ആറ്റിങ്ങലിൽ ഇക്കുറിയും താമര വിരിയില്ല; മലപ്പുറവും യുഡിഎഫിനൊപ്പം തന്നെയെന്ന് സർവേ, ബിജെപിക്ക് തിരിച്ചടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകളും, കൂടിയാലോചനകളും തകൃതിയായി നടക്കുന്നതിനിടെ ബിജെപിക്ക് ആശങ്കയായി പ്രീപോൾ സർവേ ഫലം. ആറ്റിങ്ങൽ, മലപ്പുറം മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നാണ് റിപ്പോർട്ടർ ടിവിയുടെ മെഗാ പ്രീപോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഈ രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം യുഡിഎഫ് ആവർത്തിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാത്രമല്ല ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി നേരിയ മുന്നേറ്റം ഉണ്ടാക്കുമെങ്കിലും ജയം മാറി നിൽക്കുമെന്നും സർവേയിൽ പറയുന്നു.

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ആറ്റിങ്ങലിൽ ജയം നേടുമെന്ന് തന്നെയായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ ഈ പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്ന സർവേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് വിജയിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 37.7 ശതമാനം ആളുകളും പറയുന്നത്. രണ്ടാമതെത്തിയ എൽഡിഎഫിനെ പിന്തുണയ്ക്കുന്നവർ 31.4 ശതമാനമാണ്. ബിജെപിയെ പിന്തുണയ്ക്കുന്നവർ ആകട്ടെ 28.2 ശതമാനം പേരാണ്. മികച്ച അടിത്തറ ഉണ്ടായിട്ടും അടൂർ പ്രകാശിന്റെ കസേര ഇളക്കാൻ എൽഡിഎഫിനും, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മണ്ഡലത്തിൽ ജയിച്ചു കയറാനുള്ള ബിജെപി ശ്രമത്തിനും തിരിച്ചടിയാണ് സർവേ ഫലം.
നിലവിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശാണ് എംപി. മലപ്പുറം സീറ്റ് ആവട്ടെ മുസ്ലീം ലീഗിന്റെ കൈവശമാണ്. അബ്‌ദുൾ സമദ് രണ്ടത്താണിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അതേസമയം, സർവേയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളോട് വോട്ടർമാർ പ്രതികരിച്ചു. മലപ്പുറത്ത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി എത്തണം എന്നാണ് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തിയത്. കൂടാതെ പിണറായി വിജയൻ സർക്കാരിനോടുള്ള അതൃപ്‌തി രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാർ വ്യക്തമാക്കി.
ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിന്റെ പ്രവർത്തനം ശരാശരിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 45.5 ശതമാനം പേരാണ് ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് 5 ശതമാനം പേരും, മികച്ചതെന്ന് 17 ശതമാനം പേരും, മോശമെന്ന് 21 ശതമാനം പേരും എംപിയുടെ പ്രവർത്തനത്തെ വിലയിരുത്തി. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം ശരാശരിയെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. 22 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായവും രേഖപ്പെടുത്തി.












Click it and Unblock the Notifications