ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നുള്ള ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു. കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ തന്നെ മത്സരിക്കും. തിങ്കളാഴ്‌ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെ തോമസ് ചാഴികാടൻ തന്നെ ഇവിടെ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.

തുടർന്ന് കേരള കോൺഗ്രസ് (എം) നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചു ചേർത്താണ് തോമസ് ചാഴികാടന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തലവനെന്ന നിലയിൽ ജോസ് കെ മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
കോട്ടയത്ത് ഇത്തവണ കേരള കോൺഗ്രസുകൾ തമ്മിലായിരിക്കും ഏറ്റുമുട്ടൽ എന്ന അഭ്യൂഹങ്ങൾക്ക് കരുത്തു പകർന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടൻ എത്തുന്നത്. യുഡിഎഫിനായി ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാൻസിസ് ജോർജിനെയാണ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ മണ്ഡലത്തിൽ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിഎന്‍ വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ഇടത് പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിൽ അധികമായി പാർലമെന്ററി രംഗത്ത് സജീവ സാന്നിധ്യമാണ് എഴുപത്തൊന്നുകാരനായ തോമസ് ചാഴികാടൻ. തുടർച്ചയായി 20 വർഷത്തോളം നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചയാളാണ് അദ്ദേഹം. 1991, 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്ക് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽവി വഴങ്ങിയെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് വിജയിച്ച് എംപിയായി.












Click it and Unblock the Notifications