'പിണറായി ഭരിച്ച പത്ത് വർഷം മുസ്ലിങ്ങളിലെ അവാന്തര വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം സൗഹാർദ്ദപരം'; കെടി ജലീൽ

മലപ്പുറം: യുഡിഎഫ് ഭരണ കാലത്ത് മുസ്ലിങ്ങൾക്ക് ഇടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും കേന്ദ്ര സർക്കാരിന്റെയോ യുഡിഎഫിന്റെയോ തെറ്റായ നയങ്ങളിൽ സമുദായ സംഘടനകൾ ഒന്നും പ്രതികരിക്കുന്നില്ലെന്നും വിമർശിച്ച് മുൻ മന്ത്രി കെടി ജലീൽ. സമൂഹത്തെ വഴിനടത്തേണ്ട പണ്ഡിത സമൂഹം ലീഗിന്റെ തെറ്റുകൾക്കെല്ലാംകുട പിടിക്കുകയാണോയെന്ന ചോദ്യവും കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഉന്നയിച്ചു.

കെടി ജലീലിന്റെ വാക്കുകൾ

സമൂഹത്തെ വഴിനടത്തേണ്ട പണ്ഡിത സമൂഹം ലീഗിന്റെ തെറ്റുകൾക്കെല്ലാംകുട പിടിക്കുകയാണോ? വഖഫ് ബോർഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് വിളിച്ചു കൂട്ടിയ മുസ്ലിം സമുദായ സംഘടനകളുടെ യോഗതീരുമാനം വായിച്ചപ്പോൾ തോന്നിയ സംശയമാണ്. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടത് നല്ല കാര്യം. അതോടൊപ്പം ആവശ്യപ്പെടേണ്ട മറ്റുചിലത് കൂടി ഉണ്ടായിരുന്നു. അതു പക്ഷെ ചർച്ച ചെയ്തതായി കണ്ടില്ല.

kt jaleel

ഗ്യാനേഷ് കുമാറിലൂടെ പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളെ മോദി കയ്യടക്കിയ പോലെ കേരളത്തിലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൻ്റെ നിയന്ത്രണം, സംഘ് പരിവാറിന് കൂടി പങ്കുവെക്കാൻ ലക്ഷ്യമിട്ട് ലീഗിൻ്റെ വകുപ്പിൽ നിയമിതനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ശേഷാദ്രിനാഥനെന്ന ആർ.എസ്.എസ് അനുകൂലിയുടെ രാജി എന്തേ മുസ്ലിം സംഘടനകൾ ആവശ്യപ്പെടാതിരുന്നത്?

LDF ഭരണ കാലത്ത് പി.എം ശ്രീക്കെതിരെ ഉറഞ്ഞുതുള്ളിയ ലീഗാശ്രിത മതസംഘടനകൾ, UDF ഭരണത്തിൽ പി.എംശ്രീ ഒരു കാരണവശാലും നടപ്പിലാക്കരുത് എന്നു പറയാൻ എന്തേ ധൈര്യം കാണിച്ചില്ല?

251 ശതമാനത്തിൽ നിന്ന് 121 ശതമാനമാക്കി വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ കളമൊരുക്കിയ കേരള സർക്കാരിൻ്റെ നയത്തിനെതിരെ ഒരു വരി പോലും യോഗതീരുമാനങ്ങളിൽ ഉണ്ടാവാതിരുന്നതിന്, എന്തുന്യായമാണ് ലീഗ് സ്പോൺസേഡ് മതസംഘടനാ നേതാക്കൾക്ക് പറയാനുള്ളത്?

കേരളത്തിലെ സർവകലാശാലകളുടെ പഠനബോർഡുകളിൽ ചരിത്രത്തിൽ ആദ്യമായ നിരവധി ആർ.എസ്.എസ് അനുകൂലികളെ കുത്തിനിറച്ചതിനെതിരെ ഒരക്ഷരം ഉരിയാടാൻ, ലീഗ് നിയന്ത്രിത മതസംഘടനകൾക്ക് എന്തേ സാദ്ധ്യമാകാതെ പോയി?

ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന പ്ലാനിംഗ് ബോർഡിൽ മുസ്ലിം-ദളിത്-ഒ.ബി.സി പ്രാതിനിധ്യം ഇല്ലെന്നും, ഗവ: പ്ലീഡർമാരെ നിയമിച്ചപ്പോൾ സംവരണ തത്വത്തിൻ്റെ നാലിലൊന്ന് പോലും UDF സർക്കാർ പാലിച്ചില്ലെന്നുമുള്ള ഗൗരവതരമായ വിഷയം, ലീഗ് വിരിച്ച "അർഷിൻ്റെ" തണൽ കിട്ടിയ മത സംഘടനകൾ, എന്തുകൊണ്ടാണ് ചർച്ചക്കെടുക്കാതിരുന്നത്!

പിണറായി സർക്കാർ ജീവപര്യന്തം തടവിന് ശിക്ഷ വാങ്ങിക്കൊടുത്ത് ജയിലിലടച്ച, "പാലത്തായി" പീഢന കേസിലെ ആർ.എസ്.എസുകാരനായ പ്രതിക്ക് ജാമ്യവും ശിക്ഷക്ക് സ്റ്റേയും കിട്ടാൻ അവസരമൊരുക്കിയ സർക്കാർ വക്കീലൻമാരുടെ കുറ്റകരമായ കൃത്യവിലോപത്തിനെതിരെ ഒരക്ഷരം മിണ്ടാതെ, ചായയും അണ്ടിപ്പരിപ്പും കഴിച്ച് പിരിയാൻ ഹേ സമുദായ നേതാക്കളേ നിങ്ങൾക്കെങ്ങിനെ കഴിഞ്ഞു?

മാടത്തായി പള്ളിയുടെ അകത്ത് ഷൂസിട്ട് പോലീസ് കയറി ആരാധനാലയം മലിനമാക്കി, വിശ്വാസികളെ തല്ലിയോടിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വരി പോലും അമർഷം രേഖപ്പെടുത്താതെ പിരിഞ്ഞ യോഗം, ലീഗിനുള്ള "മസാജ് ചികിൽസ"യാക്കി മാറ്റിയ സമുദായ നേതാക്കൾ മികച്ച "ഉഴിച്ചിൽ വിദഗ്ധൻമാരാ"ണെന്ന് തെളിയിക്കുകയല്ലേ ചെയ്തത്?

"വന്ദേമാതരം'' പാടൽ പതിവാക്കുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണമെന്ന് ലീഗ് നേതാക്കളുടെ മുഖത്തു നോക്കി അഭിപ്രായപ്പെടാൻ സമുദായ നേതാക്കൾക്ക് എന്തേ "നാക്ക്'' പൊങ്ങിയില്ല?

LDF ഭരിച്ച പത്തു കൊല്ലം എല്ലാ ന്യൂനപക്ഷ ബോർഡുകളിലും സമിതികളിലും കമ്മീഷനുകളിലും മുസ്ലിംസമുദായത്തിലെ എല്ലാ സംഘടനകൾക്കും പ്രാതിനിധ്യമുണ്ടായിരുന്നു. പിരിച്ചുവിട്ട വഖഫ് ബോർഡിൽ ഔദ്യോഗിക മുജാഹിദ് സംഘടനയുടെ (KNM) സംസ്ഥാന ട്രഷറർ മുഹമ്മദ് നൂർഷാ അംഗമായിരുന്നു. അതിനു മുമ്പത്തേതിൽ സലഫീ ആശയക്കാരനായ രാജ്യസഭാംഗം അബ്ദുൽ വഹാബ് പ്രതിനിധിയായിരുന്നു.

ഇരു സമസ്തകൾക്കും പ്രാതിനിദ്ധ്യം ഉണ്ടായിരുന്നു. ദക്ഷിണ കേരള സുന്നികൾക്ക് അംഗത്വമുണ്ടായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനപിന്തുണയുള്ള മുസ്ലിം മതസംഘയാണ് എ.പി സമസ്ത വിഭാഗം. അവരെ പാടെ മാറ്റിനിർത്തിയാണ് പുതിയ വഖഫ് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. തികച്ചും അന്യായമാണത്. ഇ.കെ സമസ്തയുടെ അംഗത്തെ LDF നിശ്ചയിച്ചത് സംഘടയുടെ അഭിപ്രായം തേടിയാണ്. അല്ലാതെ തന്നിഷ്ടപ്രകാരമല്ല.

ഭരണ നേതൃത്വത്തിനു മുന്നിൽ ഒരിക്കലും കുനിയാത്ത നട്ടെല്ലോടെ നിലപാടിലുറച്ച് "സമസ്ത" എന്ന മഹാപ്രസ്ഥാനം ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും വാലല്ലെന്ന് തൻ്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മാലോകരെ ബോദ്ധ്യപ്പെടുത്തിയ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ "കൊച്ചാക്കി" ഉണ്ടാക്കിയ വഖഫ് ബോർഡിന് അൽപ്പായുസ്സേ ഉണ്ടാകൂ. കാത്തിരുന്നോളൂ.

പിണറായി ഭരിച്ച പത്തുവർഷം മുസ്ലിങ്ങളിലെ അവാന്തര വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നു. UDF കാലമെത്തിയപ്പോൾ അടിയും പിടിയും വാക്കേറ്റങ്ങളും വെട്ടിപ്പിടിക്കലുകളും ഏറ്റുമുട്ടലുകളും പുനരാരംഭിച്ചിരിക്കുന്നു. ലീഗിന് വേണ്ടത് മുട്ടിലിഴയുന്ന ആശ്രിതൻമാരെയാണ്. അഭിമാന ബോധമുള്ള പണ്ഡിത നേതൃത്വത്തെയല്ല. സമസ്ത മുശാവറയിൽ അംഗത്വം കിട്ടാത്തതിന്, ഒരു പദവിയും ആഗ്രഹിക്കാത്ത ജിഫ്രിതങ്ങളോട് "അരിശം" തീർത്തിട്ട് എന്തുകാര്യം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma