'സമരം വന്നാൽ ആന്റണി മുന്നിലുണ്ടാവും, ഫേസ്‌ബുക്ക് പോസ്‌റ്റ് വേണ്ടായിരുന്നു'; ലിസ്‌റ്റിൻ സ്‌റ്റീഫൻ
മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയിൽ തുടരുന്ന ഭിന്നതയിൽ പ്രതികരിച്ച് പ്രമുഖ നിർമ്മാതാവും സംഘടനയുടെ ട്രഷററുമായ ലിസ്‌റ്റിൻ സ്‌റ്റീഫൻ. വിവാദത്തിന് തിരികൊളുത്തിയ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ തള്ളാതെയാണ് ലിസ്‌റ്റിൻ പ്രതികരിച്ചിരിക്കുന്നത്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ലിസ്‌റ്റിൻ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
സംഘടനയുടെ പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറുമെന്നും ലിസ്‌റ്റിൻ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ യാതൊരു ഭിന്നതയുമില്ല. ഇരുവരും ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നം മാത്രമായിരുന്നു. ഒരാളുടെ ബജറ്റിനെ സംബന്ധിച്ച കാര്യം സുരേഷ് കുമാർ പറഞ്ഞതാണ് ആന്റണിയെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇടാൻ പ്രേരിപ്പിച്ചത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്; ലിസ്‌റ്റിൻ വ്യക്തമാക്കി.

'നാളെയൊരു സിനിമാ സമരം വന്നാൽ അതിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന, അസോസിയേഷന്റെ എത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. സംഘടനയെ സംബന്ധിച്ച് ജൂനിയറായ ആളുകളും സീനിയറായ ആളുകളുമുണ്ട്. ഇന്ന് രാവിലേയും ഇന്നലേയും സുരേഷ് കുമാറുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞത്; ലിസ്‌റ്റിൻ സ്‌റ്റീഫൻ വെളിപ്പെടുത്തി.
കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലായിരുന്നുവെന്നും സംയുക്ത യോഗത്തിന് ശേഷം എടുത്ത തീരുമാനം ആയിരുന്നുവെന്നും ലിസ്‌റ്റിൻ പറയുന്നു. 2024 മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. അങ്ങിനെയൊരു വര്‍ഷത്തില്‍ നിന്ന് 2025ല്‍ എത്തുമ്പോള്‍ വ്യവസായ സാധ്യത കുറഞ്ഞു. ഈ സാഹചര്യത്തില്‍ വിഷയം നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച ചെയ്‌തുവെന്നും ലിസ്‌റ്റിൻ ചൂണ്ടിക്കാട്ടി.
ആന്റണി പെരുമ്പാവൂർ സംയുക്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ല. വിവിധ വിഷയങ്ങളും പ്രതിഫലത്തിൽ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സംഘടന അമ്മയ്ക്ക് കത്തയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കള്‍ക്ക് ഷൂട്ടിങ് സമയത്ത് 30 ശതമാനം തുക നല്‍കാമെന്നാണ് കത്തില്‍ അറിയിച്ചത്. ശേഷം ബാക്കി തുകയ്ക്ക് ഉത്തരവാദിത്തം സംഘടനാ ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ജനറൽ ബോഡിക്ക് ശേഷം തീരുമാനം അറിയിക്കാമെന്നാണ് അമ്മ നൽകിയ മറുപടി; അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാറിന്റെ മാത്രം തീരുമാനമല്ല. സമരത്തിനൊപ്പം അല്ല ഞാൻ. സമരത്തെ അനുകൂലിക്കുന്ന ഒരാളല്ല. എന്നാൽ, ഒരു സംഘടനയിലെ കൂട്ടായ തീരുമാനമാകുമ്പോള്‍ 100 ശതമാനം ആ തീരുമാനത്തോട് യോജിച്ച് പോകേണ്ടതുണ്ട്. ജൂണ്‍ മാസത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിൽ ധാരാളം ചർച്ചകൾക്ക് സമയമുണ്ടെന്നും ലിസ്‌റ്റിൻ സ്‌റ്റീഫൻ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജി സുരേഷ് കുമാർ വാർത്താ സമ്മേളനം നടത്തിയത്. താരങ്ങളുടെ പ്രതിഫല തുകയെ വിമർശിച്ച അദ്ദേഹം 100, 50 കോടി ക്ലബുകൾ യാഥാർഥ്യമല്ലെന്നും ആരോപിച്ചിരുന്നു. ഷെയർ വന്നാൽ മാത്രമേ തങ്ങൾ ആ നിലയ്ക്ക് കണക്ക് കൂട്ടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപുരാൻ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞത് ആന്റണി പെരുമ്പാവൂരിലെ ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് സംഘടനയിൽ ഭിന്നതയെന്ന വാർത്തകൾ പുറത്തുവന്നത്.


Click it and Unblock the Notifications