വിദേശത്ത് നിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം; നടന്‍ കൂടിയായ നിര്‍മാതാവിന് 25 കോടി രൂപ പിഴ
കൊച്ചി: മലയാള സിനിമയിലേക്ക് വന്‍ തോതില്‍ കള്ളപ്പണം വരുന്നെന്ന വിവരത്തെ തുടര്‍ന്ന് ശക്തമായ നടപടികളുമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. വിദേശത്ത് നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം മലയാള സിനിമ കേന്ദ്രീകരിച്ച് വരുന്നുണ്ട് എന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിരീക്ഷണം ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി ഒരു നിര്‍മാതാവില്‍ നിന്ന് 25 കോടി രൂപ പിഴയീടാക്കി എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാള സിനിമയിലെ അഞ്ച് നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. പിഴയീടാക്കിയ നിര്‍മാതാവിനെ കൂടാതെ ബാക്കി നാല് പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.

25 കോടി രൂപ പിഴയൊടുക്കിയ നിര്‍മാതാവ് നടന്‍ കൂടിയാണ് എന്നാണ് സൂചന. ഇദ്ദേഹം വിദേശത്ത് നിന്ന് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു എന്നും ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ മലയാള സിനിമയിലെ നിരവധി നിര്‍മാതാക്കളുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
രാജ്യത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള 'പ്രൊപഗാന്‍ഡ' സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്ത് നിന്നുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നും കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് എന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രധാനമായും പരിശോധിക്കുന്നത്.
വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ ലൊക്കേഷനുകളിലാണ് ഏറ്റവും അധികം ലഹരി മരുന്ന് എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അടുത്ത കാലത്തായി മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ ഒരു നിര്‍മാതാവിനെ ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ നിര്‍മാതാവിനെ ബിനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നു എന്നാണ് ആരോപണം. ഇതാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കണം എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് നിര്‍മാതാക്കള്‍ക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications