യൂത്താണ്, മാസാണ് ഷാഫി, വടകരയില്‍ അടിച്ചുകേറിയത് ഇക്കാരണത്താല്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക്
കോഴിക്കോട്: തീര്‍ത്തും സര്‍പ്രൈസായൊരു നീക്കത്തിലൂടെയായിരുന്നു വടകരയിലേക്ക് ഷാഫി പറമ്പില്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ അപാര തന്ത്രമെന്ന് തന്നെ ഇതിനെ പറയാം. മുരളീധരന്‍ തൃശൂരിലേക്ക് വണ്ടി കയറ്റിയ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനും കെകെ ശൈലജയ്ക്കും വമ്പന്‍ ചെക്ക് വെക്കുകയായിരുന്നു. അതില്‍ വടകര തിരിച്ചുപിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ എല്ലാ പ്ലാനും തകര്‍ന്നടിയുകയായിരുന്നു.
114506 വോട്ടിനാണ് ഷാഫി വടകര പിടിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണെന്ന് തന്നെ പറയാം. അക്ഷരാര്‍ത്ഥത്തില്‍ വടകരയില്‍ സീന്‍ മാറ്റുകയായിരുന്നു ഷാഫി. കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഷാഫി പരാജയപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് തരംഗം തന്നെ സംസ്ഥാനത്ത് ആഞ്ഞടിച്ചാലും വടകരയെന്ന കോട്ട കൈവിടില്ലെന്നായിരുന്നു സിപിഎമ്മിന്റെ ധാരണ. പക്ഷേ മണ്ഡലത്തിലെത്തുന്നത് മുതല്‍ ഷാഫി കൃത്യമായി ഓരോ ചുവടുവെപ്പും പ്ലാനിംഗോടെയാണ് നടത്തിയത്. പാലക്കാട് നിന്ന് ഷാഫിയെ വോട്ടര്‍മാര്‍ കണ്ണീരോടെ യാത്രയാക്കുന്നതായിരുന്നു ഇതില്‍ ആദ്യത്തേത്. ജനങ്ങള്‍ക്കിടയില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ ഈ രംഗങ്ങള്‍ ഷാഫിയെ സഹായിച്ചിട്ടുണ്ട്.
പ്രചാരണത്തില്‍ അശ്ലീല വീഡിയോ വിവാദവും, കാഫിര്‍ പ്രയോഗവുമെല്ലാം നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിയുകയും, വോട്ടര്‍മാര്‍ കൂടുതലായി ഷാഫിക്ക് പിന്തുണയ്ക്കുന്നതുമെല്ലാമാണ് പിന്നീട് കണ്ടത്. ഇടതുപക്ഷത്തിന് തിരിച്ചടിയായതും ഇത്തരത്തിലുള്ള പ്രചാരണമാണ്.
ഷാഫിയുടെ യുവത്വം മറ്റൊരു തരത്തില്‍ വടകരയിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് കിട്ടുന്നതിന് സഹായകരമായിട്ടുണ്ട്. ശൈലജ വന്നതോടെ വടകരയ്ക്ക് വേണ്ടി ആരും ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചിരുന്നു. ഇവിടെ നിന്നാണ് ഷാഫിയെത്തി സീന്‍ മാറ്റിയത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫ് തരംഗവും ഷാഫി പറമ്പിലിന് അനുകൂലമായ ഘടകങ്ങളായി.
അതോടൊപ്പം മുസ്ലീം ലീഗിന്റെ ശക്തമായ സാന്നിധ്യവും യുഡിഎഫ് മുന്നേറ്റത്തിന് സഹായകരമായി മാറി. ആര്‍എംപിയുടെ വോട്ടുകളും വിജയമാര്‍ജിന്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ടിപി കൊലക്കേസില്‍ സിപിഎം നേതാക്കളുടെ പങ്കും പ്രചാരണത്തില്‍ വീണ്ടും ചര്‍ച്ചയായതും യുഡിഎഫിന് ഗുണകരമായി.
അതേസമയം മുരളീധരന്‍ 2019ല്‍ 84663 വോട്ടിനാണ് വടകരയില്‍ വിജയിച്ചത്. ഈ ഭൂരിപക്ഷത്തെ മറികടന്നാണ് ഷാഫി ഇത്തവണ റെക്കോര്‍ഡിട്ടത്. ഷാഫി വിജയിച്ചതോടെ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു ഷാഫി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്.
വെറും 3859 സീറ്റുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫിക്കുണ്ടായിരുന്നത്. 2016ല്‍ 17483 വോട്ടിന് ജയിച്ചതില്‍ നിന്നാണ് വോട്ട് കുറഞ്ഞത്. ഇ ശ്രീധരന്‍ വന്നത് ബിജെപിക്ക് നേട്ടമാവുകയായിരുന്നു. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം എകെ ബാലനെ അടക്കമുള്ളവരെ പരിഗണിച്ചേക്കാം. കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications