'പൂക്കി സർക്കാർ അധികാരമേറ്റ ശേഷം സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം'; കെടി ജലീൽ

മലപ്പുറം: സംസ്ഥാനത്തെ ഐഎസ്എസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിഡി സതീശൻ സർക്കാർ വന്ന ശേഷം രക്ഷയില്ലെന്ന് കെടി ജലീൽ. സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നതെന്നാണ് കെടി ജലീൽ പറയുന്നത്. സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ജലീലിന്റെ വിമർശനം.

കെടി ജലീലിന്റെ വാക്കുകൾ

മനസാക്ഷിയുള്ളവർ തെറിപ്പിക്കപ്പെടുന്ന യുഡിഎഫ് കാലം! സത്യസന്ധത കൊണ്ട് എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട ശ്രീറാം സാംബശിവറാവു, കേരള ഐ.എ.എസ് കേഡറിലെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഞാൻ തദ്ദേശവകുപ്പ് മന്ത്രിയായ സമയത്ത് ഐ.കെ.എമ്മിൻ്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ഐ.കെ.എമ്മിനെ കാലാനുസൃതം നവീകരിക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും നല്ല സംഭാവനകളാണ് സാംബശിവ റാവു നൽകിയത്.

kt jaleel

ഐ.കെ.എമ്മിനെ ആധുനികവൽക്കരിച്ചതിൽ വകുപ്പിലെ ചിലർക്ക് അദ്ദേഹത്തോട് നീരസമുണ്ടായിരുന്നു. എന്റെ ചെവിയിലും അവർ ദുർബോധനം നടത്തി. ആദ്യം ഞാൻ പരതിയത് റാവുവിന്റെ അക്കാദമിക മികവാണ്. ടിയാൻ ആന്ധ്ര സ്വദേശിയാണ്. ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിൽ ജനനം. പ്രശസ്‌തമായ ചെന്നൈ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(IIT)-യിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. 2012-ൽ സിവിൽ സർവീസ് പരീക്ഷ പാസ്സായി.

സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനപരിചയം. അദ്ദേഹത്തെ മന്ത്രി മാറ്റാൻ പോകുന്നു എന്ന ഊഹാപോഹം തദ്ദേശവകുപ്പിൽ പുകഞ്ഞുകൊണ്ടിരുന്ന സമയത്താണ് റാവു ഒരു ദിവസം എന്നെ ഓഫീസിൽ വന്ന് കാണുന്നത്.

ഒരാളുടെ ഭരണവൈഭവം ആദ്യകൂടിക്കാഴ്‌ചയിൽ തന്നെ മനസിലാക്കാം. നേരത്തെ തന്നെ ഞാനത് ഗ്രഹിച്ചിരുന്നു. ചേമ്പറിലെത്തിയ സാംബശിവറാവുവിന്റെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു. ജൂനിയർ ഐ.എ.എസുകാരനായ അദ്ദേഹം തൻ്റെ കഴിവ് പ്രകടിപ്പിക്കുന്ന ഘട്ടമാണത്. ഒറ്റ വാചകമേ അയാൾ പറഞ്ഞുള്ളൂ: ''ഞാൻ കഴിവില്ലാത്തവനും, ഉത്തരവദിത്ത നിർവഹണത്തിൽ വീഴ്‌ചവരുത്തുന്നവനും ആണെങ്കിൽ എന്നെ മാറ്റുന്നതിൽ പ്രയാസമില്ല സാർ''.

ഞാൻ അയാളുടെ മുഖത്തേക്കു തന്നെ നോക്കി. മിടുക്കനായ ആ ഉദ്യോഗസ്ഥന്റെ കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു. ഞാനയാളെ പുറത്തുതട്ടി ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. അദ്ദേഹത്തെ തുടരാൻ അനുവദിക്കാനാണ് എന്റെ മനസാക്ഷി പറഞ്ഞത്.

ഒരുകാര്യം എനിക്കുറപ്പാണ് സാംബശിവറാവു തെറ്റുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കില്ല. അങ്ങിനെ ഒരുദ്യോഗസ്ഥനെയാണ് എക്സൈസ് കമ്മീഷണർ സ്ഥാനത്തു നിന്ന് യുഡിഎഫ് സർക്കാർ പുറത്താക്കിയിരിക്കുന്നത്. ബാർ മുതലാളിമാരുമായി ചങ്ങാത്തമില്ലാത്തതാണ് അദ്ദേഹത്തിന്റെ അയോഗ്യത. ഏത് കൊമ്പൻ പറഞ്ഞാലും അന്യായമായത് അയാൾ ചെയ്യില്ല.

മാനന്തവാടി സബ് കലക്ടർ, കോട്ടയം ജില്ലാ കലക്ടർ, കോഴിക്കോട് ജില്ലാ കലക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, എന്നീ നിലകളിലെല്ലാം സാംബശിവ റാവു പ്രവർത്തിച്ചിട്ടുണ്ട്.

2026 ജൂണിലാണ് അദ്ദേഹം എക്സൈസ് കമ്മീഷണറായി നിയമിതനായത്. പൂക്കി സർക്കാർ അധികാരമേറ്റ ശേഷം സത്യസന്ധതക്ക് പേരുകേട്ട അരഡസനോളം ഉദ്യോഗസ്ഥർക്കാണ് വിവിധ തസ്തികകളിൽ നിന്ന് സ്ഥാനചലനം ഉണ്ടായത്. മന്ത്രിമാരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചില്ല എന്ന "തെറ്റേ" അവർ ചെയ്‌തിട്ടുള്ളൂ.

ഇങ്ങിനെ പോയാൽ ഏത് ഉദ്യോഗസ്ഥൻമാരെ വെച്ചാണാവോ ഇവർ ഭരിക്കാൻ ഉദ്ദേശിക്കുന്നത്? വകുപ്പു മന്ത്രിമാർ അറിയാതെയുള്ള ഉദ്യോഗസ്ഥ സ്ഥലമാറ്റവും പതിവായിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടോ സെക്രട്ടേറിയേറ്റിൽ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma