രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വെറും 36 കോടിയോ? 8000 കോടിയുടെ ആസ്‌തി മറച്ചുവെച്ചു? ആരോപണവുമായി കോൺഗ്രസ്
ബെംഗളൂരു: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ വ്യാജമാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യവാങ്മൂലത്തിൽ കേവലം 36 കോടിയുടെ സ്വത്ത് വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും പലതും മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖറിന് 8000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് പരാതിയിൽ കോൺഗ്രസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എണ്ണി പറയുകയും ചെയ്‌തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ആയതിനാൽ ജില്ലാ കളക്‌ടർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർക്കും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നുള്ള രഞ്ജിത് തോമസ് എന്നയാളാണ് ഇത് സംബന്ധിച്ച് ആദ്യമായി പരാതി ഉന്നയിച്ചത്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റുകൾ ഉണ്ടെന്നും, അവിടെ അദ്ദേഹം തന്റെ ഓഹരികൾ/ബോണ്ടുകൾ/കടപ്പത്രങ്ങൾ എന്നിവയെ ബാധ്യതയായി കാണിക്കുകയും കൂടാതെ കേവലം 32 കോടിയാണ് ആസ്‌തി എന്ന് വരുത്തി തീർക്കാൻ കണക്കുകൾ കൃത്രിമം കാട്ടിയെന്നും കോൺഗ്രസ് ട്വീറ്റിലൂടെ ആരോപിക്കുന്നു.
ബെംഗളൂരുവിലെ കോറമംഗല 3-ാം ബ്ലോക്കിലെൽ സ്ഥിതി ചെയ്യുന്ന 408, 445 നമ്പറുകളുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കളെ കുറിച്ച് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പരാമര്ശിച്ചിട്ടില്ലെന്നും എന്നാൽ തൻ്റെ താമസ സ്ഥലത്തിന്റെ വിലാസമായി ഈ വസ്‌തുവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
49000 ചതുരശ്ര അടി വിസ്‌തർണമുള്ള മന്ദിരം രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം പേരിലാണെന്ന് വ്യക്തമായി കാണിക്കുന്ന 2017-18 കാലയളവിലെ നികുതി രസീതുകളും കോൺഗ്രസ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 51 അനുബന്ധ സ്ഥാപനങ്ങളുള്ള ജൂപ്പിറ്റർ ക്യാപിറ്റലിന്റെ നാല് ഹോൾഡിംഗ് കമ്പനികളെ കുറിച്ച് രാജീവ് ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയതാണ്.
എന്നാൽ അദ്ദേഹം ഇവയുടെ സംയോജിത മൂല്യം 6.38 കോടിയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്, അതേസമയം ഈ കമ്പനികളുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഫയലിംഗുകൾ പ്രകാരം 1610.53 കോടിയാണ് മൂല്യം കാണിക്കുന്നതെന്നും വളരെ ഗുരുതരമായ ലംഘനമാണ് ഇതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ട്വീറ്റ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇതിന് പുറമെ അദ്ദേഹത്തിന്റെ നാല് ഹോൾഡിംഗ് കമ്പനികളായ വെക്ട്ര കൺസൾട്ടൻസി, ജൂപ്പിറ്റർ ഗ്ലോബൽ, ആർസി സ്‌റ്റോക്ക്‌സ്, ആർസി അഡ്‌വൈസേഴ്‌സ് എന്നിവരുടെ മറ്റ് വിവരങ്ങളും കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. ജൂപ്പിറ്റർ ഗ്ലോബലിന് 340 കോടി രൂപയുടെ മൂലധനം കൈവശമുണ്ട്, എന്നാൽ അദ്ദേഹം പ്രഖ്യാപിച്ചത് 22,260 രൂപ മാത്രമാണ്. 92.2 ലക്ഷം രൂപയാണ് ഇതിന്റെ മുഖവിലയെന്നും കോൺഗ്രസ് പറയുന്നു.
കൂടാതെ അദ്ദേഹത്തിന്റെ മറ്റ് സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട വീഡിയോ, പരസ്യ ചിത്രങ്ങളും കോൺഗ്രസ് ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇവയെല്ലാം കൂട്ടി വായിയ്ക്കുമ്പോൾ അദ്ദേഹം നൽകിയത് വ്യാജ സത്യവാങ്മൂലം ആണെന്ന് തെളിയുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിനെ നേരിടാനാണ് ഇത്തവണ രാജീവ് ചന്ദ്രശേഖറിനെ കളത്തിൽ ഇറക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രനും മത്സര രംഗത്തുണ്ട്. പുതിയ വിവാദം ഉയർന്നതോടെ രാജീവ് ചന്ദ്രശേഖർ പ്രതിരോധത്തിൽ ആവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications