പിണറായി വിജയനെ പുകഴ്ത്തി കെവി തോമസ്, 'പിണറായി മികച്ച മുഖ്യമന്ത്രി, തീരുമാനമെടുത്താൽ നടപ്പിലാക്കും'
കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍ ആണെന്നാണ് കെവി തോമസിന്റെ പ്രതികരണം. താന്‍ കണ്ട ശക്തരായ രണ്ട് നേതാക്കള്‍ കെ കരുണാകരനും പിണറായി വിജയനുമാണ്. തീരുമാനമെടുത്താന്‍ നടപ്പിലാക്കുന്ന കരുണാകരനെ പോലെ തന്നെയാണ് പിണറായിയും എന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.
''കേരളത്തിന് നിരവധി സാധ്യതകള്‍ ആണുളളത്. വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണ്. ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇന്നും കേരളത്തിലെ ദേശീയ പാതകള്‍ കടന്ന് പോകുന്നത്. ഇക്കാര്യത്തിലൊക്കെ മാറ്റം വരണം. വികസന കാര്യത്തില്‍ പരസ്പരം ഏറ്റുമുട്ടാതെ രാഷ്ട്രീയം മാറ്റി വെയ്ക്കണം. കേരളം വികസിക്കുകയും വളരുകയും വേണം. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം'' എന്നും കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കെവി തോമസ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയേക്കുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയുളള പരാമര്‍ശം എന്നുളളത് ശ്രദ്ധേയമാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. വിലക്ക് മറികടന്ന് ആരെങ്കിലും പങ്കെടുത്താല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്ത് ആയിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇത് വക വെയ്ക്കാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള കെവി തോമസിന്റെ നീക്കം. ഇതോടെ കെവി തോമസിന് എതിരെയുളള നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
തീരുമാനം വ്യക്തമാക്കാനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായാണ് കെവി തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഏതാനും വര്‍ഷങ്ങളായി വലിയ അവഗണനയാണ് താന്‍ നേരിടുന്നത് എന്ന് കെവി തോമസ് തുറന്നടിച്ചു. പ്രായത്തിന്റെ കാര്യം തനിക്ക് മാത്രം ബാധകമാകുന്നത് എങ്ങനെ ആണെന്ന് കെവി തോമസ് ചോദിച്ചു. താന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിക്ക് പുറത്തല്ല അകത്ത് തന്നെ ആണെന്നും കെവി തോമസ് പറഞ്ഞു. തന്നെ തിരുത തോമ എന്ന് വിളിച്ച് അപമാനിച്ചുവെന്നും കെവി തോമസ് പരാതിപ്പെട്ടു. താന്‍ പോകുന്നത് സിപിഎമ്മിന്റെ സെമിനാറിലേക്കാണ് അല്ലാതെ സിപിഎമ്മിലേക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കെവി തോമസും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള ഏറ്റുമുട്ടലാരംഭിച്ചത്.












Click it and Unblock the Notifications