പത്മജ കാരണമാണ് സോണിയയും കരുണാകരനും അകന്നതെന്ന് കെവി തോമസ്; 'സീറ്റിന് മുൻകൈ എടുത്തില്ല'
തിരുവനന്തപുരം: കെ കരുണാകരനും സോണിയാ ഗാന്ധിയും തമ്മിലുണ്ടായ അകൽച്ചയിൽ വിവാദ വെളിപ്പെടുത്തലുമായി കെവി തോമസ് രംഗത്ത്. 2001ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ തീരുമാനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് കെവി തോമസ് കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന തന്റെ ഏറ്റവും പുതിയ പുസ്‌തകത്തിൽ ആരോപിക്കുന്നത്.
ആ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ മത്സരിക്കണമെന്ന് കരുണാകരൻ ആഗ്രഹിച്ചതായി തോമസ് പറയുന്നു. എന്നാൽ, സോണിയാ ഗാന്ധി ഈ നിർദ്ദേശത്തോട് യോജിച്ചില്ല. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പത്മജയുടെ പേര് സോണിയ നീക്കം ചെയ്‌തതിനെത്തുടർന്ന്, കരുണാകരൻ പല ചർച്ചകളിൽ നിന്നും ഇറങ്ങിപ്പോയെന്നും കെവി തോമസ് പുസ്‌തകത്തിൽ പറയുന്നു.

പത്മജയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സോണിയാ ഗാന്ധിയുമായി സംസാരിക്കേണ്ടി വന്ന സന്ദർഭവും കെവി തോമസ് ഓർത്തെടുക്കുന്നുണ്ട്. കൂടിക്കാഴ്‌ചയിൽ സോണിയ ദേഷ്യപ്പെടുകയും, കാര്യങ്ങൾ പിൻവാതിലിലൂടെ നീക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്‌തു. ഈ സംഭവം സോണിയാ ഗാന്ധിയും മുതിർന്ന നേതാവായ കരുണാകരനും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു.
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ കടുത്ത ചർച്ചകളെക്കുറിച്ചും തോമസ് വിവരിക്കുന്നു. പത്മജയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കരുണാകരൻ പലതവണ യോഗങ്ങളിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ചർച്ചകൾ വഴിമുട്ടിയപ്പോൾ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും വിഷയത്തിൽ ഇടപെട്ടു. പ്രശ്‌നം പരിഹരിക്കാൻ തന്റെ സഹായം അവർ അഭ്യർത്ഥിച്ചു. പിൻവാതിൽ വഴിയുള്ള നീക്കങ്ങൾ എന്തിനെന്ന് സോണിയ ഗാന്ധി ചോദിച്ചതായും കെവി തോമസ് പറയുന്നുണ്ട്.
ഈ വാക്പോര് ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിലെ വിടവ് കൂടുതൽ ആഴത്തിലാക്കിയെന്ന് തോമസ് വ്യക്തമാക്കി. കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയത് സോണിയയ്ക്ക് താൽപര്യമില്ലാതെ ആയിരുന്നു. പിന്നീട് മന്ത്രിസഭയുടെ മുന്നോട്ടുപോക്കിന് വേണ്ടി വഴങ്ങുകയായിരുന്നു. ഹൈക്കമാൻഡിനെ എതിർത്ത് കോടോത്ത് ഗോവിന്ദൻ നായരെ സ്ഥാനാർത്ഥിയാക്കിയതും ചൊടിപ്പിച്ചെന്ന് പുസ്‌തകത്തിൽ പറയുന്നു.
അതേസമയം, കെവി തോമസിന്റെ പുസ്‌തകത്തിലെ വെളിപ്പെടുത്തലുകളെ പത്മജ വേണുഗോപാൽ തള്ളിപ്പറഞ്ഞു. അദ്ദേഹം എഴുതിയ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അവർ വ്യക്തമാക്കി. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെ സോണിയ എതിർത്തു എന്ന വാദവും പത്മജ നിഷേധിച്ചു. കെ കരുണാകരൻ ദുർബലനായപ്പോൾ കെവി തോമസ് എകെ ആന്റണിയുടെ പക്ഷത്തേക്ക് മാറിയെന്നും ആരോപിച്ചു.
കരുണാകരനെ കെവി തോമസ് വഞ്ചിച്ചുവെന്നാണ് പത്മജയുടെ ആരോപണം. പിന്നീട് പിണറായി വിജയന്റെ അടുത്തേക്കും അദ്ദേഹം ചേക്കേറിയെന്ന് അവർ കൂട്ടിച്ചേർത്തു. നിരവധി നുണകൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് കെവി തോമസ് എന്നും, അദ്ദേഹത്തിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നും പത്മജ തുറന്നടിച്ചു. ആരോപണങ്ങൾ തനിക്ക് വലിയ വേദനയുണ്ടായെന്നും താനൊരിക്കലും പ്രശ്‌നങ്ങൾക്ക് കാരണമായിട്ടില്ലെന്നും അവർ പറയുന്നു.












Click it and Unblock the Notifications