ആര്യാടന് ഷൗക്കത്തിനെ വെല്ലാന്‍ വിഎസ് ജോയി: മലപ്പുറം ഡിസിസി അധ്യക്ഷ പദവിയില്‍ ഗ്രൂപ്പ് രഹിത നീക്കം
മലപ്പുറം: കെപിസിസിയില്‍ പുനഃസംഘടനയുണ്ടാവുന്നതിന് മുമ്പ് പുതിയ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് കെ സുധാകരന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മുഴുവന്‍ ഡിസിസികളിലും പുനഃസംഘടനയുണ്ടാവുമെന്ന് എഐസിസി വ്യക്തമാക്കിയതോടെ നിലവില്‍ ജില്ലാ തലത്തിലെ പ്രവര്‍ത്തനം ഒന്നും സജീവമല്ല.
അതുകൊണ്ട് കൂടിയാണ് ഡിസിസികളെ ആദ്യം പരിഗണിക്കുന്നത്. പുനഃസംഘടന ഉറപ്പായതോടെ സ്ഥാനം പിടിക്കാന്‍ നേതൃതലത്തില്‍ വലിയ ചരട് വലികളാണ് നടക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍ ശക്തമായിരിക്കുന്നത്.

ഡിസിസി അധ്യക്ഷനായിരുന്ന വിവി പ്രകാശ് അന്തരിച്ചതോടെ മാസങ്ങലായി മലപ്പുറത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥാനം ലക്ഷ്യമിട്ട് നാലോളം നേതാക്കളാണ് ഇതിനോടകം തന്നെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരില്‍ പലരും പിന്തുണ തേടി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന നേതാക്കളെ നിരന്തരം സമീപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഡിസിസി പ്രസിഡന്റ് നിയമനത്തിന് എഐസിസി നിയോഗിച്ച സംഘത്തിലെ പിവി മോഹനന് അടുത്ത ദിവസം മലപ്പുറത്ത് എത്തുന്നുണ്ട്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായ പാര്‍ട്ടി ഭാരവാഹികളോടും നേതാക്കളോടുമായി ഇദ്ദേഹം ചര്‍ച്ച നടത്തും.

ഡിസിസിയിലെ നിലവിലെ അംഗങ്ങള്‍, ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവരുമായി എഐസിസി സെക്രട്ടറി മോഹനന് ചര്‍ച്ച നടത്തും. എഐസിസി സെക്രട്ടറി വരുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച ഡിസിസിയില്‍ പ്രത്യേക യോഗവും വിളിച്ച് ചേര്‍ത്തിരുന്നു.

ഇ മുഹമ്മദ് കുഞ്ഞിക്കാണ് നിലവില്‍ താല്‍ക്കാലിക പ്രസിഡന്റ് പദവി നല്കിയിക്കുന്നത്. പരമ്പരാഗതമായി മലപ്പുറം ജില്ലയിലെ ഡിസിസി സ്ഥാനം എ ഗ്രൂപ്പിനാണ് ലഭിക്കാറുള്ളത്. അത് ഇത്തവണയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നിലമ്പൂര്‍ സീറ്റുനായുള്ള തര്‍ക്കത്തിന് പരിഹാരമെന്നോണം ആര്യടന്‍ ഷൗക്കത്തിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കിയിരുന്നു

എന്നാല്‍ നിലമ്പൂരില്‍ പരാജയപ്പെട്ടതോടെ വിവി പ്രകാശ് വീണ്ടും ഡിസിസിയുടെ തലപ്പത്ത് തിരിച്ചെത്തി. നിലവില്‍ സ്ഥാനം കരസ്ഥമാക്കാന്‍ ഉറപ്പിക്കുന്നവരില്‍ ആര്യാടന് ഷൗക്കത്ത് മുന്‍ നിരയില്‍ ഉണ്ട്. എന്നാല്‍ എ ഗ്രൂപ്പിന് ഉള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്.

ജില്ലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് ജനപ്രതിനിധിയായ എപി അനില്‍കുമാറും ആര്യാടന് വിരുദ്ധ ചേരിയിലാണ്. എ വിഭാഗത്തില്‍ മാത്രമല്ല, ഐ വിഭാഗവും ജില്ലയില്‍ പിളര്‍ന്നിട്ടുണ്ട്. പി.ടി. അജയ്മോഹെൻറ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഇപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് കീഴില്‍ ഉറച്ച് നില്ക്കുന്നു.

എന്നാല്‍ രമേശ് ചെന്നിത്തല ആര്യടന്‍ ഷൗക്കത്തിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ നേതൃപദവിയിൽ തിരിച്ചെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആര്യാടന് മുഹമ്മദ് നല്കിയ പിന്തുണ മാനിച്ചാണ് ഇതെന്നാണ് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വി.എ. കരീം, വി. സുധാകരൻ, ബാബുമോഹന കുറുപ്പ് എന്നിവരുടെ പേരുകളാണ് ഷൗക്കത്ത് വിരുദ്ധ ചേരികള്‍ മുന്നോട്ട് വെക്കുന്നത്. അതേസമയം ഗ്രൂപ്പിന് അതീതമായ നിയമനം ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ വിഎസ് ജോയിക്കാണ് ഏറ്റവും സാധ്യത. ആര്യാടന് ഷൗക്കത്തിനെതിരായി മറ്റുള്ള എല്ലാവരും ജോയിയെ പിന്തുണയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കെ സുധാകരന്റേയും സതീശന്റേയും തീരുമാനമാവും ഇതില്‍ നിര്‍ണ്ണായകമാവുക.












Click it and Unblock the Notifications