വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഇനി ഒരു ഫോൺ മാത്രം മതി ഇക്കാര്യം അറിയാൻ, ചെയ്യേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കേരളം, വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഏപ്രിൽ 26ന് കേരളം പോളിങ് ബൂത്തിലേക്ക് പോവുമ്പോൾ നിർണായക ഓർമ്മപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യം കൃത്യമായി പരിശോധിച്ച് ഉറപ്പിക്കണം എന്നാണ് കമ്മീഷൻ ചെയർമാൻ സഞ്ജയ് കൗൾ അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ ചിലർക്കെങ്കിലും ആശങ്കകൾ നില നിൽക്കുന്നുണ്ടാകും. എങ്ങനെയാണ് നമ്മുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക? എവിടെ നിന്നാണ് ഈ വിവരങ്ങൾ ലഭ്യമാവുക? ഇതിനായി കമ്മീഷൻ എന്തെങ്കിലും സാധ്യതകൾ ഒരുക്കിയിട്ടുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട, വളരെ എളുപ്പത്തിൽ ഇത് പരിശോധിക്കാനുള്ള വഴികൾ കമ്മീഷൻ തന്നെ ഒരുക്കിയിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പേരുണ്ടോയെന് എങ്ങനെ അറിയാം?
ഇതിന്റെ ഏറ്റവും ഗുണകരമായ മാറ്റം എന്തെന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് കമ്മീഷനും ഇക്കാര്യത്തിൽ കൂടുതൽ എളുപ്പവഴികൾ ചേർത്തിട്ടുണ്ട് എന്നതാണ്. ഒരാൾക്ക് ഇപ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ ഫോൺ മുഖേനയും ഓണലൈനിലൂടെയും കമ്മീഷൻ അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
ഇതിനായി ആദ്യം വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് 0471 എന്ന എസ്‌ടിഡി കോഡ് ചേര്‍ത്ത് വിളിക്കുക. തുടര്‍ന്ന് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാൽ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. കൂടാതെ 1950 എന്ന നമ്പരിലേക്ക് 'ഇ സി ഐ' എന്നു ടൈപ്പ് ചെയ്‌ത് സ്‌പേസ് ഇട്ട ശേഷം ഐഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്‌ത് അയച്ചാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ എസ്എംഎസ് ആയി തിരികെ ലഭിക്കുകയും ചെയ്യും.
ഇതിന് പുറമെ ഓൺലൈൻ മുഖേനയും ഈ വിവരങ്ങൾ പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്‌ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത ശേഷം ഇലക്ഷന്‍ ഐഡി നമ്പര്‍ നല്‍കി സംസ്ഥാനം നല്‍കി കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കാണാവുന്നതാണ്. വോട്ടര്‍ ഹെല്‍പ് ലൈന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്‌റ്റാള്‍ ചെയ്‌ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും നിങ്ങൾക്ക് പരിശോധിക്കാം.
മുകളില്‍ പറഞ്ഞത് പോലെ വിവരങ്ങള്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ പേര്, പാര്‍ട്ട് നമ്പര്‍, ക്രമ നമ്പര്‍, പോളിങ് ബൂത്ത് തുടങ്ങിയവ കൃത്യമായി ലഭിക്കും എന്നതാണ് പ്രത്യേകത. ചുരുക്കി പറഞ്ഞാൽ ഒരു മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ സമ്പൂർണ വോട്ട് വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും എന്നതാണ് യാഥാർഥ്യം.












Click it and Unblock the Notifications