കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കൂടി വരികയാണ്. മുന്നണികൾ എല്ലാം തന്നെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ്. പല പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. വരുന്ന ദിവസങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുമെന്നും വോട്ടെടുപ്പ്, ഫലപ്രഖ്യാപന തീയതികൾ കമ്മീഷൻ അറിയിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
പറഞ്ഞുവന്നത് തിരഞ്ഞെടുപ്പ് കാലത്തെ കുറിച്ചാണ്, അവിടെ പ്രകടന പത്രികയ്ക്ക് വലിയ സ്വാധീനമുണ്ട്. വോട്ടർമാരെ, സാധാരണക്കാരായ ആളുകളെ എത്ര കണ്ട് പോളിങ് ബൂത്തിലേക്ക് എത്തിക്കാൻ കഴിയുമോ അതിന്റെ അങ്ങേയറ്റത്തിനായി ശ്രമിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ അതിനായി കോൺഗ്രസ് അടുത്തിടെ ചില ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

കേരളത്തിന്റെ മുഖമായ കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര എന്നതായിരുന്നു കോൺഗ്രസ് മുന്നോട്ട് വച്ച ആശയം. ഇപ്പോഴിതാ ഇതേ പാത പിന്തുടരുകയാണ് സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിയും എന്നാണ് വിവരം. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ നിർദ്ദേശം വന്നിരുന്നു എന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജനുവരി 3ന് ചേർന്ന സമ്പൂർണ ആസൂത്രണ ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്‌തു എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 65 കഴിഞ്ഞവർക്കെല്ലാം സ്ത്രീ-പുരുഷ ഭേദമില്ലാതെ പൊതുഗതാഗത സംവിധാനത്തിൽ സൗജന്യയാത്ര അനുവദിക്കാമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നിരുന്നു.
ഇതിനൊപ്പമാണ് സ്ത്രീകൾക്ക് സൗജന്യ യാത്രയും യോഗത്തിൽ ആവശ്യമായി ഉന്നയിക്കപ്പെട്ടത്. വിദേശത്തുള്ളതിന് സമാനമായി ഫ്രീഡം ട്രാവൽ പാസ് എന്ന നിലയിൽ പദ്ധതി നടപ്പാക്കാമെന്നായിരുന്നു പ്രധാനമായും ഉയർന്ന അഭിപ്രായം. മുൻപ് വിഷയത്തിൽ ഇടഞ്ഞു നിന്നിരുന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അൽപ്പം അയഞ്ഞതായും പദ്ധതിയിൽ താൽപര്യം കാട്ടിയതായും പറയപ്പെടുന്നു.
ഇതോടെയാണ് വരാനിരിക്കുന്ന പ്രകടന പത്രികയിൽ ഈ വാഗ്‌ദാനം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ശക്തമാവുന്നത്. എന്നാൽ നിരവധി കടമ്പകൾ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിലുണ്ട്. അടുത്തകാലത്തായി മെച്ചപ്പെട്ട് വന്ന കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിക്ക് തീരുമാനം തിരിച്ചടിയാവുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇത് തന്നെയാണ് ഗണേഷ് കുമാറിനെ പിന്നോട്ട് വലിക്കുന്ന ഘടകം. മുൻപ് ശമ്പളം പോലും വൈകി ലഭിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് കൃത്യമായി മാസം ആദ്യം ശമ്പളം ലഭിക്കുന്ന നിലയിലേക്ക് മാറ്റിയ മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാറിന്റെ അഭിപ്രായം ഇടത് മുന്നണി പൂർണമായി തള്ളി കളയില്ല. എങ്കിലും ക്ഷേമ പദ്ധതികൾ കൂടുതലായി ഉൾപ്പെടുത്തി കൊണ്ട് വേണം പ്രകടന പത്രിക പ്രഖ്യാപിക്കുന്നതെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും സംസ്ഥാനത്തെ ഓരോ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അടക്കമുള്ള വാഗ്‌ദാനങ്ങളാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications