'ലണ്ടനിൽ നിന്ന് വരെ വിളി വന്നു, മാധ്യമങ്ങളുടെ കരുതലിന് നന്ദി'; സിപിഎം സമ്മേളന വേദിയിൽ മുകേഷ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളന വേദിയിലെത്തി മുകേഷ് എംഎൽഎ. സ്വന്തം മണ്ഡലത്തിൽ നടന്ന സമ്മേളനമായിരുന്നിട്ട് കൂടി മൂന്നാം ദിവസമാണ് മുകേഷ് ഇവിടേക്ക് എത്തിയത്. നേരത്തെ മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സമ്മേളനത്തിന് എത്തിയ മുകേഷ് മാധ്യമങ്ങളെ പരിഹസിക്കുകയും ചെയ്‌തു.
ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് താൻ രണ്ട് ദിവസം മാറനിന്നതെന്നും ഇക്കാര്യം മുന്‍കൂട്ടി പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നുമാണ് മുകേഷ് നൽകുന്ന വിശദീകരണം. തന്നോട് മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും മുകേഷ് പരിഹാസ രൂപേണ പറഞ്ഞു. കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ നല്‍കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ; എന്നായിരുന്നു മുകേഷ് പറഞ്ഞത്.
നമ്മൾ ഇല്ലാതെ കൊല്ലമില്ലെന്നും മുകേഷ് പറഞ്ഞു. ലണ്ടനിൽ നിന്ന് വരെ തനിക്ക് ഫോൺ കോൾ വന്നെന്നും മുകേഷ് ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍ നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നായിരുന്നു മറുപടി; മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ടൗൺ ഹാളിലെ സംസ്ഥാന സമ്മേളന വേദയിലെത്തിയ മുകേഷ് നേരെ മാധ്യമങ്ങൾക്ക് മുൻപിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെയായിരുന്നു അസാന്നിധ്യം ചർച്ചയാക്കിയ മാധ്യമങ്ങളെ പരിഹസിച്ചും വിമർശിച്ചും എംഎൽഎ രംഗത്ത് വന്നത്. ലൈംഗികാരോപണ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുകേഷിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു പ്രധാനമായും വന്ന വാർത്തകൾ.
എന്നാൽ വിവാദം അവസാനിപ്പിക്കൻ പാർട്ടിയുടെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇവിടേക്ക് എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അവസാനമായി സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങിലായിരുന്നു മുകേഷ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ലൈംഗിക പീഡന കേസിൽ താരത്തിനെതിരെ കുറ്റപത്രം വന്നിരുന്നു. ഇതോടെ രാജി ആവശ്യവും ശക്തമായിരുന്നു.












Click it and Unblock the Notifications