'പിണറായി അരുതാത്തതൊന്നും ചെയ്യില്ല, അദ്ദേഹത്തെ സ്‌പർശിക്കാൻ ആര് വന്നാലും നടക്കില്ല'; കെടി ജലീൽ
മലപ്പുറം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടന്നതിന് പിന്നാലെ പിന്തുണയുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്ത്. പിണറായിയുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി കാര്യമായ രേഖകൾ ഒന്നും ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെടി ജലീൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് അറിയിച്ചത്.
നിയമസഭയിൽ യാതൊരു മടിയുമില്ലാതെ ഇരുകാരങ്ങളും ഉയർത്തി കൈകൾ ശുദ്ധമാണെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാർ ഒരുമിച്ച് ഇറങ്ങിവന്നാലും നടക്കില്ലെന്നും ജലീൽ പറഞ്ഞു. കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയനെന്നും ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

കെടി ജലീലിന്റെ വാക്കുകൾ
മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?
കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് "ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്"യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.
കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.
മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ "അതിന് ആ തടി പോരെന്ന്" തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.
പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.
അതേസമയം, പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്‌ഡ് ഉച്ചകഴിഞ്ഞതിന് പിന്നാലെയാണ് അവസാനിച്ചത്. ഇതിന് പിന്നാലെ മുഷ്‌ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമത്തിൽ അദ്ദേഹം പോസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവവികാസം.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷ സാഹചര്യമാണ് റെയ്‌ഡിന് പിന്നാലെ ഉടലെടുത്തത്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പൊലീസുകാരുടെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിയുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications