'തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ഗൂഢാലോചന നടത്തി'; ഇപി ജയരാജൻ
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരായ ആരോപണങ്ങൾ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ചേർന്ന് നടത്തിയ ഗൂഢാലോചന ആണെന്നും ജയരാജൻ ആരോപിച്ചു.
'പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ കാണാം. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്ര വിജയം നേടും. ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടതുപക്ഷം ജയിച്ചുവന്നാൽ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷം ഇല്ലാത്തൊരു ഇന്ത്യയില്ല.' ജയരാജൻ പറഞ്ഞു.

ഈ ധാരണയിൽ എല്ലാവരും വന്ന് വോട്ട് ചെയ്‌ത് കൊണ്ടിരിക്കുകയാണ്. ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. അത് കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും അതുപോലെ ബിജെപിയുടെ ആലപ്പുഴ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും മൂന്ന്-നാല് പത്രപ്രവർത്തകരും കൂടി നേരത്തെ തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ, മറുപടി പറയാൻ സമയമില്ലാത്ത സമയത്ത് ഒരു അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സുധാകരന്റെ മേലെയുള്ള ബിജെപിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള നീക്കം നടന്നു. ആസൂത്രിതമായ ഒരു നീക്കമായിരുന്നു അത്. അതിലേക്ക് എന്റെ പേര് വലിച്ചിഴച്ചു.
എന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഞാൻ ഇന്ന് വരെ ശോഭ സുരേന്ദ്രനുമായി ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ആകെ ഒരിക്കൽ കണ്ടത് ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ കോട്ടയത്ത് ശവസംസ്‌കാരത്തിന്റെ ഭാഗമായിട്ട് ബോഡി വന്ന അവസരത്തിൽ അവിടെയാണ് ഞാൻ ആ സ്ത്രീയെ കണ്ടത്.
എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ അവർ ഉന്നയിക്കുന്നത്. അത് ശോഭ സുരേന്ദ്രനും കെ സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ്. ബിജെപി,ആർഎസ്എസ്-കോൺഗ്രസ് ബന്ധത്തിന്റെ ഉദാഹരണമാണിത്. ഇവർ വിഷയം ആലോചിച്ചു ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത് ചില മാധ്യമ പ്രവർത്തകരാണ്.
ഇവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിക്കും, എന്റെ മകൻ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത ആളാണ്. എന്റെ മകനും ശോഭ സുരേന്ദ്രനുമായി യാതൊരു പരിചയവുമില്ല. കൊച്ചിയിലെ ഒരു വിവാഹത്തിൽ പോയ സമയത്ത് അവിടെ ശോഭ വന്ന് എന്റെ മകനോട് സംസാരിച്ചു. നമ്പർ ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും ജയരാജൻ പറയുന്നു.
എന്നെപോലെ ഉള്ള ഒരാളെ കുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചത്. സുധാകരൻ എന്തായാലും ബിജെപിയിലേക്ക് പോവാൻ നിൽക്കുന്ന ആളാണ്. ഞാൻ ഇന്നലെ തന്നെ പറഞ്ഞല്ലോ തമിഴ്‌നാട്ടിലെ ബിജെപി നേതാവ് രാജയുമായി സുധാകരൻ സംസാരിച്ചു, അമിത് ഷായെ നേരിട്ട് കണ്ടു. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുധാകരന്റെ സ്ഥാനം എവിടെയാവും എന്ന് നമുക്ക് കാണാമെന്നും ഇപി പറഞ്ഞു.
രണ്ട് വർഷത്തോളമായി ഞാൻ ഡൽഹിയിൽ പോയിട്ട്. ഇടയ്ക്ക് ഒരു തവണ പോയത് മന്ത്രിമാരും എംഎൽഎമാരും നടത്തുന്ന സമരത്തിനാണ്. എന്തും വിളിച്ചു പറയുന്നതാണോ ബിജെപിയുടെ സംസ്‍കാരം. രാജ്യത്തെ ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകാശ് ജാവദേക്കർ തന്നെ കാണാൻ വന്നതാണെന്നും ഇപി ജയരാജൻ പറഞ്ഞു. ഒരു പത്ത് മിനിറ്റ് കാണാമോ എന്ന് ചോദിച്ചാണ് വന്നത്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുന്നത് ഞാനുമായിട്ട് വേണ്ട എന്നാണ് മറുപടി പറഞ്ഞത്. ചർച്ചകൾ ഒന്നും നടന്നിട്ടില്ല. എന്നെ കാണാൻ പലരും വരാറുണ്ട്. അതുകൊണ്ട് ആരോടെങ്കിലും ഒന്ന് സംസാരിച്ചാൽ മാറിപ്പോകുന്ന രാഷ്ട്രീയമല്ല തന്റേത് എന്നും ഇപി പറഞ്ഞു.












Click it and Unblock the Notifications