സൈനബാത്ത എന്ന കമ്യൂണിസ്റ്റ് താത്ത
പികെ സൈനബയെ പോലെ തട്ടമിടാതെ നടക്കുന്ന ഒരു സ്ത്രീക്ക് മലപ്പുറത്തിന്റെ വോട്ട് വീഴില്ലെന്നാണ് ലീഗിന്റെ പ്രതീക്ഷ. നാട്ടിന്‍പുറങ്ങളിലെ അടുക്കള സംസാരങ്ങളും അങ്ങനെതന്നെയെന്ന് പറയേണ്ടി വരും.
പക്ഷേ, സിപിഎം ക്യാമ്പ് ഇത്തവണ നല്ല ആത്മ വിശ്വാസത്തിലാണ്. അഹമ്മദിനെതിരെ ലീഗിനുള്ളില്‍ തന്നെ സമരകാഹളം ഉയര്‍ന്നതോടെ മലപ്പുറത്തെ ചുകപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പികെ സൈനബയും പാര്‍ട്ടിക്കാരും.

മലപ്പുറം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്ന കാര്യം അംഗീകരിക്കുമ്പോള്‍ തന്നെ, അടുത്ത കാലത്തായി മലപ്പുറം കാണിക്കുന്ന പുരോഗമനാത്മക ശൈലിയിലാണ് എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷം ജയിച്ച പൊന്നാനിയില്‍ പോലും കാണിക്കാത്ത ധൈര്യമാണ് ലീഗ് കോട്ടയായ മലപ്പുറത്ത് സിപിഎം കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ലീഗിന്റെ അഹമ്മദും, സിപിഎമ്മിന്റെ ടികെ ഹംസയും, ബിജെപിയുടെ അരവിന്ദനും, ബിഎസ്പിയുടെ അബൂബക്കറും മാത്രമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. മുസ്ലീം സമൂഹത്തില്‍ നല്ല സ്വാധീനമുളള വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഒക്കെ മത്സര രംഗത്തുണ്ട്. ഇവരെല്ലാം തന്നെ അഹമ്മദിന്റെ വോട്ട് ചോര്‍ത്തുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115,597 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ടികെ ഹംസയെ തോല്‍പിച്ചത്. പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ അമ്പത്തിയഞ്ച് ശതമാനത്തോളവും വീണത് അഹമ്മദിന്റെ പെട്ടിയിലാണ്. ഇത്തവണ അഹമ്മദ് വീണ് സൈനബ ജയിക്കണമെങ്കില്‍ ചെറിയ അദ്ഭുതമൊന്നും സംഭവിച്ചാല്‍ മതിയാകില്ല.












Click it and Unblock the Notifications