തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കൻ കേരളത്തിൽ കനത്ത പോളിംഗ്, ഏഴ് ജില്ലകളിലും 70 കടന്നു, ആകെ 75.85 ശതമാനം!
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ പോളിംഗ് കണക്കുകൾ പുറത്ത്. മികച്ച പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശൂർ ജില്ലയിലുമാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് ഏഴ് ജില്ലകളിലെ ആകെ പോളിംഗ്.
വടക്കൻ ജില്ലകളിൽ പ്രചാരണവും മറ്റും കാര്യമായ ആവേശം കാണിച്ചില്ലെങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തിന്റെ അടുത്ത് തന്നെയുണ്ട് പോളിംഗ് ശരാശരി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോഴിക്കോട് തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാർഡുകളിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയർത്താനായില്ല എന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ടാംഘട്ടത്തിലും നൂറിലേറെ ബൂത്തുകളിൽ വോട്ടിങ് മെഷീന് യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു എന്നതാണ് അധികം പരാതികൾ ഇല്ലാതെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹായിച്ച കാര്യം. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി സൃഷ്‌ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും തന്നെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മുൻ വർഷങ്ങളിലേത് പോലെ തീരദേശ മേഖലകളിൽ കനത്ത പോളിംഗ് ഇത്തവണ ഉണ്ടായില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കോർപ്പറേഷനുകളിൽ മാത്രമല്ല, മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥയാണ് വോട്ടെടുപ്പിൽ ഉണ്ടായത്. നഗരപ്രദേശങ്ങളിൽ വിചാരിച്ചത്ര പോളിംഗ് ഇല്ലാത്തതിന്റെ ആശങ്കയിലാണ് പാർട്ടികൾ.
രാവിലെ മുതല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ നീണ്ടനിര കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷവും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സമാനമായി ഭയങ്കര ക്യൂവാണ് ഉണ്ടായത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം തന്നെയാണ് നടന്നത്. യുഡിഎഫിന് ഭരണമുള്ള ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. രണ്ടാംഘട്ടത്തിൽ ശ്രദ്ധേയമായ മത്സരം നടക്കുന്നതും ഇവിടെ തന്നെ.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ തെക്കൻ, മധ്യ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ ഒൻപതിന് ആയിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഡിസംബർ 13 ശനിയാഴ്‌ച ഒരുമിച്ചാണ് നടക്കുക.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായാണ് മുന്നണികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടെ വിഷയമാക്കിയാണ് യുഡിഎഫ് ഇക്കുറി പ്രചാരണത്തിന് ഇറങ്ങിയതെങ്കിൽ വികസനവും കോൺഗ്രസിലെ സ്ത്രീപീഡനവും ഒക്കെ മറുപടിയായി എൽഡിഎഫും ഉയർത്തി. ബിജെപി ആവട്ടെ മറ്റൊരു ബദലെന്ന നിലയിൽ കരുത്ത് തെളിയിക്കാൻ കൂടിയാണ് ഇറങ്ങിയത്.












Click it and Unblock the Notifications