Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടേത് ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനം, കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിച്ചു; കെടി ജലീൽ

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി ഡോ. കെടി ജലീൽ. വെള്ളാപ്പള്ളിയോട് വിഷയത്തിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെടി ജലീലിന്റെ പ്രതികരണം. 'മലപ്പുറം പ്രത്യേക രാജ്യം. ചില പ്രത്യേക ആളുകളുടെ സംസ്ഥാനം' എന്ന പ്രസ്‌താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാധ്യതയുണ്ടെന്നാണ് കെടി ജലീൽ പറയുന്നത്.

കഠിനാധ്വാനത്തിലൂടെ ഉയർന്ന്, സാമൂഹ്യ രംഗത്ത് പ്രശസ്‌തനായ വ്യക്തിയെന്ന നിലയിലും ലക്ഷക്കണക്കിന് അനുയായികളുള്ള എസ്എൻഡിപി യുടെ സമുന്നത നേതാവെന്ന നിലയിലും എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളിയുടേതെന്നും ഈ നിലകളിലെല്ലാം അറിയപ്പെടുന്ന അദ്ദേഹത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്ന വാചകങ്ങളാണ് ഇതെന്നുമാണ് കെടി ജലീൽ ചൂണ്ടിക്കാണിക്കുന്നത്.

ktjaleelvellappallynateshan

ജനസംഘത്തിന്റെ പഴയ മുദ്രാവാക്യത്തോടാണ് കെടി ജലീൽ വെള്ളാപ്പള്ളിയുടെ വാക്കുകൾ ഉപമിച്ചത്. 1967ൽ അന്നത്തെ ഇഎംഎസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെതിരെ ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും കോൺഗ്രസും എരിതീയിൽ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകർന്നുവെന്നുമാണ് മുൻമന്ത്രി കൂടിയായ ജലീൽ ആരോപിക്കുന്നത്.

വെള്ളാപ്പള്ളിക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? എന്നും കെടി ജലീൽ ചോദിക്കുകയുണ്ടായി. മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ. അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്നും ജലീൽ പറയുന്നു.

മുസ്ലീം ലീഗിനെതിരെയും കെടി ജലീൽ ആഞ്ഞടിച്ചു. ലീഗിലെ ഏഴാംകൂലികളായ മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബിനെ പോലുള്ളവരുടെ പ്രതികരണങ്ങൾ വെള്ളാപ്പള്ളി നടേശൻ അവഗണിക്കണമെന്നും പിസി ജോർജെന്ന വർഗ്ഗീയക്കോമരത്തോടാണ് താങ്കളെ അബ്‌ദുറബ്ബ് ഉദാഹരിച്ചിരിക്കുന്നതെന്നും കെടി ജലീൽ പറഞ്ഞു.

അങ്ങയെപ്പോലെയുള്ള ഒരു നേതാവിൽ നിന്ന് ഈ പ്രസ്‌താവനയിലെ ചില വാക്കുകൾ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിന്റേത്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെടി ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

കെടി ജലീൽ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട വെള്ളാപ്പള്ളി സാറിന്, ക്ഷേമം നേരുന്നു. ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ അമരക്കാരനാണ് താങ്കൾ. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ. കഠിനാധ്വാനത്തിലൂടെ ഉയർന്ന്, സാമൂഹ്യ രംഗത്ത് പ്രശസ്തനായ വ്യക്തി. ലക്ഷക്കണക്കിന് അനുയായികളുള്ള എസ്.എൻ.ഡി.പി യുടെ സമുന്നത നേതാവ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം. ഈ നിലകളിലെല്ലാം അറിയപ്പെടുന്ന താങ്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്ന വാചകങ്ങളാണ്, അങ്ങയുടേത് എന്ന പേരിൽ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം" എന്ന് താങ്കൾ പ്രസ്താവന നടത്തിയതായാണ് 'റിപ്പോർട്ടർ' ടി.വി വാർത്ത നൽകിയിരിക്കുന്നത്. ഞാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്, കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വി.സിയായി ഡോ: മുബാറക് പാഷയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന താങ്കൾ നടത്തിയത്.

രണ്ട് വർഷം മുമ്പ് താങ്കളുടെ വീട്ടിലെത്തി വിശദമായി നമ്മൾ അതേക്കുറിച്ച് സംസാരിച്ചു. വസ്തുത മനസ്സിലായപ്പോൾ പരസ്യമായിത്തന്നെ പിശക് തിരുത്തി. അന്ന് അങ്ങ് കാണിച്ച ആതിഥ്യമര്യാദ ഒരിക്കലും മറക്കില്ല. അങ്ങയുടെ തെറ്റിദ്ധാരണ മാറുകയും, അക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. തീർച്ചയായും താങ്കൾ കാണിച്ച മാതൃക അനുകരണീയമാണ്.

ഏറ്റവുമവസാനം തിരുവനന്തപുരത്ത് വെച്ച് ഇഫ്താറിൽ കണ്ടുമുട്ടിയപ്പോഴും നമ്മൾ സൗഹൃദം പങ്കിട്ടത് ഓർക്കുന്നുണ്ടാകുമല്ലോ? മലപ്പുറത്തെ കുറിച്ച് അങ്ങ് നടത്തിയ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാധ്യതയുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. 1967-ലെ ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെതിരെ ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് താങ്കളുടെ വാക്കുകൾ. കോൺഗ്രസ്സും എരിതീയിൽ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകർന്നു. അങ്ങയെപ്പോലെ ഒരു നേതാവിൽ നിന്ന് താങ്കൾ നടത്തിയ പ്രസ്താവനയിലെ ചില വാക്കുകൾ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിൻ്റേത്.

താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ. അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറും. അങ്ങൊരു ശുദ്ധ പ്രകൃതക്കാരനാണ്. പറ്റിയ പിശക് തിരുത്താൻ താങ്കൾ മടി കാണിക്കാത്ത ആളാണെന്നത് എൻ്റെ നേരനുഭവമാണ്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്ന് എനിക്കുറപ്പാണ്.

മുസ്ലിംലീഗിലെ ഏഴാംകൂലികളായ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പോലുള്ളവരുടെ പ്രതികരണങ്ങൾ താങ്കൾ അവഗണിക്കുക. പി.സി ജോർജെന്ന വർഗ്ഗീയക്കോമരത്തോടാണ് താങ്കളെ അദ്ദേഹം ഉദാഹരിച്ചിരിക്കുന്നത്. എന്നെയും ആ ഗണത്തിലാണ് വിവരമില്ലായ്മയുടെ ആൾരൂപം ചേർത്തു വെച്ചിരിക്കുന്നത്. ലീഗിന് പോലും വേണ്ടാത്ത മുടക്കാ ചരക്കുകളുടെ പദ പ്രയോഗങ്ങളെ ആ നിലക്ക് കണ്ടാൽ മതി. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളോ, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ താങ്കൾ ഗൗനിക്കേണ്ടതുള്ളൂ. മലപ്പുറത്തുകാരെ വേദനിപ്പിച്ച താങ്കളുടെ പ്രസംഗഭാഗം അങ്ങ് തിരുത്തുമെന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം
ഡോ:കെ.ടി.ജലീൽ

അതേസമയം, മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. തൊഴിലുറപ്പുണ്ടായിരിക്കും. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്കവിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം വെള്ളാപ്പള്ളി നടേശനെതിരെ വ്യാപകമായി വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്. അതിനിടെ വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് എഐവൈഎഫ്. എടക്കര പോലീസിലാണ് എഐവൈഎഫ് പരാതി നൽകിയിരിക്കുന്നത്.

ലീഗ് നേതാക്കൾ കടുത്ത വിമർശനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്‌താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പികെ ബഷീര്‍ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. മലപ്പുറത്തുകാര്‍ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോഴിക്കോട് ഓടയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിച്ച സംഭവത്തിലും വെള്ളാപ്പള്ളി നടേശൻ സമാനമായ രീതിയിൽ വിദ്വേഷ പരാമർശം നടത്തിയിരുന്നു. നൗഷാദിന്റെ കുടുംബത്തിന് ജോലി നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ മോശം പരാമർശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+