ഷിരൂരിലെ മണ്ണിടിച്ചിൽ; ലഭിച്ചത് അർജുന്റെ ലോറിയുടെ സിഗ്നൽ അല്ല, വീണ്ടും റഡാർ പരിശോധന തുടരുന്നു
കാസർഗോഡ്: കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യഘട്ടത്തിൽ സിഗ്നലുകൾ ലഭിച്ചെങ്കിലും അത് അർജുൻ സഞ്ചരിച്ച ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഥലത്ത് വീണ്ടും റഡാർ പരിശോധന തുടരുകയാണ്. നാലാം മണിക്കൂറിലേക്കാണ് റഡാർ പരിശോധന നീളുന്നത്. ഇതുവരെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഇതോടെ തിരച്ചിൽ കൂടുതൽ ഊർജിതമാക്കുകയാണ്. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നടത്തി കൊണ്ടിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ ഇവർ റഡാർ പരിശോധന നടത്തി വരികയാണ്. ഇന്ന് രാവിലെ 6.30യോടെയാണ് അർജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും ഇവിടെ അടിഞ്ഞു കൂടിയിട്ടുണ്ട്. അതിനാൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിട്ടിരുന്നു. ഇവിടെ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തെരച്ചിൽ നടത്തുന്നുണ്ട്. ലോറി കണ്ടെത്തി സാഹചര്യത്തിൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങി വൻ സന്നാഹം സ്ഥലത്തുണ്ട്. കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘവും ഇവിടെ എത്തിയിരുന്നു. സ്ഥലം എസ്‌പിയും കളക്‌ടറും ഉൾപ്പെടെ കർണാടകയുടെ ഭാഗത്ത് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും സ്ഥലത്ത് തന്നെ തുടരുകയാണ്.
ഈ ചൊവാഴ്‌ച മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു നിന്നായിരുന്നു. ഇവിടെ നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിച്ചതും. മണ്ണ് ഇടിഞ്ഞുവീഴുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നതായാണ് വിവരം.
മണ്ണിടിഞ്ഞ് വീണപ്പോൾ അവിടെ ഉണ്ടായിരുന്ന വാഹനങ്ങളും ആളുകളും ഉൾപ്പെടെ അടുത്തുള്ള നദിയിലേക്ക് ഒലിച്ചു പോയിരുന്നു. അവിടെ ഉണ്ടായിരുന്ന ചായക്കട ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്‌നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ ഇടപെടലോ രക്ഷാപ്രവർത്തനമോ മേഖലയിൽ നടന്നിരുന്നില്ല. തുടർന്ന് അർജുന്റെ കുടുംബത്തിന്റെ പരാതിയ്ക്ക് പിന്നാലെ കർണാടക സർക്കാർ ഇടപെടുകയായിരുന്നു. പിന്നീട് കേരളവും വിഷയത്തിൽ അടിയന്തര നടപടി തേടിയിരുന്നു. അങ്ങനെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്.












Click it and Unblock the Notifications