ഭവനരഹിതർക്ക് സഹായ ഹസ്‌തവുമായി എംഎ യൂസഫലി; 10 നിർധന കുടുംബങ്ങൾക്ക് കൂടി വീട് വച്ച് നൽകും
കൊച്ചി: ലുലു ഗ്രൂപ്പിന്റെ തണലിൽ സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്‌നം കൂടി യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് സഹായഹസ്‌തവുമായി രംഗത്ത് വന്നത്. 24 കണക്റ്റുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീടുകൾ നിർമ്മിക്കുന്നത്.
ഇതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് എംഎ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻബി സ്വരാജ്, 24 ന്യൂസ് മാനേജിംഗ് ഡയറക്‌ടർ ആർ ശ്രീകണ്ഠൻ നായർക്ക് കൈമാറി. നേരത്തെ ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ വിതരണ ചടങ്ങിനിടെയാണ് പത്ത് കുടുംബങ്ങൾക്ക് കൂടി സമാനമായി വീട് നൽകുമെന്ന് എംഎ യൂസഫലി പ്രഖ്യാപിച്ചിരുന്നത്.

അദേഹം അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എംഎ യൂസഫലിയുടെ സഹായം കൊണ്ട്, സ്വന്തമായി വീട് എന്ന കുടുംബങ്ങളുടെ വലിയ സ്വപ്‌നമാണ് സഫലമാകുന്നതെന്നും നിർധനരായ മനുഷ്യരുടെ കണ്ണീരൊപ്പുന്ന എംഎ യൂസഫലിയുടെ വലിയ മനസിന് നന്ദി അറിയിക്കുന്നുവെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാണ് നിർമ്മിക്കുക.
അസറ്റ് ഹോംസിനാണ് വീടുകളുടെ നിർമ്മാണ ചുമതല. ആധുനിക സൗകര്യങ്ങളോടെ നല്ല നിലവാരത്തിലുള്ള വീടുകളാണ് നിർമ്മിക്കുകയെന്നും, എത്രയും വേഗം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറുമെന്നും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് പറഞ്ഞു. പാവപ്പെട്ട മനുഷ്യർക്ക് വലിയ സഹായമാകുന്ന ഈ പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി എല്ലാവിധ പിന്തുണയും അറിയിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് പ്രതിനിധി വിആർ പീതാംബരനും പങ്കെടുത്തു.
അതേസമയം, കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിൽ ഒരാളായ എംഎ യൂസഫലിയും അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് പങ്കാളികളാവുന്നത്. നിർധനരായ രോഗികളുടെ ചികിത്സ, വീടുകൾ നിർമ്മിച്ച് നൽകൽ, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള ആതുരസേവന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് നടത്തി വരുന്നുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിൽ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി 10 കോടി രൂപ സംഭാവനയായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിർധന കുടുംബങ്ങൾക്ക് വീടുവച്ച് നൽകുമെന്ന ലുലു ചെയർമാന്റെ പ്രഖ്യാപനം വന്നത്.












Click it and Unblock the Notifications