ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം, ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും വേദിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അവഗണനയ്‌ക്കെതിരെ കനത്ത വിമര്‍ശനവുമായി കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധത്തിന് തുടക്കം. പ്രതിപക്ഷ നിരയില്‍ നിന്ന് നിരവധി പാര്‍ട്ടികളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പ്രതിഷേധ വേദിയിലെത്തി. കൂടുതല്‍ ദേശീയ നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, ആംആദ്മി പാര്‍ട്ടി പോലുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലാണ് പ്രതിഷേധം ആരംഭിച്ചത്. കേരള ഹൗസില്‍ നിന്ന് കാല്‍നടയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങളും എംപിമാരും എംഎല്‍എമാരും ജന്തര്‍മന്ദറിലെ വേദിയിലെത്തിയത്.

അതേസമയം പ്രതിഷേധ ബാനറിന് പിന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അണിനിരന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, ഡിഎംകെ മന്ത്രി ത്യാഗരാജന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്നിവരെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍ജെഡി, എന്‍സിപി, ജെഎംഎം, എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാവും.
ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളോട് ലാളനയും മറ്റുള്ളവരോട് അവഗണനയും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം. പ്രസംഗത്തിലുടനീളം യൂണിയന്‍ സര്‍ക്കാര്‍ എന്ന പ്രയോഗമാണ് കേന്ദ്രത്തിനെതിരെ പിണറായി ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്ത് വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്ര നടപടികളിലൂടെ വികലമാവുകയാണ്. സംസ്ഥാന അവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാനാവില്ല. സംസ്ഥാനം ഇതൊന്നും അനുവദിച്ച് നല്‍കില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.
കേരളത്തിന്റെ ജിഎസ്ടി വിഹിതം അടക്കം കേന്ദ്രം വൈകിപ്പിക്കുകയാണ്. ഏകപക്ഷീയമായി ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുറഞ്ഞ് വരികയാണ്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നതാണ് കാണുന്നത്. നേട്ടത്തിന് ശിക്ഷ ലഭിക്കുന്ന ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ 7490 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനമുണ്ടായി. റബര്‍ വില സ്ഥിരത കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ല. കേരളത്തിന്റെ ആവശ്യങ്ങളും അവഗണിച്ചു. കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications