വാല്‍പ്പാറയില്‍ ബാലികയെ ആക്രമിച്ച് പുലി, കടിച്ചെടുത്ത് കൊണ്ടുപോയി; ദാരുണാന്ത്യം
പാലക്കാട്: തമിഴ്‌നാട് വാല്‍പ്പാറയില്‍ ബാലികയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശി അയിനൂര്‍ അന്‍സാരിയുടെ മകള്‍ അപ്‌സര ഖാത്തൂരാണ് മരിച്ചത്. സൂചിമല എസ്റ്റേറ്റ് പരിസരത്തായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.
പുള്ളിപുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. താമസ സ്ഥലത്തിന് സമീപം കളിച്ച് കൊണ്ടിരിക്കുമ്പോള്‍ തേയില ചെടികള്‍ക്ക് ഇടയില്‍ പതിയിരുന്ന പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് സമീപവാസികള്‍ വനമേഖയില്‍ തിരച്ചില്‍ നടത്തി. പിന്നീട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം പ്രദേശത്തെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം നിലവില്‍ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വനത്തിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലായത്തില്‍ നിന്നാണ് കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്.
ഈ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. പുലിയെ കണ്ട ഉടനെ നാട്ടുകാര്‍ പാട്ടയും മറ്റും കൊട്ടി ബഹളം വെച്ചിരുന്നു. ഇവര്‍ ഓടിയെത്തുമ്പോഴേക്ക് കുട്ടി ചോരവാര്‍ന്ന് മരിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനാണ് ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications