ആലത്തൂരും ചാലക്കുടിയും കാറ്റ് മാറി വീശുന്നുവോ? വമ്പൻ അട്ടിമറികൾക്ക് സാധ്യത, 24 ന്യൂസ് സർവേ ഫലം
തൃശൂർ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ അരയും തലയും മുറുക്കി മത്സര രംഗത്തിറങ്ങുകയാണ് മുന്നണികൾ. എന്നാൽ ഇതിനിടെ പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം മാറി മറിയുന്ന കാഴ്‌ചകൾക്കും നാം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായേക്കാവുന്ന രണ്ട് മണ്ഡലങ്ങളിൽ അട്ടിമറി ഉണ്ടാവുമെന്നാണ് 24 ന്യൂസ് ചാനൽ നടത്തിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും കടുത്ത പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് ഇവയെന്നതാണ് ഏറ്റവും വലിയ കൗതുകം. ആലത്തൂർ മണ്ഡലത്തിൽ സിറ്റിങ് എംപിയായ രമ്യ ഹരിദാസിനും, ചാലക്കുടി മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാനും അടിതെറ്റുമെന്നാണ് സർവേ ഫലങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

ആലത്തൂർ
ഇത്തവണ കേരളത്തിൽ മികച്ച മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. മന്ത്രി കെ രാധാകൃഷ്‌ണനും, രമ്യ ഹരിദാസും തമ്മിലാണ് മത്സരം നടക്കുന്നത്. മണ്ഡലത്തെ കുറിച്ചുള്ള ചോദ്യത്തിന് 46.5 ശതമാനം പേരും അനുകൂലിക്കുന്നത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്‌ണനെയാണ്. 41.7 ശതമാനം പേരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ പിന്തുണച്ചത്. 9.6 ശതമാനം പേര്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ സരസുവിനെയും അനുകൂലിക്കുന്നു.
മണ്ഡലത്തിൽ എന്നല്ല ജില്ലയിൽ തന്നെ ജനസമ്മതനായ നേതാവാണ് കെ രാധാകൃഷ്‌ണൻ. ഈ ജനപ്രീതി തന്നെയാണ് മന്ത്രിയായിരുന്നിട്ട് കൂടി അദ്ദേഹത്തെ രംഗത്തിറക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. അത് ഫലം കണ്ടേക്കുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. ഇത് രമ്യ ഹരിദാസിന് ഏത് രീതിയിൽ തിരിച്ചടിയാവുമെന്ന് ഇനി കണ്ടറിയണം.
അതേസമയം, മണ്ഡലത്തിൽ ഉള്ളവരുടെ ജനകീയ നേതാവ് എന്ന നിലയിലെ പിന്തുണ പിണറായി വിജയനാണ്. 45.4 ശതമാനം പേരാണ് പിണറായിയെ അനുകൂലിച്ചത്. 23.3 ശതമാനം പേര്‍ വിഡി സതീശനും 21.2 ശതമാനം പേര്‍ രമേശ് ചെന്നിത്തലക്കും ഒപ്പം നിന്നപ്പോൾ 8.1 ശതമാനം പേര്‍ കെ സുരേന്ദ്രനെയും പിന്തുണച്ചു എന്നതാണ് പ്രത്യേകത.
ചാലക്കുടി
മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ സി രവീന്ദ്രനാഥിനെ രംഗത്തിറക്കിയ സിപിഎം ഇത്തവണ ചാലക്കുടി അങ്ങനെ വിട്ട് നൽകാൻ കഴിയില്ലെന്ന സന്ദേശം നേരത്തെ തന്നെ നൽകിയതാണ്. ചാലക്കുടിയില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് അട്ടിമറിയുടെ സാധ്യതകളാണ് സർവേ മുന്നോട്ട് വയ്ക്കുന്നത്. 41.4 ശതമാനം പേര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി രവീന്ദ്രനാഥിനെ അനുകൂലിച്ചു.
മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ബെന്നി ബെഹ്നാനെ പിന്തുണയ്ക്കുന്നത് 39.1 ശതമാനം പേരാണ്. 12.8 ശതമാനം വോട്ട് എൻഡിഎ സ്ഥാനാര്‍ത്ഥി കെഎ ഉണ്ണികൃഷ്‌ണൻ നേടുമെന്നാണ് സർവേ നൽകുന്ന സൂചന.
മണ്ഡലത്തിലെ വോട്ടർമാരുടെ കാഴ്‌ചപ്പാടിൽ മികച്ച ജനകീയ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നത് സർവേയിൽ നിന്ന് വ്യക്തമാണ്. 49.7 ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിച്ചു. മോദിയെ 29.9 ശതമാനം പേര്‍ മാത്രാ അനുകൂലിക്കുമ്പോൾ 16.8 ശതമാനം പേര്‍ സീതാറാം യെച്ചൂരിയെയും 2.5 ശതമാനം പേര്‍ സ്‌റ്റാലിനെയും പിന്തുണയ്ക്കുന്നു. മമതാ ബാനര്‍ജിക്ക് 1.1 ശതമാനം വോട്ടും ലഭിച്ചെന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇടുക്കിയും പാലക്കാടും ഇളകാതെ നിൽക്കും
അതേസമയം, നിലവിൽ യുഡിഎഫ് കൈവശം വയ്ക്കുന്ന മണ്ഡലങ്ങളായ ഇടുക്കിയും പാലക്കാടും യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നാണ് സർവേ നൽകുന്ന സൂചന. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ ജയിക്കുമെന്നാണ് 39.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ ജയിക്കുമെന്ന് പറഞ്ഞത് 36.9 ശതമാനം പേർ മാത്രമാണ്.
അതേസമയം ഇടുക്കിയിൽ ആവട്ടെ 47.2 ശതമാനം പേര്‍ ഡീൻ കുര്യാക്കോസ് തന്നെ എംപിയായി എത്തുമെന്ന് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് ജയിക്കുമെന്ന് പറഞ്ഞത് 39.6 ശതമാനം പേർ മാത്രമാണ്. ഇടുക്കിയിൽ എട്ട് ശതമാനത്തോളം കൂടുതൽ ആളുകളുടെ പിന്തുണയാണ് ഡീൻ കുര്യാക്കോസിന് സർവേയിൽ നേടാൻ കഴിഞ്ഞതെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications