്ചിരിന്നു. കൂടാതെ പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിലും വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിനെയാണ് ജലീൽ ലക്ഷ്യമിട്ടത്. അതിന്റെ തുടർച്ചയായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ഇപ്പോഴത്തെ ജലീലിന്റെ പ്രതികരണം.
10 വർഷം സമുദായത്തിന് നഷ്‌ടപ്പെട്ടത് തിരിച്ചു പിടിച്ചുതുടങ്ങി! ആര്? ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം അഥവാ "UVAS". കാലിക്കറ്റ് സർവകലാശാലയിൽ UVASന്റെ 32 അദ്ധ്യാപക പ്രതിനിധികളാണ് വിവിധ പഠന ബോർഡുകളിൽ അംഗങ്ങളാക്കി ഗവർണറും വിസിയും ചേർന്ന് നിയമിച്ചത്. കോൺഗ്രസും ലീഗും അതിന് കൂട്ടു നിൽക്കുകയും ചെയ്‌തു; ജലീൽ ചൂണ്ടിക്കാട്ടി.
ഇത്രയധികം സംഘികൾ പഠനബോർഡുകളിൽ വരുന്നത് ഇതാദ്യമായാണ്. കാലിക്കറ്റിലെ സ്ഥിതി ഇതാണെങ്കിൽ മറ്റു സർവകലാശാലകളിലേത് ഊഹിക്കാവുന്നതേയുള്ളൂ. രണ്ട് ബോർഡുകളുടെ ചെയർമാൻ സ്ഥാനവും യുഡിഎഫ് ആർഎസ്എസിന് അടിയറവെച്ചു. ഇടതുപക്ഷം ഭരിച്ച 10 വർഷം സമുദായത്തിന് നഷ്‌ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടന്ന് യുഡിഎഫ് വാക്ക് പാലിക്കുമെന്ന് സ്വപ്‌നമേവ ആരും കരുതിയില്ല!; അദ്ദേഹം പറയുന്നു.
ഏതായാലും യുഡിഎഫ് ഭരണം അവസാനിക്കുമ്പോഴേക്ക് എത്ര കുഞ്ചിക സ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക? മാറ്റിമറിക്കപ്പെടും എന്ന് കരുതുന്ന ചരിത്രവിഭാഗത്തിലെ ഡിഗ്രി, പിജി ബോർഡുകളിൽപോലും സംഘികൾക്ക് യുഡിഎഫ് സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കിയത് നന്നായി! സമുദായമേ ആഘോഷിക്കുക! ആഹ്ളാദിക്കുക! 'ഫാതിഹ' ഓതി ദുആ ചെയ്യുക. ഇതിലും വലിയ ആത്മീയ ഉൽക്കർഷം മറ്റെന്തുണ്ട്?; ജലീൽ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications
