ലുലു മാൾ ഇനി വർണങ്ങളിൽ ആറാടും; പുഷ്‌പമേള 12ന് ആരംഭിക്കും, ഇക്കുറി കാണാൻ മാത്രമല്ല, പിന്നെ..?
കൊച്ചി: പൂക്കളുടെ വസന്തകാല ഉത്സവവുമായി ലുലുമാളിൽ പുഷ്‌പമേളയ്ക്ക് ഫെബ്രുവരി 12ന് തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്‌പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി ലുലു മാളിൽ അണിനിരത്തുക. 'ലുലു ഫ്ലവര്‍ ഫെസ്‌റ്റ് 2025' എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്. ഇത്തവണ പുഷ്‌പമേളയ്ക്ക് കൂടുതൽ ജനപങ്കാളിത്തം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
അലങ്കാര സസ്യങ്ങൾ, വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്‌പ വൈവിധ്യങ്ങൾ എന്നിവ മേളയുടെ ആകർഷണമാണ്. വീടുകളിലും ടെറസുകളിലും പൂന്തോട്ടം ക്രമീകരിക്കാൻ ആവശ്യമായ ചെടികൾ, ചെടികളിലെ വൈവിധ്യമാർന്ന ഇനങ്ങൾ എന്നിവ എല്ലാം പുഷ്‌പമേളയിലൂടെ നേരിട്ട് കാണാനും കുറഞ്ഞ വിലയിൽ വാങ്ങുവാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്ലാറ്റുകളിലും കുറഞ്ഞ ഭൂമിയുള്ള ഇടങ്ങളിലും താമസിക്കുന്നവരെ ആകർഷിക്കുന്ന ഒട്ടേറെ ഇനങ്ങൾ പ്രദർശനത്തിൽ ഉണ്ടാവും. കൂടുതൽ സ്ഥല സൗകര്യങ്ങൾ ആവശ്യമില്ലാത്തതും ഒപ്പം ഭംഗിയിൽ ഒട്ടും കുറവില്ലാത്തതുമായ ചെടികൾക്ക് ആവശ്യക്കാർ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, പുഷ്‌പങ്ങള്‍ എന്നിവവയൊക്കെ മേളയിൽ ഒരുക്കുന്നുണ്ട്. കൊച്ചി ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പുഷ്‌പമേള നടക്കുന്നത്. ഫെബ്രുവരി 12 ബുധനാഴ്‌ച തുടങ്ങുന്ന മേള 16 ഞായറാഴ്‌ചയാണ് അവസാനിക്കുക.
മേളയുടെ ഭാഗമായി കുട്ടികളുടെ ഫാഷൻ ഷോയും ലുലു മാളിൽ നടക്കുന്നുണ്ട്. ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് വിഭാഗത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10,000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും. ഇതിനുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്, 12ന് സമാപിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പെട്ടെന്ന് തന്നെ രജിസ്‌റ്റർ ചെയ്യുന്നതാണ് നല്ലത്.
അതേസമയം, പുഷ്‌പമേളയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം നടി മഹിമാ നമ്പ്യാർ, കലാഭവൻ ഷാജോൺ, മാത്യു തോമസ്, അർജുൻ അശോകൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അമ്പരീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിജേഷ് ചാലുപ്പറമ്പിൽ, ഓപറേഷൻസ് മാനേജർ ഒ സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന പുഷ്‌പമേളയുടെ കൂടുതൽ പേരെ ലുലുവിലേക്ക് ആകർഷിക്കാം എന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. ഇതിന്റെ ഭാഗമായുള്ള ഫാഷൻ ഷോയിൽ ഉൾപ്പെടെ വമ്പിച്ച ജനപങ്കാളിത്തത്തെയാണ് ലുലു ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ആരംഭിച്ച കോട്ടയം, കോഴിക്കോട് മാളുകളിൽ ജനത്തിരക്ക് ഇപ്പോഴും തുടരുന്ന വേളയിലാണ് ഇത്തരം പരിപാടികളുമായി അവർ രംഗത്ത് വരുന്നത്.












Click it and Unblock the Notifications