സ്ഥാനാർത്ഥി പട്ടികയിൽ വമ്പൻ സർപ്രൈസ്? പ്രചാരണ ശൈലി അടിമുടി മാറും, എൽഡിഎഫ് നീക്കങ്ങൾ ഇങ്ങനെ...
തിരുവനന്തപുരം: കേരളത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി കഴിഞ്ഞു. സ്ഥാനാർത്ഥികളെ തീരുമാനിക്കാനും, സീറ്റ് വിഭജനത്തിനുമുള്ള അന്തിമ ചർച്ചകൾ ഓരോ മുന്നണിയിലും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത തോൽവിയിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് ഇക്കുറി. അതിനായി സകല അടവുകളും പയറ്റാനും, പുതിയ തന്ത്രങ്ങൾ അവതരിപ്പിക്കാനും തന്നെയാണ് അവരുടെ ശ്രമം.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ അറിയാം. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണ് എല്‍ഡിഎഫ് ക്യാമ്പിൽ നടക്കുന്നത്. സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഉടൻ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഉപരി നയരൂപീകരണം തന്നെയാണ് ഈ യോഗങ്ങളുടെ മുഖ്യ അജണ്ട.

നിലവിൽ എൽഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിൽ പ്രമുഖരുടെ വൻ നിര തന്നെയാണുള്ളത്. സിനിമാ താരങ്ങൾ ഉൾപ്പെടെ പലരുടെയും പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. കൂടാതെ തോമസ് ഐസക്, എകെ ബാലൻ, കെകെ ശൈലജ, കെ രാധാകൃഷ്‌ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മുതൽ ചിന്ത ജെറോം, വസീഫ് വരെയുള്ള യുവാക്കളുടെ നിര വരെ ഇക്കുറി സാധ്യത കൽപ്പിക്കപ്പെടുന്ന ആളുകളുടെ പേരുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
എല്ലാവരും ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ എത്തിയേക്കും. എൽഡിഎഫിന് എക്കാലത്തും തലവേദനയായ തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ മത്സരിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവിന് അനുസരിച്ച സ്ഥാനാർത്ഥിയെ നിർത്താനാവും സർപ്രൈസായി ഒഴിച്ചിട്ടതെന്നാണ് സൂചന,
ആലപ്പുഴയിൽ സിറ്റിങ് എംപി ആരിഫിന് തന്നെ സാധ്യത കൽപിക്കപ്പെടുന്നുവെങ്കിലും തോമസ് ഐസക് എത്തിയേക്കുമെന്ന് ചിലർ പ്രതീക്ഷിക്കുന്നു. പത്തനംതിട്ടയിലും തോമസ് ഐസക്കിന് സാധ്യത ഉണ്ടെന്നാണ് വിവരം, അതല്ലെങ്കിൽ രാജു എബ്രഹാമിനാണ് നറുക്ക് വീഴുക. വടകരയിലോ, കണ്ണൂരിലോ കെകെ ശൈലജ വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി പ്രാചരണ ശൈലിയിലും എൽഡിഎഫ് കാര്യമായ അഴിച്ചുപണി നടത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ സമ്പൂർണ പരാജയം ആവർത്തിക്കാതിരിക്കാനാണ് മുന്നണിയുടെ ശ്രമം. ഇതിന് പുറമെ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിൽ പുതിയ രീതികൾ പരീക്ഷിക്കാനും എൽഡിഎഫ് തയ്യാറായേക്കും, പ്രത്യേകിച്ച് തൃശൂർ, തിരുവനന്തപുരം പോലെയുള്ള മണ്ഡലങ്ങളിൽ.












Click it and Unblock the Notifications