കേരളത്തിൽ കൂടുതൽ സ്‌റ്റോറുകൾ തുറക്കാൻ ലുലു; രാജ്യത്തെ റീട്ടെയിൽ സ്‌പേസ് 20 ലക്ഷം ചതുരശ്ര അടി കടന്നു!

കൊച്ചി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ലുലു റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 23 ആയി ഉയർന്നതോടെ ആകെ റീട്ടെയിൽ വിസ്‍തൃതി 20 ലക്ഷം ചതുരശ്ര അടി പിന്നിട്ടു. പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ വിവിധ ജില്ലകളിലും കൂടുതൽ സ്‌റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഒക്ടോബറിൽ മാത്രം പുതിയ സ്‌റ്റോറുകളിലൂടെ ഏകദേശം 1.4 ലക്ഷം ചതുരശ്ര അടി റീട്ടെയിൽ വിസ്‌തൃതി കൂട്ടിച്ചേർത്തിട്ടുണ്ട്. ഒക്ടോബർ 17ന് ബെംഗളൂരുവിലെ ജെപി നഗറിൽ 40,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള ലുലു ഡെയ്‌ലി സ്‌റ്റോർ തുറന്നിരുന്നു. നഗരത്തിലെ കമ്പനിയുടെ ഏഴാമത്തെ ഔട്ട്‌ലെറ്റാണിത്. ആയിരത്തിലധികം തൊഴിലവസരങ്ങൾ ഈ സ്‌റ്റോറിലൂടെ സൃഷ്‌ടിച്ചതായാണ് റിപ്പോർട്ട്.

lulu

ഒക്ടോബർ 18ന് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഐ തംസ് ഗലേറിയ മാളിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള ഹൈപ്പർമാർക്കറ്റും പ്രവർത്തനം ആരംഭിച്ചിരുന്നു. പലചരക്ക് സാധനങ്ങൾ, പഴങ്ങളും പച്ചക്കറികളും, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാകും. ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ ലുലുവിന്റെ സാന്നിധ്യം ശക്തമാക്കുന്നതിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രധാന ചുവടുവയ്പ്പാണ്.

ചെന്നൈയിലും ലുലു ഗ്രൂപ്പ് പുതിയ റീട്ടെയിൽ കേന്ദ്രങ്ങൾ ആരംഭിച്ചു. ഒക്ടോബർ 12ന് ഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്‌റ്റേഷനുകളിലാണ് രണ്ട് ഔട്ട്‌ലെറ്റുകൾ തുറന്നത്. ഷെണോയ് നഗറിലെ ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്‍തൃതിയുള്ള ഹൈപ്പർമാർക്കറ്റ് മെട്രോ സ്‌റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സൂപ്പർമാർക്കറ്റിനൊപ്പം ഫാഷൻ സ്‌റ്റോറും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ലുലു കണക്റ്റും ഇവിടെയുണ്ട്. ചെന്നൈ സെൻട്രൽ മെട്രോ സ്‌റ്റേഷനിലെ 35,000 ചതുരശ്ര അടി വിസ്‍തൃതിയുള്ള ലുലു ഡെയ്‌ലി സ്‌റ്റോറിൽ നിത്യോപയോഗ സാധനങ്ങളും പലചരക്ക് ഉൽപ്പന്നങ്ങളും എല്ലാം ഒരു കുടക്കീഴിലായി ലഭിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അതേസമയം, വലിയ ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ വീടുകൾക്ക് സമീപം ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ചെറിയ സ്‌റ്റോറുകൾ ആരംഭിക്കുന്നതിനും ലുലു പ്രാധാന്യം നൽകുന്നുണ്ട്. ലുലു ഡെയ്‌ലി, ലുലു എക്‌സ്പ്രസ് തുടങ്ങിയ ചെറുകിട സ്‌റ്റോർ മാതൃകകളിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ലക്ഷ്യം.

കേരളത്തിലും പുതിയ ഹൈപ്പർമാർക്കറ്റുകളും ചെറുകിട സ്‌റ്റോറുകളും ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രധാന നഗരങ്ങൾക്കൊപ്പം രണ്ടാംനിര നഗരങ്ങളിലേക്കും പ്രാദേശിക വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ ലുലുവിന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലെല്ലാം മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma