'പിണറായി ഉരുക്ക് ടാ..'; സതീശന് ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ: ഇപി ജയരാജന്‍
കോഴിക്കോട്: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താന്‍ കേമനും ആണ് എന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉഗ്രമൂര്‍ത്തിയായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വി ഡി സതീശനൊപ്പം കെ. സുധാകരനും കൂടി ചേര്‍ന്നപ്പോള്‍ നല്ല ജോഡിയായി എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം എന്നും എന്നാല്‍ നല്ലവണ്ണം ആലോചിച്ച് കളിച്ചാല്‍ മതി എന്നും ഇ പി ജയരാജന്‍ കോണ്‍ഗ്രസ് നേതാക്കളോടായി പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു ഡി എഫ്-സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ എന്ന മുദ്രാവാക്യവുമായി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എല്‍ ഡി എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

ഇപ്പോഴുള്ളത് പഴയ കോണ്‍ഗ്രസ് അല്ല എന്നും കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാര്‍ട്ടിയാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇപ്പോഴുള്ളത് ക്രിമിനല്‍ സംഘമാണ്, ഗുണ്ടാ കോണ്‍ഗ്രസാണ് ഇത് എന്നും ഇ പി ജയരാജന്‍ ആരോപിച്ചു. രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വര്‍ണം കടത്തി എന്ന് കോടതിയില്‍ മൊഴി നല്‍കിയ ഒരു സ്ത്രീയെ ആണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ട് പിടിച്ചിരിക്കുന്നത് എന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

സോണിയാ ഗാന്ധിക്ക് പകരം അവരുടെ ഫോട്ടോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ തകര്‍ക്കാന്‍ ചെമ്പുമായി വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും വി ഡി സതീശന് ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ എന്നും ഇ പി ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കെ കരുണാകരന്‍ ലീഡറാണ്. അവിടെ എത്താന്‍ വി ഡി സതീശന്‍ കുറെ കാലം പിടിക്കും എന്നും പിണറായി വിജയന്‍ ഇരുമ്പല്ല, ഉരുക്കാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പിണറായി വിജയന്‍ നടന്ന് പോയ വഴിയിലൂടെ പോവാന്‍ വി ഡി സതീശന്‍ അഞ്ച് തവണ ജനിച്ചിട്ട് വരേണ്ടി വരും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പരിപാടിയുടെ അധ്യക്ഷനായിരുന്നു.

ബിനോയ് വിശ്വം എം.പി., മുക്കം മുഹമ്മദ്, പി.എം. സുരേഷ്ബാബു, സി.കെ. നാണു, മനയത്ത് ചന്ദ്രന്‍, ജോയ്‌സ് പുത്തന്‍പുര, എ.ജെ. ജോസഫ്, സാലി കൂടത്തായി, നൈസ് മാത്യു എന്നിവരും പരിപാടിയില്‍ സംസാരിച്ചു. നേരത്തേയും മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി കോണ്‍ഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നത് മനസ്സിലാക്കിയാല്‍ നല്ലത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഗുണ്ടായിസം അവസാനിപ്പിച്ച് അക്രമങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. സമാധാനം ഉറപ്പുവരുത്താന്‍ ജനങ്ങളുടെ സര്‍ക്കാരും പൊതുസമൂഹവും നിര്‍ബന്ധിതരാകും എന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications