Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ അതിശക്ത മഴ വരുന്നു; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, അടൂരിന്റെ പ്രസ്‌താവന വിവാദത്തിൽ

ഒരു ഇടവേളയ്ക്ക് ശേഷം കർക്കിട മാസം പകുതി പിന്നിട്ടതോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. ഇനി വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും ഏർപ്പെടുത്തി.

പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയിൽ വിവാദം പുകയുകയാണ്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്നായിരുന്നു അടൂർ പറഞ്ഞത്. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെ കുറിച്ചായിരുന്നു അടൂർ സംസാരിച്ചത്. ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.

newsupdatesaug04

പതിനാല് മാസത്തിന് ശേഷം ഇന്ത്യ മുന്നണി പാർലമെന്റിന് പുറത്ത് യോഗം ചേരുകയാണ് ഓഗസ്‌റ്റ് ഏഴിന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനം. കൂടാതെ ഈ മാസം 8ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയിലെ എംപിമാര്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം...

Aug 04, 2025, 10:25 pm IST

മദ്യലഹരിയില്‍ പിതാവ് മകന്റെ കഴുത്തിന് വെട്ടി

മദ്യലഹരിയില്‍ പിതാവ് മകന്റെ കഴുത്തിന് വെട്ടി. തിരുവനന്തപുരത്താണ് സംഭവം. വിനീതിനെയാണ് (35) പിതാവ് വിജയന്‍ നായര്‍ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപാനത്തിന് ശേഷം ഇവര്‍ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
Aug 04, 2025, 8:56 pm IST

ഇടുക്കിയില്‍ അഞ്ച് വയസുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി രാജാക്കാട് അഞ്ചു വയസുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍. അതിഥി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്. അസാം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് തിരികെ എത്തിയപ്പോള്‍ കുട്ടിയെ വാഹനത്തില്‍ ഉള്ളില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Aug 04, 2025, 6:57 pm IST

ആണവധാതു ഖനനം; കേന്ദ്ര ചട്ടങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി കേരളം

രാജ്യത്തിന്റെ സമുദ്ര മേഖലയില്‍ നിന്ന് ആണവ ധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്താന്‍ സ്വകാര്യ മേഖലയ്ക്കും അനുമതി നല്‍കാനുള്ള ചട്ടങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കേരളം. സമുദ്ര ആവാസ വ്യവസ്ഥ തകര്‍ക്കുന്നതും മത്സ്യസമ്പത്തിനെയും ദേശീയ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നതുമായ 2025 ലെ ഓഫ്ഷോര്‍ ഏരിയാസ് ആറ്റമിക് മിനറല്‍സ് ചട്ടങ്ങള്‍ പിന്‍വലിക്കണം. ആഴക്കടല്‍ ധാതുഖനന നീക്കം ഉപേക്ഷിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. കേരളത്തിന്റെ അഭിപ്രായമോ നിര്‍ദ്ദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങള്‍ രൂപീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Aug 04, 2025, 5:23 pm IST

പാലം തകര്‍ന്നുവീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു(42)വിന്റെ മൃതദേഹമാണ് ലഭിച്ചത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേരെയാണ് കാണാതായത്. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.
Aug 04, 2025, 5:11 pm IST

അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുകേഷ്

ദലിത്-സ്ത്രീ സംവിധായകരെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുകേഷ് എംഎല്‍എ. അടൂര്‍ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശ്യത്തോടെയാണ്. സംവിധാനം അറിഞ്ഞു കൂടാത്ത ആളുകളാണെങ്കില്‍ ഒരു ഇന്റര്‍വ്യൂ നടത്തി മൂന്ന് മാസത്തെ ക്ലാസ് കൊടുക്കണം. കഴിവുണ്ടെങ്കില്‍ ചെയ്യട്ടെ, അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Aug 04, 2025, 4:53 pm IST

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം നീതിക്കായുള്ള ഈ പോരാട്ടവും വിഷയവും അവസാനിക്കുന്നില്ല. രണ്ട് സുപ്രധാന കാര്യങ്ങളിൽ പരിഹാരവും നീതിയും ഉണ്ടാകേണ്ടതുണ്ട്- കെസി വേണുഗോപാല്‍
Aug 04, 2025, 4:29 pm IST

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു രണ്ട് തൊഴിലാളികളെ കാണാതായി. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
Aug 04, 2025, 3:58 pm IST

സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.
Aug 04, 2025, 2:42 pm IST

മനോരമ ലേഖകന്‍ ആനാട് ശശി ജീവനൊടുക്കിയ നിലയില്‍. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ നിക്ഷേപിച്ച 1.67 കോടി രൂപ തിരികെ ലഭിക്കാത്തതിലെ മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ആനാട് ശശി
Aug 04, 2025, 2:18 pm IST

ഛത്തീസ്ഗഡിൽ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്‌ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കുമെന്ന് വിവരം. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല.
Aug 04, 2025, 1:48 pm IST

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ അതിതീവ്ര മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമുണ്ട്.
Aug 04, 2025, 1:25 pm IST

മെസി കേരളത്തിലേക്കില്ല; കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്പോൺസർ ആണ് പറഞ്ഞത് എന്നാൽ വരേണ്ടെന്ന്, കേരളം ഈ കരാറിൽ വിട്ടവീഴ്‌ച ചെയ്‌തില്ലെന്നും മന്ത്രി അറിയിച്ചു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിക്കുകയായിരുന്നു. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും പട്ടികയിൽ കേരളം ഇടം പിടിച്ചിട്ടില്ല.
Aug 04, 2025, 12:59 pm IST

പികെ ഫിറോസിനെതിരെ ജലീലിന്റെ ആരോപണം

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയും ലീഗിനെതിരെയും കെടി ജലീൽ. മുസ്ലീം ലീഗ് മയക്കുമരുന്ന് വിൽക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് കാരുടെയും പാർട്ടിയായി. ഫിറോസിന്റെ സഹോദരൻ പികെ ബുജൈര്‍ വർഷങ്ങളായി രാസ ലഹരി ഉപയോഗിക്കുന്നുവെന്നും എന്തുകൊണ്ട് ഫിറോസ് ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും ജലീൽ ചോദിച്ചു.
Aug 04, 2025, 12:37 pm IST

അടൂർ ഗോപാലകൃഷ്‌ണനെ പിന്തുണച്ച് മന്ത്രി വിഎൻ വാസവൻ

സംവിധായകൻ അടൂർ ​ഗോപാലകൃഷ്‌ണന്റെ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി മന്ത്രി വിഎൻ വാസവൻ. അടൂരിന്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ല. വളച്ചൊടിച്ചു വിവാദമാക്കിയെന്നും വാസവൻ പറഞ്ഞു. സർക്കാർ സ്ത്രീകൾക്കും എസ്‍സി-എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി ആവർത്തിച്ചു.
Aug 04, 2025, 12:12 pm IST

വിവാദങ്ങളിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷ്‌ണൻ

പിന്നാേക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നതെന്ന് അടൂർ ഗോപാലകൃഷ്‌ണൻ. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥ പരിശോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്‌ണൻ പരിഹസിച്ചു.
Aug 04, 2025, 11:26 am IST

മോഷണക്കേസിൽ ബ്ലാക്ക് മാൻ നസീർ പിടിയിൽ

തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും പെട്ടി ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി നസീറിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ഉഴുവത്ത് കടവ് സ്വദേശിയായ വടശ്ശേരി വീട്ടിൽ അരുണരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയാണ് നസീർ മോഷ്‌ടിച്ചത്. ഏഴോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
Aug 04, 2025, 10:49 am IST

സിദ്ധാരാമയ്യക്ക് എതിരെ ഒളിയമ്പുമായി ഡികെ

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്ന കർണാടകയിൽ സിദ്ധാരാമയ്യയെ പരോക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമർശങ്ങൾക്കൊപ്പം ആയിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള വിമർശനം. 2004-ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് മാറിനിൽക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ പ്രശംസിച്ച അദ്ദേഹം നമ്മളിൽ ചിലർ അധികാരം പങ്കുവയ്ക്കാൻ തയ്യാറാവുന്നില്ലെന്നും ആരോപിച്ചു.
Aug 04, 2025, 10:14 am IST

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു അദ്ദേഹം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാനമാണ് ഷിബു സോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Aug 04, 2025, 9:50 am IST

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; കത്തയച്ച് തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിന് കത്തയച്ച് തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹദി വ്യക്തമാക്കി. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
Aug 04, 2025, 9:17 am IST

സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ കമ്മീഷണർ . രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു വയ്ക്കാൻ ശ്രമിച്ചുവെന്നും ഡോ. എ അബ്‌ദുൾ ഹക്കീം ആരോപിക്കുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിമർശനം.
Aug 04, 2025, 8:48 am IST

മലപ്പുറം കരുവാരക്കുണ്ടിൽ അതിശക്തമായ മഴ നാശം വിതച്ചു. കരുവാരക്കുണ്ട് കൽക്കുണ്ടിൽ നിന്ന് ഉത്ഭവിക്കുന്ന ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപത്തുള്ള മാമ്പറ്റ പാലത്തിനു മുകളിലൂടെ മണ്ണും ചെളിയും വെള്ളവും കുത്തിയൊലിക്കുന്ന സാഹചര്യമുണ്ടായതോടെ നിരവധി വീടുകളിൽ വെള്ളം കയറി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Aug 04, 2025, 8:20 am IST

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. ബാധിക്കപ്പെട്ട പെൺകുട്ടികളാണ് ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. അതിനിടെ വിഷയം ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.
Aug 04, 2025, 7:47 am IST

സിപിഎം വോട്ടർ പട്ടികയിലെ കള്ളങ്ങൾക്ക് കൂട്ടുനിൽക്കുന്നു; കെസി വേണുഗോപാൽ

വോട്ടർപട്ടികയിലെ കള്ളങ്ങൾക്കെതിരായ സമരത്തെ ദേശീയതലത്തിൽ പിന്തുണയ്ക്കുന്ന സിപിഎം കേരളത്തിൽ നടക്കുന്ന കള്ളങ്ങൾക്ക്‌ കൂട്ടുപിടിക്കുന്നുവെന്ന് കെസി വേണുഗോപാൽ എംപി. തിരഞ്ഞെടുപ്പ്‌ കൃത്രിമങ്ങൾക്കെതിരെ അന്തിമസമരത്തിന് സമയമായെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Aug 04, 2025, 7:13 am IST

അടൂരിന് മറുപടിയുമായി സംവിധായിക ശ്രുതി ശരണ്യം

തങ്ങൾക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ വെറുതെ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് തിരക്കഥകൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ശ്രുതി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഒന്നരക്കോടി ആരുടെയും സ്വകാര്യ അക്കൗണ്ടിലേക്കല്ല, കെഎസ്എഎഫ്‌ഡിസിയുടെ അക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Aug 04, 2025, 6:52 am IST

കനത്ത മഴ; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

അതിരപ്പിള്ളിയിൽ ഇന്നലെ രാത്രിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്യുകയായിരുന്നു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടാനാണ് തീരുമാനം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
Aug 04, 2025, 6:31 am IST

കാറ്റിനും കടലാക്രമണത്തിനും സാധ്യത

കേരളാ-കർണാടക ലക്ഷദ്വീപ് തീരത്ത് ഓഗസ്‌റ്റ് ഏഴാം തീയതിവരെ മത്സ്യബന്ധനത്തിന് വിലക്ക്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. കൂടാതെ കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+