'പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കും, തൃശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും'; കെ മുരളീധരൻ
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുമെന്നും, ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ഇന്നലെയാണ് മണ്ഡലം മാറുന്നത് സംബന്ധിച്ച നിർദ്ദേശം പാർട്ടി മുന്നോട്ട് വച്ചതെന്നും മുരളീധരൻ വ്യക്തമാക്കി. നല്ല പോരാട്ടവും വിജയവുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ടിഎൻ പ്രതാപന് പകരമാണ് കെ മുരളീധരൻ എത്തുന്നത്.

പത്മജയെ മുൻനിർത്തി പ്രചാരണം നടത്തിയാൽ ബിജെപിയ്ക്ക് സുഖമായി മൂന്നാം സ്ഥാനത്തേക്ക് പോകാമെന്നും മുരളീധരൻ പരിഹസിച്ചു. കരുണാകരനെ വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം കോൺഗ്രസിന്റെ സ്വത്താണെന്നും മുരളീധരൻ നിലപാട് വ്യക്തമാക്കി. കരുണാകരന്റെ ആത്മാവിനെ പോലും സംഘിപതാക പതിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തൃശൂരിൽ ബിജെപി സ്ഥാനാർഥിക്കായി ആരെ പ്രചാരണത്തിന് ഇറക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. തൃശൂരിൽ ജയിച്ച് സീറ്റ് നിലനിർത്തുക, ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുക എന്നതാണ് തന്റെ ലക്ഷ്യം. ഇതു രണ്ടുമാണ് പ്രധാന ദൗത്യങ്ങൾ. പത്മജയെ മുന്നിൽ നിർത്തിയാലും നേരിടേണ്ടതില്ല. പാർട്ടിയുടെ നയം പറഞ്ഞുതന്നെ വോട്ടു പിടിക്കും.' മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ചതി ആരു കാണിച്ചാലും അത് കേരളത്തിൽ ചെലവാകില്ല. കെ കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണ്. അത് ആര് വിചാരിച്ചാലും, ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല' മുരളീധരൻ നിലപാട് അറിയിച്ചു.
കൂടാതെ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമർശങ്ങളോടും മുരളീധരൻ പ്രതികരിച്ചു. രാഹുലിൽ ഒരിക്കലും കരുണാകരന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നായിരുന്നു മുരളിയുടെ മറുപടി. പൊളിറ്റിക്കലി തന്തയ്ക്ക് പിറയ്ക്കാത്ത ആളെന്ന് ഇനി പത്മജ അറിയപ്പെടും എന്നായിരുന്നു രാഹുലിന്റെ പരാമർശം.
അതിനിടെ മലപ്പുറം നിലമ്പൂരിൽ പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ബിജെപി പോസ്‌റ്ററിൽ കെ കരുണാകരന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. നരേന്ദ്ര മോദിക്കൊപ്പമാണ് കരുണാകരനും ഇടം നേടിയത്. ഇതിനോട് പ്രതികരിച്ച മുരളീധരൻ അവിടെ കോൺഗ്രസ് പ്രവർത്തകർ ശരിയായ രീതിയിൽ പ്രവർത്തിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. പോസ്‌റ്റർ വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഇത് വലിച്ചുകീറിയിരുന്നു.












Click it and Unblock the Notifications