ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്.
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിൽ ഉണ്ടാവുക. നാളെ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ടുണ്ടാവുക. ജൂലൈ ആറാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിൽ ഉണ്ടാവും. മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കടൽക്ഷോഭം രൂക്ഷമാവാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് നൽകിയ മഴ മുന്നറിയിപ്പ്:
ഓറഞ്ച് അലർട്ട്
03/07/2026: കണ്ണൂർ, കാസർഗോഡ്
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.
മഞ്ഞ അലർട്ട്
02/07/2026: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
03/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
05/07/2026: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
06/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
മുകളിൽ പറയുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐഎൻസിഒഐഎസ്) കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
2026 ജൂലൈ 3 രാത്രി 11.30 വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യതയുള്ള തീരപ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കരുത്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാല ശമിക്കുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണം.
ഐഎൻസിഒഐഎസ് മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടൽതീരങ്ങളിലെ മറ്റ് വിനോദ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.












Click it and Unblock the Notifications