കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് നാടിന്റെ അന്ത്യാഞ്ജലി; ഏഴ് പേരുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
തിരുവനന്തപുരം: കുവൈത്തിലെ മംഗഫിൽ നടന്ന തീപിടുത്തത്തിൽ ജീവൻ നഷ്‌ടമായ മലയാളികളുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരുപറ്റം ആളുകളുടെ മുൻപിലേക്കാണ് ഇന്ന് അവരുടെ ചേതനയറ്റ ശരീരം വന്നെത്തിയത്.
തൃശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശികളായ സുമേഷ്, ഷമീർ, മലപ്പുറം സ്വദേശികളായ നൂഹ്, ബാഹുലേയൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, നെടുമങ്ങാട് സ്വദേശി അരുൺ എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. അഞ്ച് പേരുടെ കൂടി സംസ്‌കാര ചടങ്ങുകൾ ഇന്ന് പൂർത്തിയാവും എന്നാണ് അറിയിച്ചിട്ടുള്ളത്.

നെടുമങ്ങാട് സ്വദേശി അരുൺ ബാബുവിന്റെ സംസ്‌കാരം അദ്ദേഹം പുതുതായി പണികഴിപ്പിച്ചു കൊണ്ടിരുന്ന വീട്ടുവളപ്പിലായിരുന്നു നടന്നത്. മൃതദേഹം ആദ്യം പൂവത്തൂരിലെ ഭാര്യവീട്ടിൽ എത്തിച്ചിരുന്നു, പിന്നീട് ഉഴമലയ്ക്കലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ ജനസഞ്ചയമാണ് തടിച്ചുകൂടിയത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്‌ണൻ, കാസർകോട് ചെർക്കള സ്വദേശി കെ രഞ്ജിത്ത്, കാസർഗോഡ് സ്വദേശി കേളു എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.
കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു) , പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ, തുടങ്ങിയവരുടെ സംസ്‌കാരം ശനിയാഴ്‌ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്‌ച വൈകീട്ട് മൂന്നിനാണ് തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മന്റെ മൃതദേഹം സംസ്‌കരിക്കുക.
പത്തനംതിട്ട സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്‌റ്റെഫിൻ ഏബ്രഹാം സാബുവിന്റെയും (29) മൃതദേഹങ്ങൾ തിങ്കളാഴ്‌ച സംസ്‌കരിക്കും. ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്റെ (ബിജു-53) സംസ്‌കാരച്ചടങ്ങുകൾ ചൊവ്വാഴ്‌ച നടക്കും.
45 ഇന്ത്യക്കാരുടെ മൃതദേഹവുമായി കുവൈത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ പത്തരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്, ഇതിൽ 24 മലയാളികളുടെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്.
കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാംഗങ്ങൾ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ മൃതദേഹത്തിൽ ആദരമർപ്പിച്ചു. മൃതദേഹങ്ങൾ പ്രത്യേകം ആംബുലൻസുകളിൽ പോലീസ് അകമ്പടിയോടെയാണ് വീടുകളിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications