കേരളത്തില്‍ പോളിംഗ് സമയം അവസാനിച്ചു, 70 ശതമാനത്തിനടുത്തേക്ക് പോളിംഗ്; ബൂത്തുകളില്‍ നീണ്ട നിര
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിംഗ് സമയം അവസാനിച്ചു. 70 ശതമാനത്തിലേക്ക് പോളിംഗ് എത്തി കൊണ്ടിരിക്കുകയാണ്. പോളിംഗ് അവസാനിച്ചപ്പോള്‍ 67.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്.
2019ല്‍ കേരളത്തില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ കനത്ത ചൂടും മറ്റും കാരണം പോളിംഗ് ശതമാനം കുറയുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം അറുപതി കടന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂര്‍ ജില്ലയിലാണ്. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ പോളിംഗ് 70 ശതമാനം പിന്നിട്ട് കഴിഞ്ഞു.

നഗര മേഖലകളില്‍ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതല്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കനത്ത ചൂട് തന്നെയായിരുന്നു എല്ലായിടത്തും വിഷയം. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളരെല്ലാം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
ചിലയിടങ്ങളില്‍ സംഘര്‍ഷവും അതുപോലെ കള്ളവോട്ടുകളും ഉണ്ടായിരുന്നു. നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളില്‍ വോട്ടര്‍മാരും പോലീസും തമ്മിലായിരുന്നു ഉന്തും തള്ളും. വരി നില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ചെര്‍ക്കള സ്‌കൂളില്‍ മാധ്യമപ്രവര്‍ത്തരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇടുക്കി ഖജനാപ്പാറയില്‍ കള്ളവോട്ട് ഉണ്ടായത്. ഖജനാപ്പാറ ബൂത്ത് പത്തൊന്‍പതിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. മുരുകന്‍ മൂക്കന്‍ എന്നയാള്‍ വോട്ട ചെയ്യാനെത്തിയപ്പോള്‍, തന്റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. അതുപോലെ കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെയും മാറ്റി.
നാദാപുരം മണ്ഡലത്തിലെ 61, 162 പോളിംഗ് സ്‌റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി.
അതുപോലെ ഇടുക്കി ചക്കുപ്പള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പിടികൂടി. 77ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം 80ാം നമ്പര്‍ ബൂത്തില്‍ എത്തിയപ്പോഴാണ് തടഞ്ഞത്.
അതേസമയം തിരുവല്ലയിലും അടൂരിലും കള്ളവോട്ട് പരാതി ഉയര്‍ന്നിരുന്നു. തിരുവല്ല കുന്നന്താനത്തും, അടൂര്‍ മണക്കാല ബൂത്ത് 166ലുമാണ് കള്ളവോട്ട് പരാതി. തിരുവല്ലയില്‍ അഞ്ജു ഫിലിപ്പോസ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് പരാതി.
കുന്നുകുഴയില്‍ 171ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് ചെയ്തതായി കണ്ടെത്തി. തങ്കപ്പന്‍ എന്നയാള്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ ഇയാളുടെ വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തങ്കപ്പനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കി.












Click it and Unblock the Notifications