മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് എന്ന മോഹത്തിന് തിരിച്ചടി; സിറ്റിംഗ് സീറ്റ് വിട്ടുനൽകാനാവില്ലെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കല്ലുകടിയായി യുഡിഎഫിലെ സീറ്റ് വിഭജനം. മൂന്നാം സീറ്റ് എന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോൺഗ്രസ് നിരസിച്ചു. കാലങ്ങളായി ലീഗ് ഉയർത്തുന്ന ആവശ്യമാണ് ലോക്‌സഭയിലേക്ക് മൂന്ന് സീറ്റുകളിൽ മത്സരിപ്പിക്കണം എന്നത്. എന്നാൽ സിറ്റിംഗ് സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട്.
കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാനാണ് യുഡിഎഫിലെ ധാരണ. കൊല്ലം ആർഎസ്‌പിക്ക് തന്നെ നൽകും. ലീഗിന്റെ ആവശ്യത്തിൽ നിലവിലെ സിറ്റിംഗ് സീറ്റ് വിട്ട് നൽകാനാകില്ലെന്ന വ്യക്തമായ നിലപാട് കോൺഗ്രസ് മുന്നോട്ട് വച്ചു. ഈ തീരുമാനം വൈകാതെ ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

വയനാട് സീറ്റാണ് ലീഗ് ആവശ്യപ്പെട്ടത്. കണ്ണൂർ, വടകര സീറ്റുകളിലും ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് അനുവദിക്കില്ലെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ വ്യക്തമാവുന്നത്.16 സീറ്റുകളിൽ കോൺഗ്രസ് തന്നെ മത്സരിക്കും. 2 സീറ്റ് മുസ്ലീം ലീഗിനും ഓരോ സീറ്റ് വീതം കേരള കോൺഗ്രസിനും ആർഎസ്‌പിക്കും നൽകാനുമാണ് തീരുമാനം.
അതേസമയം, മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായെന്നും കോൺഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി 5നാണ് യുഡിഎഫ് ഏകോപന സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.
നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന വാർത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് രംഗത്ത് വന്നത്. മലബാറിൽ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് ഉന്നയിക്കുന്ന ആവശ്യം. രാഹുൽ ഗാന്ധി മാറി നിൽക്കുകയാണെങ്കിൽ ജയപ്രതീക്ഷയുള്ള വയനാട് സീറ്റ് തന്നെ ചോദിക്കാമെന്നായിരുന്നു പാർട്ടിയുടെ ലക്ഷ്യം.
നിലവിൽ മലബാറിലെ തന്നെ രണ്ട് മണ്ഡലങ്ങളാണ് മുസ്ലീം ലീഗിന്റെ കൈവശമുള്ളത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണ് ലീഗിന്റെ സിറ്റിംഗ് എംപിമാരുള്ളത്. ഇത് മൂന്നായി ഉയർത്തുകയായിരുന്നു വയനാട് സീറ്റ് ചോദിച്ചതിലൂടെ ലീഗ് ലക്ഷ്യമിട്ടത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് തന്നെ പരമാവധി സീറ്റ് ഉറപ്പിക്കുവാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ലീഗിന്റെ മൂന്നാം സീറ്റ് എന്ന മോഹം നടക്കില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.












Click it and Unblock the Notifications