Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിൻ-ട്രംപ് കൂടിക്കാഴ്‌ചയ്ക്ക് പരിസമാപ്‌തി; യുക്രൈനിൽ തീരുമാനമായില്ല, കേരളത്തിൽ മഴ തുടരുന്നു, അവധി

അലാസ്‌കയിൽ ലോകം ഉറ്റുനോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്-റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്‌ച അവസാനിച്ചിരിക്കുകയാണ്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ഉച്ചകോടിയിൽ നിർണായക വിഷയങ്ങൾ പലതും ചർച്ചയായി എന്നാണ് ലഭ്യമായ വിവരം. എന്നാൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന കരാറിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു.

അതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാവുകയാണ്. വിവിധ ഭാഗങ്ങളിൽ മാഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും വീശുന്നുണ്ട്. പലയിടത്തും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തോളം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്‌റ്റ്‌ പതിനെട്ട് വരെ പല ജില്ലകളിലും മഴ മുന്നറിയിപ്പുകളും നിലവിലുണ്ട്.

newsupdatestoday

Aug 16, 2025, 11:55 pm IST

മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അപകടത്തിൽപ്പെട്ടു. വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെയാണ് സംഭവം. വിമാനം പിന്നീട് സുരക്ഷിതമായി ലാന്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
Aug 16, 2025, 10:21 pm IST

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചില പാർട്ടികൾ ശരിയായി പരിശോധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പട്ടിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പൂർണ്ണ പങ്കാളിത്തമുണ്ടെന്നും, വോട്ടർ പട്ടികയെക്കുറിച്ച് എന്തെങ്കിലും പരാതികൾ ഉന്നയിക്കാൻ മതിയായ സമയം അനുവദിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടിക പുതുക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും, വോട്ട് തട്ടിപ്പ് ആരോപണങ്ങൾക്കും മറുപടി പറയുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ കരട് രൂപം രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുകയും, ഓൺലൈനായി പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്. ഇതിന്മേലുള്ള പരാതികളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടികയും അംഗീകൃത പാർട്ടികളുമായി പങ്കുവെക്കാറുണ്ട്. കൂടാതെ, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി രണ്ട് ഘട്ടങ്ങളായുള്ള അപ്പീൽ സംവിധാനവും ലഭ്യമാണ്.പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് പരാതികൾ ഉന്നയിക്കാതിരുന്നതാണെന്നും കമ്മീഷൻ പ്രതികരിച്ചു.
Aug 16, 2025, 8:06 pm IST

പുടിൻ ട്രംപ് കൂടിക്കാഴ്ച; അഭിനന്ദച്ച് ഇന്ത്യ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയെ സ്വാ​ഗതം ചെയ്ത് ഇന്ത്യ.ഇരു രാജ്യങ്ങളുടേയും ശ്രമങ്ങൾ ഏറെ പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Aug 16, 2025, 6:33 pm IST

മലപ്പുറത്ത് അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കന്‍ സാന്‍വിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
Aug 16, 2025, 5:26 pm IST

രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ച് കന്യാസ്ത്രീകള്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജയില്‍ മോചിതരായ കന്യാസ്ത്രീകള്‍ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. ദില്ലിയിലെത്തിയാണ് കന്യാസ്ത്രീകള്‍ കൂടിക്കാഴ്ച്ച നടത്തിയത്. കേസ് പിന്‍വലിക്കാന്‍ ഇടപെടണം എന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായി സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചു.
Aug 16, 2025, 5:02 pm IST

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ അധിക നികുതി റഷ്യയെ ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പ്രേരിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ ഇതു നിഷേധിച്ചു. ഒരു എണ്ണക്കമ്പനികള്‍ക്കും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ല.
Aug 16, 2025, 4:10 pm IST

സെലന്‍സ്‌കി അമേരിക്കയിലേക്ക്

പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴച്ചയ്ക്കു പിന്നാലെ ട്രംപ് സെലന്‍സ്‌കിയുമായി ഫോണില്‍ ഒന്നര മണിക്കൂറോളം സംസാരിച്ചു. തിങ്കളാഴ്ച്ചയാണ് കൂടിക്കാഴ്ച്ച. സമാധാന ശ്രമങ്ങളോട് സഹകരിക്കുമെന്ന് സെലന്‍സ്‌കി നേരത്തെ അറിയിച്ചിരുന്നു.
Aug 16, 2025, 3:26 pm IST

വര്‍ഗീയ പ്രസ്താവനയുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. തന്റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് എസ്എന്‍ഡിപി ശാഖ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Aug 16, 2025, 2:37 pm IST

പാകിസ്ഥാനിൽ മിന്നൽപ്രളയം; മരണ സംഖ്യ 200 കടന്നു

പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തതായി റിപ്പോർട്ട്. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുനര്‍ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നിരവധി വീടുകളും പ്രളയത്തിൽ ഒലിച്ചു പോയി. മേഖലയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ്.
Aug 16, 2025, 2:15 pm IST

യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസിൽ തമ്മിലടി. ജനറൽ സെക്രട്ടറിയെ പുറത്താക്കിയ നടപടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി തിരിച്ചടിച്ചിരിക്കുകയാണ് പാർട്ടിക്കുള്ളിലെ എതിർ പക്ഷം. സംസ്ഥാന പ്രസിഡന്റ് എവി താമരാക്ഷനും ജനറൽ സെക്രട്ടറി രാജൻ ബാബുവും രണ്ട് ഭാഗത്തായി നിന്നുള്ള കൊമ്പുകോർക്കുകയാണ്.
Aug 16, 2025, 1:32 pm IST

സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് എസ്‌സിഇആര്‍ടി കരട് കൈപുസ്‌തകത്തില്‍ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും പുസ്‌തകം പ്രസിദ്ധീകരിച്ചു. ആദ്യ തിരുത്തില്‍ ഭയന്ന് എന്ന വാക്ക് ഒഴിവാക്കി, പലായനം ചെയ്‌തെന്ന പരാമര്‍ശം നിലനിര്‍ത്തിയതോടെയാണ് വീണ്ടും തിരുത്തൽ വരുത്തിയത്.
Aug 16, 2025, 12:57 pm IST

കിഷ്ത്വാർ മേഘവിസ്‌ഫോടനം; മരണസംഖ്യ ഉയർന്നേക്കും

ജമ്മു കശ്‌മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. എൺപതോളം പേരെ ഇനി കണ്ടെത്താനുണ്ട്. പ്രധാനമന്ത്രിയോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള വ്യക്തമാക്കി. കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുവെന്നും ഒമർ അബ്‌ദുള്ള വ്യക്തമാക്കി.
Aug 16, 2025, 12:33 pm IST

കേരള സാങ്കേതിക സർവ്വകലാശാല ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വൈസ് ചാൻസിലർ ശിവ പ്രസാദ്. വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിർദ്ദേശം നൽകേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസി നോട്ടീസിൽ പറയുന്നത്.
Aug 16, 2025, 11:55 am IST

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്‌ഠിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്‌തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Aug 16, 2025, 11:29 am IST

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ട്രെയിനിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി. എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. ‌രക്തക്കറ കുഞ്ഞിന്റേതാണോ എന്നറിയാൻ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
Aug 16, 2025, 11:09 am IST

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച് ഫോണിൽ സംസാരിച്ച പോലീസുകാരനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പോലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ശോഭയുടെ ഈ പ്രസംഗത്തെക്കുറിച്ചാണ് രഹാസ്യാന്വേഷണം. പോലീസ് ഇന്റലിജൻസാണ് വിഷയം അന്വേഷിക്കുന്നത്.
Aug 16, 2025, 10:24 am IST

റഷ്യയ്ക്ക് യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമില്ല; സെലൻസ്‌കി

റഷ്യയ്ക്ക് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Aug 16, 2025, 9:59 am IST

ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിൽ തുറക്കുക. ചിങ്ങമാസം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്‌ശാന്തിയെ തിരഞ്ഞെടുക്കുന്നതിള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ്. ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ ഞറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Aug 16, 2025, 9:08 am IST

മുംബൈയിൽ കനത്ത മഴ; രണ്ട് മരണം

മുംബൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ നാശനഷ്‌ടം. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Aug 16, 2025, 8:38 am IST

വീണ്ടും സംസ്ഥാനത്ത് ഷോക്കേറ്റ് മരണം

കോഴിക്കോട് വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷയാണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉടൻ ഇവരെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
Aug 16, 2025, 8:05 am IST

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി എംവിഡി. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനിറ്റ് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ റജിസ്ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ. ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിൻ്റെ നിർവചനത്തിൽ വരുന്നവയും റജിസ്ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണ്. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു.
Aug 16, 2025, 7:40 am IST

ഡിഎം നവീന്‍ ബാബുവി മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി മറ്റ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. പ്രതി, ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രധാനമായും ഇവർ ഉയർത്തുന്ന ആരോപണം
Aug 16, 2025, 7:08 am IST

കേരളത്തിൽ കാറ്റിനും മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
Aug 16, 2025, 6:44 am IST

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ പരാതിയുമായി യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനമാണ് മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയത്. ഇതോടെ നൂറിലേറെ യാത്രക്കാരുടെ യാത്ര തടസപ്പെട്ടു. വിമാനം ഇന്ന് വൈകിട്ട് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറയുന്നു.
Aug 16, 2025, 6:33 am IST

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാവും. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+