പ്രബലരുടെ പട്ടികയുമായി സിപിഎം; മന്ത്രിയും എംഎൽഎമാരും കളത്തിൽ ഇറങ്ങും, മത്സരം കടുത്തേക്കും
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്ന സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക അവസാന രൂപത്തിലേക്ക് അടുക്കുന്നു. നിലവിൽ ധാരണയായത് പ്രകാരം പ്രമുഖരെ അണിനിരത്തിയാണ് പട്ടിക തയ്യാറാക്കായിരിക്കുന്നത്. ഒരു പൊളിറ്റ് ബ്യൂറോ അംഗത്തെ കൂടാതെ, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക.
11 സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് സൂചന. മലപ്പുറം, പൊന്നാനി, എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്. ആലത്തൂരിൽ ദേവസ്വംമന്ത്രി കെ രാധാകൃഷ്‌ണൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ വടകരയിലും, ടിഎം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കുമെന്നാണ് ലഭ്യമായ വിവരം.

ഇത് കൂടാതെ ജില്ലാ സെക്രട്ടറിമാരെ രംഗത്തിറക്കി കഴിഞ്ഞ തവണത്തെ ക്ഷീണം മാറ്റാനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ. കാസർകോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണൻ കാസർഗോഡ് മണ്ഡലത്തിലും
കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കണ്ണൂരിലും മത്സരിക്കുമെന്നും വിവരമുണ്ട്.
പൊന്നാനിയിൽ മുൻ മന്ത്രി കെടി ജലീലിനെയാണ് പാർട്ടി പരിഗണിക്കുന്നത്. എന്നാൽ ഇവിടെ പ്രാദേശിക നേതാക്കളുടെ അതൃപ്‌തി ഇല്ലാതാക്കി കൊണ്ട് മാത്രമേ ജലീലിനെ ഇറക്കാൻ കഴിയൂ എന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്. കൊല്ലത്ത് നടനും എംഎൽഎയുമായ എം മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്. ഇടുക്കിയിൽ ജോയ്‌സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി എത്തിയേക്കും.
കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം എ ആഞ്ഞടിച്ചപ്പോഴും സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴയിൽ എഎം ആരിഫിനെ മാറ്റുന്നതിനെ കുറിച്ച് പാർട്ടിയുടെ ചിന്തയിൽ പോലുമില്ല. ഇതോടെ ആരിഫിന് രണ്ടാം വട്ടവും മത്സരിക്കാനുള്ള അവസരം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നാൽ എറണാകുളത്ത് സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കുഴക്കുകയാണ് പാർട്ടി എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തെങ്കിലും ഒരു തീരുമാനത്തിൽ എത്താനായിട്ടില്ല. ഇതോടെ സ്ഥാനാർത്ഥി പട്ടിക വീണ്ടും ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, കെഎസ് അരുൺ കുമാർ എന്നിവരുടെ പേരുകളാണ് ഇതുവരെ ചർച്ചയിൽ ഉയർന്നുകേട്ടത്. ഇതിന് പുറമെ മണ്ഡലം പിടിക്കാൻ കെൽപുള്ള ഒരു പൊതുസമ്മതനെ കൂടി പാർട്ടി തേടുന്നുണ്ട്.
സമാന സാഹചര്യമാണ് ചാലക്കുടി മണ്ഡലത്തിലും നിലനിൽക്കുന്നത്. അന്തിമ തീരുമാനത്തിലേക്ക് എത്താൻ തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഇതുവരെ ആയിട്ടില്ല. എങ്കിലും ചാലക്കുടിയിൽ മുൻമന്ത്രി രവീന്ദ്രനാഥിനാണ് സാധ്യതയെന്ന് പറഞ്ഞു കേൾക്കുന്നു. ഇത് കൂടാതെ സിനിമ രംഗത്തുനിന്നുള്ള പ്രമുഖ വനിത സ്ഥാനാർഥിയാകാനുള്ള സാധ്യതയും യോഗത്തിൽ ചർച്ചയായിട്ടുണ്ട്.












Click it and Unblock the Notifications