'രാഹുലിനെ റായ്ബറേലിയിൽ പിന്തുണയ്ക്കും'; കേരളത്തിലെ കോൺഗ്രസിന് രാഷ്ട്രീയമില്ലെന്നും ബിനോയ് വിശ്വം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സിപിഐ ഘടകം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സിപിഐ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ പിന്താങ്ങുന്നു എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പ്രഖ്യാപിച്ചത്.
എന്നാൽ വയനാട്ടിൽ എന്തുകൊണ്ടാണ് രാഹുലിനെ പിന്തുണയ്ക്കാത്തത് എന്നതിന്റെ കാരണം കൂടി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിലെ കോൺഗ്രസിന് രാഷ്ട്രീയമില്ലെന്നും സിപിഐയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയമില്ല. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്‌ചയില്ല. അവർക്ക് മൂക്കിനപ്പുറം കാണാൻ കഴിയുന്നില്ല. ഇത് സിപിഐ ആദ്യമേ പറഞ്ഞ കാര്യമാണ്. അതുകൊണ്ടാണ് രാഷ്ട്രീയത്തിന്റെ ഒരു വെളിച്ചവും ഇല്ലാത്ത രീതിയിൽ രാഹുലിനെ നിർബന്ധം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാൻ കൊണ്ട് വന്നത്' ബിനോയ് വിശ്വം കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.
'അങ്ങനെ മത്സരിക്കാൻ പറഞ്ഞയച്ചപ്പോൾ കോൺഗ്രസ് രണ്ട് രാഷ്ട്രീയ തെറ്റുകളാണ് ചെയ്‌തത്. അതിലൊന്ന് കോൺഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്ന് കാര്യം മറക്കാനും ഇടതുപക്ഷമാണ് പ്രധാന ശത്രു എന്ന പ്രതീതി ഉണ്ടാക്കാനും കഴിഞ്ഞു എന്നതാണ്. തെക്കേ അറ്റത്തുള്ള കേരളമാണോ വടക്കേ ഇന്ത്യയാണോ വേണ്ടത് എന്നതായിരുന്നു സിപിഐ ഉയർത്തിയ ചോദ്യം.' ബിനോയ് വിശ്വം പറയുന്നു.
'കേരളത്തിൽ വെറും 20 സീറ്റുകൾ മാത്രമാണുള്ളത്. ഹിന്ദി ഹൃദയഭൂമി എന്ന് പറയുന്ന വടക്കേ ഇന്ത്യയിൽ ആവട്ടെ 200ൽ അധികം സീറ്റുകളുമുണ്ട്. എന്നാൽ ആ വടക്കേ ഇന്ത്യയിൽ മത്സരിക്കാൻ കൂട്ടാക്കാതെ വയനാട്ടിലേക്ക് വന്നു' ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു.
'ഇക്കാര്യങ്ങൾ എല്ലാം ഉയർത്തിയിട്ടും ഒന്നും സംഭവിക്കാതെ പോലെ രാഹുലിനെ വയനാട്ടിൽ മത്സരിക്കാൻ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതൊരു രാഷ്ട്രീയമായ തെറ്റാണെന്ന് കോൺഗ്രസ് പാർട്ടിക്ക് മനസ്സിലായിട്ടുണ്ട്. ആ തെറ്റ് കോൺഗ്രസ് പാർട്ടി തിരുത്താൻ തയ്യാറാവുകയാണ്. അതിനെ സ്വാഗതം ചെയ്‌തുകൊണ്ടാണ് രാഹുലിനെ റായ്ബറേലിയിൽ ബിജെപിയ്‌ക്കെതിരെ പിന്താങ്ങുന്നത്' അദ്ദേഹം പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചു.
അതേസമയം, വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് ബിജെപി ഉൾപ്പെടെ അഴിച്ചുവിട്ടത്. രാഹുൽ വടക്കേ ഇന്ത്യയിൽ നിന്നും ഒളിച്ചോടിയെന്നും ബിജെപിയെ നേരിടാൻ ഭയമായതിനാലാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നുമായിരുന്നു പ്രധാന ആക്ഷേപം. ഇപ്പോൾ റായ്ബറേലിയിൽ കൂടി രാഹുൽ മത്സരിക്കുന്നതോടെ പക്ഷേ വയനാടിന്റെ കാര്യമാണ് അനിശ്ചിതത്വത്തിൽ ആവുക.












Click it and Unblock the Notifications