ലോക്സഭ തിരഞ്ഞെടുപ്പ്;3 മാസം മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം..ഒരുക്കം അടുത്ത മാസം മുതൽ തുടങ്ങാൻ കോൺഗ്രസ്
തിരുവനന്തപുരം; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിക്കണമെന്ന നിർദ്ദേശമാണ് കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി ചിന്തൻ ശിബിരത്തിൽ ഉയർന്നത്. മിഷൻ 24 എന്ന പേരിലാണ് ഇതിനായി കർമ്മ പദ്ധതി പ്രഖ്യാപിച്ചത്. പതിവിന് വിപരീതമായി സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെ നേരത്തേയാക്കണമെന്നാണ് നിർദ്ദേശത്തിൽ ഉള്ളത്.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സംസ്ഥാനത്ത് യുഡിഎഫ് കാഴ്ചവെച്ചത്.ആകെയുള്ള 20 ൽ 19 മണ്ഡലങ്ങളും മുന്നണിക്ക് നേടാനായി. എൽ ഡി എഫിന്റെ കോട്ടകൾ പോലും പിടിച്ചടക്കുന്നതായിരുന്നു കാഴ്ച. ആലപ്പുഴയിൽ മാത്രമായിരുന്നു എൽഡിഎഫിന് വിജയിക്കാനായത്.അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ സമാന മുന്നേറ്റം ലക്ഷ്യം വെച്ച് 18 മാസത്തെ പ്രവർത്തന കലണ്ടറാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്.

സാധാരണ നിലയിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നത്. തിരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തന്നെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പുതിയ നിർദ്ദേശം. ഒരു പഞ്ചായത്തിൽ ഒരു മണ്ഡലം കമ്മിറ്റി എന്ന നിലയിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശവും ചിന്തിൻ ശിബിറിൽ ഉയർന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറെ വൈകിയായിരുന്നു കോൺഗ്രസ് പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചത്.സ്ഥാനാർത്ഥി നിർണയത്തിലെ പോരും വീതവെയ്പ്പുമെല്ലാം കടുത്ത വിമർശനത്തിനും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് 3 മാസം മുൻപെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിർദ്ദേശവും യോഗത്തിൽ ഉണ്ടായി.

കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഉടൻ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ തന്നെ നിയമനം നടത്തും. ഈ നിരീക്ഷകർക്ക് കീഴിൽ നിയമസഭ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രത്യേക നീരീക്ഷരേയും നിയമിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതൽ പാർട്ടി സമ്മേളനങ്ങളും വിളിച്ച് ചേർക്കും.

നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും നടത്തണമെന്നും യോഗം നിർദ്ദേശിച്ചു. മതസമുദായിക നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം അവരെ തേടിപോകുന്ന രീതി അവസാനിപ്പിക്കണം. ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം നിർദ്ദേശിച്ചു.

യുഡിഎഫ് വിട്ടവരെ തിരികെ എത്തിക്കണമെന്ന പ്രമേയവും കഴിഞ്ഞ ദിവസം അവസാനിച്ച ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചിരുന്നു. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നി പാർട്ടികളുടെ പേര് പറയാതെയായിരുന്നു പ്രമേയം. കേരള കോൺഗ്രസ് എം മുന്നണി വിട്ടത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് മധ്യകേരളത്തിൽ നഷ്ടമായ ശക്തി തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണം എന്ന നിലപാടിലേക്ക് കെപിസിസി എത്തിയത്. എൽ ഡി എഫിൽ അതൃപ്തിയിൽ കഴിയുന്നവരെ മുന്നണിയിലെത്തിക്കുകയെന്ന നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.

അതേസമയം കോൺഗ്രസിന്റെ നിർദ്ദേശത്തിനെതിരെ ഇരുപാർട്ടികളും രംഗത്തെത്തി കഴിഞ്ഞു. യുഡിഎഫിലേക്ക് തിരിച്ചുപോകേണ്ട സാഹചര്യമില്ലെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. എന്തിനു പുറത്താക്കി എന്നാണ് ആദ്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഇപ്പോഴത്തെ കോൺഗ്രസിന്റെ പ്രതികരണം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് പ്രതികരിച്ചത്.












Click it and Unblock the Notifications