രാഹുൽ ഗാന്ധി കേരളത്തിലേക്കില്ല; തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും, കാരണം അനാരോഗ്യം
തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ റദ്ദാക്കി. ഇന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗങ്ങളും മറ്റ് പരിപാടികളും റദ്ദാക്കിയതായി കെപിസിസി ആക്‌ടിംഗ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ അറിയിച്ചു.
അനാരോഗ്യത്തെ തുടർന്നാണ് രാഹുൽ ഗാന്ധി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്. കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലിയിൽ നിന്നും അവസാന നിമിഷമാണ് രാഹുൽ പിന്മാറിയത്. അസുഖ ബാധിതനായതിനെ തുടർന്ന് രാഹുലിന് നിലവിൽ ഡൽഹി വിടാൻ കഴിയില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്നലെ സത്നയില്‍ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാനും രാഹുല്‍ തയ്യാറായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി അസുഖ ബാധിതനായത്. ഇതോടെ ഈ രണ്ട് പ്രധാന പരിപാടികളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കേരളത്തിലെ പരിപാടികളിലും മാറ്റം ഉണ്ടായിരിക്കുന്നത്.
ഇതിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി എന്താണെന്ന് വെച്ചാൽ കേരളത്തിലെ വോട്ടെടുപ്പിന് ഇനി ശേഷിക്കുന്നത് കേവലം നാല് നാളുകൾ മാത്രമാണ്. അവസാന ലാപ്പിൽ രാഹുലിനെ ശക്തമായി പ്രചരണ രംഗത്ത് ഇറക്കാൻ ആയിരുന്നു കോൺഗ്രസിന്റെ നീക്കം. രാഹുൽ മത്സരിക്കുന്ന വയനാട് സീറ്റ് മാത്രം മുന്നിൽ കണ്ടായിരുന്നില്ല ഈ നീക്കം.
മറ്റ് സീറ്റുകളുടെ കൂടി ഫലത്തെ സ്വാധീനിക്കാൻ രാഹുലിന്റെ സാന്നിധ്യത്തിന് കഴിയുമെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടിവരയിടുന്നത്. എന്നാൽ ഈ മോഹമാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുക.
പ്രചരണത്തിന് ആവട്ടെ ബുധനാഴ്‌ച വൈകീട്ട് വരെയാണ് സമയം ഉണ്ടാവുക. ശേഷിക്കുന്ന രണ്ട് ദിവസങ്ങളിൽ രാഹുലിനെ കേരളത്തിലേക്ക് എത്തിക്കാനാവുമോ എന്നതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. പ്രത്യേകിച്ച് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഓളം പ്രചരണത്തിൽ ഇക്കുറി കാത്തുസൂക്ഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന മുറുമുറുപ്പുകൾ വിവിധ കോണുകളിൽ നിന്ന് ഉയരുകയും ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications