'സഖാക്കൻമാരുടെ യാത്ര വിമാനത്തിലാണോ? ഏത് റോഡിലൂടെയാണ് ഇവർ നടക്കുന്നത്'; ബിന്ദു കൃഷ്ണ
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനെതിരെ വലിയ ബഹിഷ്കരണ ക്യാമ്പെയ്ൻ നടക്കുകയാണ്. സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ച ഒരു വാചകമാണ് ചിലരെ ചൊടിപ്പിച്ചത്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകമാണ് വിവാദത്തിന് കാരണമായത്.
ഇപ്പോഴിതാ വിവാദത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കൊല്ലത്ത് രണ്ട് തിയേറ്ററുകളിലാണ് ന്നാ താൻ കേസ് കൊട് ചലച്ചിത്രം പ്രദർശനം നടത്തുന്നത് എന്നാണ് അറിയുന്നത്.
കടപ്പാക്കട ധന്യാ തിയേറ്ററിലും, ബസ് സ്റ്റാൻഡിന് സമീപം ആർ.പി മാളിലെ കാർണിവലിലും.കൊല്ലം ഡിസിസി ഓഫീസ് മന്ദിരത്തിൽ നിന്നും ഈ രണ്ട് തിയേറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട് എന്ന് മാത്രമല്ല, മഴകൂടിയായിക്കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശ്ശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനം'.

'റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തിയേറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കളക്ട്രേറ്റിന് ചുറ്റിനും, കൊല്ലം കോർപ്പറേഷന് മുന്നിലും കുഴികളുടെ ഘോഷയാത്രയാണ്. എന്തിന് ഏറെ പറയുന്നു പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും, വർഷങ്ങളുമൊക്കെ പിന്നിടുകയാണ്'.

'ഇത് കൊല്ലം നഗരത്തിലെ യാഥാർത്ഥ കാഴ്ചയാണ്. ഓരോ പൗരനും കണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ദൈനം ദിനം ഇവിടെയെല്ലാം നടക്കുന്ന അപകടങ്ങൾക്ക് കണക്കുമില്ല. ഈ റോഡുകളിൽക്കൂടി കാൽനട യാത്ര ചെയ്യാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇത് കൊല്ലം പട്ടണത്തിലെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തുടനീളമുള്ള ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി വരെ ഈ വിഷയത്തിൽ വിമർശനം നടത്തിയിട്ടുള്ളതുമാണ്'.

'ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിന് വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏത് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത്. അതോ സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ...?', പോസ്റ്റിൽ ബിന്ദു കൃഷ്ണ കുറിച്ചു.

വിഷയത്തിൽ എം എൽഎ മാരായ ഷാഫി പറമ്പിലും ടി സിദ്ധിഖും രംഗത്തെത്തിയിട്ടുണ്ട്.ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെയെന്ന പരിഹാസമായിരുന്നു ഷാഫി പറമ്പിൽ ഉയർത്തിയത്. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാർട്ടി ക്ലാസ്സുമുണ്ടാവുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ പരസ്യം ഇഷ്ടപ്പെട്ടില്ലേൽ പോയ് കേസ് കൊടുക്ക് എന്നായിരുന്നു ടി സിദ്ധിഖ് എം എൽ എയുടെ ഫേസ്ബുക്ക് കുറിപ്പ്. .












Click it and Unblock the Notifications