പത്തനംതിട്ടയിൽ പിസിയെ വെട്ടാൻ പിള്ള? ബിജെപി ഒരുക്കിയ സർപ്രൈസ് എന്തായിരിക്കും, ആരാകും സ്ഥാനാർത്ഥി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം. ജനപക്ഷം പാർട്ടിയുമായി വന്ന് ബിജെപിയിൽ ലയിച്ച പിസി ജോർജ് അവസാന സമയം വരെ ഏകപക്ഷീയമായി സീറ്റിൽ മത്സരിക്കുമെന്ന പ്രതീതി കൈവന്നെങ്കിലും അതിന് ആയുസ് ഇല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പിഎസ് ശ്രീധരൻപിള്ളയെയും ബിജെപി പത്തനംതിട്ടയിൽ പരിഗണിക്കുന്നുവെന്നാണ് ലഭ്യമായ വിവരം. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ശ്രീധരൻപിള്ളയും ഇടം പിടിച്ചു. പിസി ജോർജിനെ പത്തനംതിട്ടയിൽ നിന്നും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തെ മറികടക്കാനാണ് സംസ്ഥാനത്തിന്റെ പട്ടികയിൽ ശ്രീധരൻപിള്ളയെ ഒന്നാം പേരുകാരനായി തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന.

മുന്നണികൾ മറികളിക്കുകയും, പലവട്ടം പാർട്ടികൾ വിട്ട് കൂടുമാറുകയും ചെയ്‌ത പിസി ജോർജിനെ മണ്ഡലത്തിൽ ഇറക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് മടിയുണ്ടെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് പത്തനംതിട്ട പോലെയൊരു ബിജെപി സ്വാധീനമുള്ള മേഖലയിൽ പാർട്ടിയിൽ നിന്നുള്ള ഒരു ശക്തനെ തന്നെ മത്സരരംഗത്ത് ഇറക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പിഎസ് ശ്രീധരൻ പിള്ളയുടെ പേര് ഉയർന്നുവരുന്നത്.
നിലവിൽ ഗോവ ഗവർണറാണ് ശ്രീധരൻ പിള്ള. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വരുന്ന ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. ഇത് കൂടി കണക്കിലെടുക്കുമ്പോൾ പത്തനംതിട്ടയിൽ പിസിയെ വെട്ടി പിള്ളയെ രംഗത്തിറക്കാൻ സാധ്യത കൂടുതലാണ്.
അതേസമയം, പത്തനംതിട്ടയിലെ പട്ടികയിലും കുമ്മനം രാജശേഖരന്റെ പേര് ഇടംപിടിച്ചിട്ടില്ല. അദ്ദേഹം ഇക്കുറി മത്സരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പിസി ജോർജോ കുമ്മനം രാജശേഖരനോ ആയിരിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെന്നായിരുന്നു ആദ്യഘട്ടത്തിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
ഇതിന് പുറമെ കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. തൃശൂരിന് ശേഷം സംസ്ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച ഇപ്പോഴത്തെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 2,97,396 വോട്ടുകൾ നേടിയിരുന്നു.
പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പിസി പറഞ്ഞിരുന്നു. കൂടാതെ ജനപക്ഷം ബിജെപിയിൽ ലയിച്ചതിന് പിന്നാലെ മത്സരിക്കുന്നെങ്കിൽ അത് പത്തനംതിട്ടയിൽ മാത്രമായിരിക്കുമെന്നും പിസി വ്യക്തമാക്കിയിരുന്നു.
എന്നാൽ സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ തുടക്കം മുതലേയുള്ള നിലപാട്. എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി ഒരു പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ താൽപര്യം. ഇതിൽ അന്തിമ തീരുമാനം അറിയാൻ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കുകയാണ് ഏക വഴി.












Click it and Unblock the Notifications