Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം; കേരളത്തിൽ മഴ ശക്തം

രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യാ മുന്നണി രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപ്പാക്കാൻ പ്രതിപക്ഷ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് നീക്കം. ഇന്ത്യാ മുന്നണിയിലെ എംപിമാരുടെ യോഗത്തിലാണ് നിർണായക തീരുമാനം.

അതേസമയം, കേരളത്തിൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ന്യൂനമർദ്ദം ഒരേ സമയം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നതിന്റെ കാരണം. ഇത് മൂലം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

newsupdatestoday

അതിനിടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എൻഡിഎ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്. മഹാരാഷ്ട്ര ഗവർണറും ബിജെപി നേതാവുമായ സിപി രാധാകൃഷ്‌ണനെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎ മത്സരിപ്പിക്കുക. ജഗദീപ് ധൻകർ രാജിവച്ച ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി സ്ഥാനത്തിൽ മത്സരം നടക്കാനിരിക്കുന്നത്.

Aug 19, 2025, 12:02 am IST

പുടിനും വേണം സമാധാനം

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്നും വ്യക്തമാക്കി. സെലെന്‍സ്‌കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാല്‍ ഇന്ന് യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ട്ി.
Aug 18, 2025, 10:36 pm IST

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്‌ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്.
Aug 18, 2025, 9:33 pm IST

ഗാസയില്‍ വെടിനിര്‍ത്തല്‍?

ഗാസയില്‍ വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഹമാസും ഇസ്രായേലും തമ്മിലുള്ള 22 മാസത്തിലേറെ നീണ്ട യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശത്തിന് സമ്മതിച്ചതായി തിങ്കളാഴ്ച ഒരു ഹമാസ് വൃത്തം എഎഫ്പിയോട് പറഞ്ഞു. 'ഹമാസും വിഭാഗങ്ങളും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഒരു ഭേദഗതിയും ആവശ്യപ്പെടാതെ സമ്മതിച്ചുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഹമാസ് മധ്യസ്ഥര്‍ക്ക് മറുപടി നല്‍കി,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ ഹമാസ് വൃത്തം എഎഫ്പിയോട് പറഞ്ഞു.
Aug 18, 2025, 9:26 pm IST

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ആക്‌സിയം -4 ബഹിരാകാശ ദൗത്യത്തിന്റെ പൈലറ്റായ ബഹിരാകാശയാത്രികന്‍ ശുഭാന്‍ഷു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.
Aug 18, 2025, 9:19 pm IST

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പര ബഹുമാനത്തിലും സംവേദനക്ഷമതയിലും അധിഷ്ഠിതമായ 'വ്യക്തവും ക്രിയാത്മകവുമായ' സമീപനം ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) സംഘര്‍ഷം ലഘൂകരിക്കണം എന്നും അദ്ദേഹം പറഞ്ഞു
Aug 18, 2025, 8:15 pm IST

ട്രംപിനെക്കൊണ്ട് സാധിക്കും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റഷ്യയെ നിര്‍ബന്ധിതമായി യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം സ്ഥാപിക്കാനും നിര്‍ബന്ധിക്കാനുള്ള ശക്തിയുണ്ടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് സെലെന്‍സ്‌കിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
Aug 18, 2025, 7:49 pm IST

നാളെ അവധി

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ജില്ലയിലെ അംഗനവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കും
Aug 18, 2025, 7:16 pm IST

ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥി നാളെ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു
Aug 18, 2025, 6:50 pm IST

മലയാളി അത്‌ലറ്റിന് സസ്‌പെന്‍ഷന്‍

മലയാളി അത്‌ലറ്റ് ഷീന്‍ എന്‍വിക്ക് സസ്‌പെന്‍ഷന്‍. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ട്രിപ്പിള്‍ ജംപ് താരമായ ഷീന ദേശീയ ഗെയിംസില്‍ അടക്കം സ്വര്‍ണം നേടിയിരുന്നു.
Aug 18, 2025, 5:16 pm IST

വിസി നിയമനത്തില്‍ സുപ്രീംകോടതി ഇടപെടല്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്
Aug 18, 2025, 5:04 pm IST

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്‌സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു.
Aug 18, 2025, 3:54 pm IST

സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 65 വയസായിരുന്നു. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഖബറടക്കം ചങ്ങനാശേരി പഴയപള്ളി ഖബറില്‍. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ സുദിനം ആയിരുന്നു നിസാറിന്റെ ആദ്യ ചിത്രം. ജയറാമും ദിലീപുമായിരുന്നു പ്രധാനവേഷങ്ങളില്‍. അവസാന ചിത്രം ടു മെന്‍ ആര്‍മിയും. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്.
Aug 18, 2025, 3:17 pm IST

വിസി നിയമനം; സുപ്രധാന ഉത്തരവുമായി സുപ്രീകോടതി

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയെ നയിക്കാന്‍ റിട്ട. ജഡ്ജി സുധാംശു ധൂലിയയെ നിയോഗിച്ച് സുപ്രീംകോടതി. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് വിരമിച്ച ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആക്കിയത്. ചാന്‍സലര്‍ ആയ ഗവര്‍ണറും സര്‍ക്കാരും നല്‍കിയ പാനല്‍ പരിഗണിച്ച് രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. രണ്ട് മാസത്തിനകം വൈസ് ചാന്‍സലര്‍ നിയമനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Aug 18, 2025, 2:36 pm IST

ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനം 150 രൂപ ടോള്‍ നല്‍കുന്നതെന്ന് സുപ്രീംകോടതി. പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 12 മണിക്കൂറായിരുന്നു ബ്ലോക്ക് എന്ന മാധ്യമ വാര്‍ത്തകള്‍ ഉന്നയിച്ച് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗതതടസം ഉണ്ടായതെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രാഫിക്ക് ഇല്ലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രം എടുക്കേണ്ട ദൂരമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിരുള്‍പെട്ട ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Aug 18, 2025, 2:19 pm IST

പൂജപ്പുര ജയിൽ കാന്റീനിൽ വൻ മോഷണം

പൂജപ്പുരയിലെ ജയിൽ ക്യാന്റീനിൽ വൻ മോഷണം. നാല് ലക്ഷം രൂപയോളം നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് മോഷണം നടന്നതെന്നാണ് വിവരം. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് വ്യക്തമാണ്. കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
Aug 18, 2025, 1:52 pm IST

പ്രധാന അധ്യാപകന്റെ അടിയേറ്റ് കാസർഗോഡ് കുണ്ടംക്കുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്നു എന്ന പരാതിയിന്മേൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരാതിയിൻ മേൽ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്‌ടർ അന്വേഷണംതുടങ്ങി കഴിഞ്ഞു. സ്‌കൂൾ ഹെഡ് മാസ്‌റ്റർ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. വിദ്യാർത്ഥിയുടെ അമ്മയുമായി സംസാരിച്ചു. ഇക്കാര്യം വളരെ ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
Aug 18, 2025, 1:43 pm IST

പ്രമുഖ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡിജിപിക്കും നല്‍കിയ പരാതി പുറത്തു വന്നതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരിക്കെ താന്‍ പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാര്‍ കമ്മിഷന്‍ സര്‍ക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Aug 18, 2025, 1:15 pm IST

സിപിഎം നേതാവ് പിപി ദിവ്യക്കെതിരായ അഴിമതിയാരോപണത്തിലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി കെഎസ്‌യു നേതാവ്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസാണ് ഹർജി നൽകിയിരിക്കുന്നത്. ദിവ്യയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പരാതിക്കാരനായ തന്റെ മൊഴിയെടുക്കാൻ പോലും വിജിലൻസ് കൂട്ടാക്കിയില്ലെന്നാണ് ഹർജിയിൽ ഷമ്മാസ് ആരോപിക്കുന്നത്.
Aug 18, 2025, 12:41 pm IST

തിരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങി ഇന്ത്യ മുന്നണി

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യ സഖ്യം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച നടന്നത്. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ സഖ്യം നിലവിൽ പരിശോധിക്കുന്നത്.
Aug 18, 2025, 12:05 pm IST

മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Aug 18, 2025, 11:35 am IST

ഛത്തിസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്‌റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്‌ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്. ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയായിരുന്നു അപകടം.
Aug 18, 2025, 11:03 am IST

തിരുവനന്തപുരത്ത് സ്‌കൂൾ വാൻ മറിഞ്ഞു

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണു. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടം നടന്നത്. സെന്റ് സാന്താസ് സ്‌കൂളിലേക്ക് വന്ന വാഹനമാണ് അപകടത്തിൽ നടന്നത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.
Aug 18, 2025, 10:23 am IST

ഓപ്പറേഷൻ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാരെ പിടികൂടി കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സിറ്റി പോലീസിന്റെ മിന്നൽ പരിശോധന. രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്‌കൂള്‍ ബസുകളിലും പോലീസ് പരിശോധന നടത്തുകയായിരുന്നു.
Aug 18, 2025, 9:49 am IST

ട്രംപും സെലാൻസ്‌കിയും തമ്മിൽ ഇന്ന് കൂടിക്കാഴ്‌ച

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്‌ച ഇന്ന് നടക്കും. മൂന്ന് വര്‍ഷമായി നീണ്ട് നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അന്ത്യം ലക്ഷ്യംവെച്ചാണ് ട്രംപ്-സെലന്‍സ്‌കി നിർണായക ചർച്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Aug 18, 2025, 9:25 am IST

റാപ്പർ വേടനെതിരെ വീണ്ടും പരാതി

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ പരാതിയുമായി കൂടുതൽ യുവതികൾ രംഗത്ത്. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ 2 യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്‌ച നടത്തിയേക്കും.
Aug 18, 2025, 8:56 am IST

ഭവാനിപ്പുഴയിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്നുണ്ട്. പുഴയിലിറങ്ങിയ ഇവർ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
Aug 18, 2025, 8:18 am IST

ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകീട്ടോടെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റംലത്തിനെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലും കണ്ടെത്തിയിരുന്നു.
Aug 18, 2025, 8:08 am IST

ഗതാഗതക്കുരുക്കിനെ തുടർന്ന് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിവിധയിടങ്ങളിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കുതിരാൻ മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിർമാണത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്കാണ് ടോൾ പിരിവ് നിർത്താൻ കാരണമായത്.
Aug 18, 2025, 7:33 am IST

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
Aug 18, 2025, 7:11 am IST

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

പരാതി ചോര്‍ച്ചാ വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ഡൽഹിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിനായി ഡൽഹിയിലേക്ക് തിരിച്ചു. വിവാദ വ്യവസായി രാജേഷ് കൃഷ്‌ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം കൂടുന്നത്. എന്നാൽ ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറയുന്നു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+