കൊച്ചിക്കാരുടെ ഒരു യോഗമേ; 100 കോടി ചിലവിട്ട് പണിത കണ്ടെയ്‌നർ റോഡ് വീണ്ടും വെട്ടിപൊളിക്കും! ഇതാണ് കാരണം
കൊച്ചി: അടുത്തകാലത്തായി നിരവധി റോഡുകളാണ് നഗരത്തിൽ മുഖം മിനുക്കിയതും നവീകരണം പൂർത്തിയാക്കിയതും. അത്തരത്തിൽ ഏറെ പ്രതീക്ഷയോടെ ആളുകൾ നോക്കി കണ്ട ഒന്നായിരുന്നു കണ്ടെയ്‌നർ റോഡ്. എന്നാൽ 100 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ട കണ്ടെയ്‌നർ റോഡ് വീണ്ടും കുഴിക്കാൻ സാധ്യതയെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചിട്ടും പ്രവർത്തിക്കാത്ത വഴിവിളക്കുകൾക്ക് വൈദ്യുതി എത്തിക്കാനാണ് ഇത്തവണ റോഡ് വെട്ടിപ്പൊളിക്കുന്നത്.
എറണാകുളം കലക്‌ടർ പ്രിയങ്ക ജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉയർന്നുവന്നത്. ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുള്ള (NH 996എ) പാതയിലെ 1100-ൽ അധികം വഴിവിളക്കുകൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനായി കണ്ടെയ്‌നർ റോഡിന്റെ ചില ഭാഗങ്ങൾ പൊളിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

എന്നാൽ അധികൃതരുടെ ഈ നീക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ യോഗം വിളിച്ചുചേർത്ത എറണാകുളം എംപി ഹൈബി ഈഡനും വിവിധ കൗൺസിലർമാരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒന്നര വർഷം നീണ്ട റോഡിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് തന്നെ ഈ ജോലികൾ പൂർത്തിയാക്കേണ്ടിയിരുന്നെന്ന് അവർ ചൂണ്ടിക്കാട്ടി.
റോഡ് പണി നടക്കുന്ന സമയത്ത് ഇത് സമാന്തരമായി ചെയ്‌തു തീർക്കേണ്ടതായിരുന്നു എന്നാണ് ജനപ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കെഎസ്ഇബിക്കെതിരെ രൂക്ഷമായ വിമർശനമാണ് അവർ ഉന്നയിക്കുന്നത്. പൊതുഖജനാവിൽ നിന്ന് അനാവശ്യമായി പണം കളയുകയും യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുകയുമാണ് ഇവരെന്നാണ് ആക്ഷേപം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന കണ്ടെയ്‌നർ റോഡ്, ദിവസവും ഏകദേശം 40,000 വാഹനങ്ങൾ കടന്നുപോകുന്ന മേഖലയിലെ സുപ്രധാന പ്രധാന പാതയാണ്. അപകട സാധ്യത കൂടുതലുള്ള റോഡായി ഇത് തരംതിരിച്ചതിനെ തുടർന്നാണ് നവീകരിച്ചത്. ഈ ഭാഗത്ത് തെരുവ് വിളക്കുകൾ കത്താതായതോടെ അപകടം പതിവായിരിക്കുകയാണ്.
അത് മാത്രമല്ല മറ്റ് സാമൂഹിക പ്രശ്‌നങ്ങളും ഈ റോഡിൽ നേരിടുന്നുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. വെളിച്ചക്കുറവ് കാരണം ഈ പാതയിൽ അനധികൃതമായി മാലിന്യം തള്ളൽ, തെരുവ് നായ ശല്യം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ സാരമായി വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അതിനിടയിലാണ് തെരുവ് വിളക്കുകൾ കൊണ്ട് വരാനായി വീണ്ടും റോഡ് കുത്തിപൊളിക്കുന്നത്.
ട്രാൻസ്ഫോർമർ ആവശ്യകതകളെയും ചെലവുകളെയും ചൊല്ലി കെഎസ്ഇബിയുമായുള്ള തർക്കങ്ങളാണ് വൈദ്യുതി വിതരണം വൈകാൻ കാരണമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു. തുടക്കത്തിൽ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ കെഎസ്ഇബി 18 ലക്ഷം രൂപയുടെ (ഓരോന്നിനും 9 ലക്ഷം രൂപ വീതം) എസ്‌റ്റിമേറ്റ് നൽകിയിരുന്നു. പിന്നീട് ഇത് നാല് ട്രാൻസ്ഫോർമറുകൾക്ക് ഒരു കോടിയിലധികം രൂപയുടെ മൊത്തം എസ്‌റ്റിമേറ്റായി പരിഷ്‌കരിച്ചു എന്നാണ് ആക്ഷേപം.
ഒരു പുതിയ 100 kVA ട്രാൻസ്ഫോർമർ സ്ഥാപിക്കാനും നിലവിലുള്ള 100 kVA ട്രാൻസ്ഫോർമർ 160 kVA ആയി നവീകരിക്കാനും ദേശീയപാതാ അതോറിറ്റി നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ഇത് മാത്രം വൈദ്യുതി ആവശ്യകതകൾക്ക് മതിയാകില്ലെന്ന് കെഎസ്ഇബി യോഗത്തിൽ വ്യക്തമാക്കി. അധിക ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചില്ലെങ്കിൽ, റോഡിനോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ഏകദേശം 4000 വീടുകൾക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെന്നാണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.












Click it and Unblock the Notifications