'ഇപിയുമായി പലഘട്ടത്തിൽ ചർച്ചകൾ നടത്തി, പ്രതീക്ഷിക്കാത്ത നേതാക്കൾ വരെ ബിജെപിയിലേക്ക് വരും'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും ഇപി ജയരാജന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുന്നു. ഇന്ന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയ ഇപി നേരിട്ട് വിഷയത്തിൽ വിശദീകരണം നൽകിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്.
ഇപി ജയരാജനുമായി പലഘട്ടത്തിൽ ചർച്ച നടത്തിയെന്നും അത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ആണെന്നുമാണ് സുരേന്ദ്രൻ പറയുന്നത്. ശോഭ സുരേന്ദ്രന്റെ ആരോപണം ഏറ്റുപിടിച്ചാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ വോട്ടെടുപ്പ് ദിവസം ഇക്കാര്യത്തിൽ നേരിട്ട് രംഗത്ത് വന്നതെന്ന് ശ്രദ്ധേയമാണ്.

ഇരു മുന്നണികളിലെയും അതൃപ്‌തിയുള്ള നേതാക്കളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ജൂൺ നാലിന് ശേഷം പല നേതാക്കളും പാർട്ടിയിലേക്ക് എത്തുമെന്നും അതിൽ ആരും പ്രതീക്ഷിക്കാത്ത പേരുകൾ വരെ ഉണ്ടാവുമെന്നാണ് വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുരേന്ദ്രൻ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ഇടത് മുന്നണിയെ അടിയുലച്ച ആരോപണം ആദ്യം ഉയർന്നത്. ഒരു ഇടത് നേതാവുമായി ബിജെപി ചർച്ച നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇതിന് പിന്നാലെ ആരോപണം ഏറ്റെടുത്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ജയരാജന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇത്തവണ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവസാന നിമിഷം ഉയർന്ന ആരോപണം വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് ഇന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജയരാജൻ തന്നെ നേരിട്ട് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകാനും അദ്ദേഹം തയ്യാറായി.
ശോഭാ സുരേന്ദ്രനും കെ സുധാകരനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ആരോപണമെന്നും അതിന് നാലോളം മാധ്യമ പ്രവർത്തകരും കൂട്ടുനിന്നെന്നും ഇപി ജയരാജൻ ആരോപിച്ചു. സുധാകരനും ശോഭയും തമ്മിലുള്ള ആന്തരിക ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള നീക്കം നടന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. കൂടാതെ പ്രകാശ് ജാവദേക്കർ തന്നെ കാണാൻ വന്നിരുന്നുവെന്ന സമ്മതിച്ച ജയരാജൻ കൂടെ ദല്ലാൾ നന്ദകുമാർ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. രാഷ്ട്രീയം സംസാരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ബിജെപി ആരോപണം കടുപ്പിക്കുന്നത്. ഇടത് വോട്ടുകൾ ഭിന്നിപ്പിക്കാനും ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കാനും ലക്ഷ്യമിട്ടാണ് ബിജെപി ഈ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇടത് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.












Click it and Unblock the Notifications