രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; പ്രചാരണം കൊഴുപ്പിക്കാൻ തടസമായി പണം, കോൺഗ്രസ് ഇതെങ്ങനെ മറികടക്കും?
വയനാട്: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇല്ലയെന്നിരിക്കെ രാഹുൽ ഗാന്ധി വയനാട്ടിൽ നേരിട്ട് പ്രചാരണത്തിന് എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഏപ്രിൽ മൂന്നിന് ഇവിടേക്ക് എത്തുന്ന രാഹുൽ അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ ആവേശത്തിനിടയിലും വലിയ രീതിയിൽ പാർട്ടിക്ക് തിരിച്ചടിയാവുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്.
നാല് ബാങ്കുകളിലെ പതിനൊന്നോളം അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കോൺഗ്രസ് പിന്നോട്ട് പോയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ പേരിൽ അടുത്തൊരു പിരിവ് നടന്നതിനാൽ കേരളത്തിലെ ഉൾപ്പെടെ സംസ്ഥാന നേതൃത്വങ്ങൾക്ക് അടുത്ത പിരിവിന് പോകാൻ മടിയുണ്ട്.

വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന് നിമിഷ നേരങ്ങൾ കൊണ്ട് മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ഫ്ലെക്‌സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വിപരീതമാണ്. കാര്യമായ ബോർഡുകളോ ബാനറുകളോ എവിടെയും കാണാനില്ല എന്നതാണ് സാഹചര്യം. എങ്കിലും രാഹുൽ വരുന്ന പരിപാടി ആഘോഷമാക്കി തന്നെ നടത്താനാണ് പാർട്ടിയുടെ തീരുമാനം.
രാഹുൽ ഗാന്ധി വരുമ്പോൾ റോഡ് ഷോ നടത്തുമെന്നും ഇപ്പോഴത്തെ മങ്ങലിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് ചൂണ്ടിക്കാണിക്കുമ്പോൾ പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കക്ഷിയുടെ ഇപ്പോഴത്തെ സാമ്പത്തിക നില പരുങ്ങലിൽ ആണെന്നത് ഉറപ്പിക്കാം.
ഇനി ജനങ്ങളിൽ നിന്നുള്ള പിരിവ് മാത്രമാകും കോൺഗ്രസിന് മുൻപിലുള്ള ഏക പോംവഴി. അതിനും പരിമിതികളുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനോ, കേന്ദ്ര നേതൃത്വത്തിൽ നിന്ന് യഥേഷ്‌ടം ഫണ്ട് ലഭിക്കുന്ന ബിജെപിക്കോ സാമ്പത്തിക പ്രതിസന്ധികൾ ഇല്ല. അത് ഇരുകൂട്ടരുടെയും പ്രചാരണ പരിപാടികളിൽ നിന്ന് തന്നെ വ്യക്തമാണ്.
രാഹുലിനെ പോലെയൊരു ദേശീയ നേതാവ് മത്സരിക്കുന്ന മണ്ഡലമായിട്ട് കൂടി അതിന്റെ പകിട്ടിനൊത്ത ഒരുക്കങ്ങൾ വയനാട്ടിൽ നടത്താൻ കഴിയാത്തത് ആശങ്കയോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. എങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉൾപ്പെടെ നിസ്സഹായരാണ്. ആദായനികുതി വകുപ്പിന്റെ പിടിയിൽ പെട്ടുഴലുന്ന പാർട്ടിക്ക് മറ്റ് പോംവഴികൾ തേടേണ്ടി വരുമെന്ന് ചുരുക്കം.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ആനി രാജ പ്രചാരണം ശക്തമാകുകയാണ്. വലിയ മത്സരം തന്നെ കാഴ്‌ച വയ്ക്കാൻ ലക്ഷ്യമിട്ട് കെ സുരേന്ദ്രനും ഇവിടെ ഇറങ്ങുമ്പോൾ ഒരുപടി കൂടി മുകളിൽ നിൽക്കുന്ന പ്രവർത്തനം കാഴ്‌ചവെച്ചാൽ മാത്രമേ കഴിഞ്ഞ തവണത്തെ വമ്പൻ നേട്ടം കോൺഗ്രസിനും, രാഹുൽ ഗാന്ധിക്കും ആവർത്തിക്കാൻ കഴിയൂ.












Click it and Unblock the Notifications