ഐഎഎസ് തലപ്പത്ത് സുപ്രധാന അഴിച്ചുപണി; എൻ പ്രശാന്ത് കെഎസ്ഇബി സിഎംഡി, അനുപമയ്ക്കും മാറ്റം
തിരുവനന്തപുരം: കേരളത്തിലെ സുപ്രധാന തസ്‌തികകളിൽ ഇരിക്കുന്ന എഐഎസ് ഉദ്യോഗസ്ഥർക്ക് ചുമതലകളിൽ മാറ്റം. നവംബർ രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം എൻ പ്രശാന്ത്, അനുപമ ടി വി, ഡോ. ഷർമിള മേരി ജോസഫ്, പിബി നൂഹ് എന്നിവർ ഉൾപ്പെടെ ഉള്ളവർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. എൻ പ്രശാന്ത് ഐഎഎസിനെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായി നിയമിച്ചു.
നിലവിൽ കായിക യുവജനകാര്യ വകുപ്പ്, മൃഗശാലകൾ, മ്യൂസിയം, പുരാവസ്‌തു, പുരാരേഖാ വകുപ്പുകൾ, നികുതി വകുപ്പ് എന്നിവയുടെ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. പുതിയ ചുമതലയോടൊപ്പം കായിക യുവജനകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി പദവിയിലും അദ്ദേഹം തുടരും. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തേക്കായി ഒരു വർഷത്തേക്ക് പ്രത്യേക തസ്‌തിക സൃഷ്‌ടിച്ചാണ് നിയമനം നടത്തിയത്. അനുപമ ടിവി ഐഎഎസിനെ ധനകാര്യ വകുപ്പിലെ ചെലവ് വിഭാഗം സെക്രട്ടറിയായി നിയമിച്ചു.

നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പിലെ വ്യോമയാനം, മെട്രോ, റെയിൽവേ വിഭാഗങ്ങളുടെ ചുമതല, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ, മാനേജിങ് ഡയറക്‌ടർ എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു. പുതിയ നിയമനത്തോടൊപ്പം പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അനുപമയ്ക്കു നൽകിയിട്ടുണ്ട്.
ഡോ. ഷർമിള മേരി ജോസഫ് ഐഎഎസിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ആയുഷ് വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും അവർ വഹിക്കും. ആരോഗ്യ മേഖലയിലെ ചുമതലകളിൽനിന്ന് ഗതാഗത വകുപ്പിലേക്കുള്ള മാറ്റമാണ് പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിരുന്ന പി ബി നൂഹ് ഐഎഎസിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഷീബ ജോർജ് ഐഎഎസിനെ ആ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് പ്രധാന ഉദ്യോഗസ്ഥർക്കും സ്ഥാനചലനം ഉണ്ടായിട്ടുണ്ട്.
നേരത്തെ കെഎസ്ഇബി ചെയർമാനും എംഡിയുമായി പ്രവർത്തിച്ചിരുന്ന രാജമാണിക്യത്തെ സ്ഥലംമാറ്റിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏറെ പഴി കേട്ടയാളാണ് രാജമാണിക്യം. അവിടേക്കാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടി നേരിട്ടിരുന്ന എൻ പ്രശാന്ത് ചുമതലയേൽക്കാൻ എത്തുന്നത്.
അതുപോലെ തന്നെ ആരോഗ്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ഷർമിള മേരി ജോസഫിനും സ്ഥാനമാറ്റം ഉണ്ടായെന്നത് ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന വകുപ്പുകളിൽ ഒന്നാണിത്. കൂടാതെ തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് ടിവി അനുപമയെയും മാറ്റിയിരിക്കുന്നത്.


Click it and Unblock the Notifications
