Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്‌റ്റിലാവുന്ന മന്ത്രിമാരെ സ്ഥാനത്ത് നീക്കുന്ന ബിൽ അവതരിപ്പിച്ച് അമിത് ഷാ; സഭയിൽ പ്രതിപക്ഷ ബഹളം

പ്രതിപക്ഷം ഉന്നയിച്ച വൻ കോലാഹലങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമിടയിൽ തുടർച്ചയായി 30 ദിവസം അറസ്‌റ്റിലായാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാൻ കഴിയുന്ന മൂന്ന് വിവാദ ബില്ലുകൾ ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചു.

ഭരണഘടന (130-ാം ഭേദഗതി) ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ, ജമ്മു കശ്‌മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവയാണ് അവതരിപ്പിച്ച മൂന്ന് ബില്ലുകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239എഎ എന്നിവയും 2019 ലെ ജമ്മു കശ്‌മീർ പുനഃസംഘടന നിയമത്തിലെ സെക്ഷൻ 54 ഉം ഭേദഗതി ചെയ്യുന്നതിനാണ് നിർദ്ദിഷ്‌ട ബിൽ ലക്ഷ്യമിടുന്നത്.

newsupdatestodayaug20

ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ചയിൽ യുക്രൈൻ യുദ്ധത്തിലെ സമാധാന പ്രഖ്യാപനം ഉണ്ടാവാത്ത സാഹചര്യത്തിൽ വൈകാതെ പുടിൻ-സെലൻസ്‌കി കൂടിക്കാഴ്‌ച ഉണ്ടാവുമെന്ന് വിവരം. റഷ്യയിൽ വെച്ച് സെലൻസ്‌കിയെ നേരിട്ട് കാണാനുള്ള ഒരു കൂടിക്കാഴ്‌ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ പുടിൻ തന്നെയാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സെലൻസ്‌കിയും നിരവധി യൂറോപ്യൻ നേതാക്കളും ട്രംപുമായുള്ള കൂടിക്കാഴ്‌ചകൾക്കായി വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നപ്പോഴാണ് ഈ സംഭവവികാസം എന്നാണ് വിവരം.

ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.

Aug 21, 2025, 12:13 am IST

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായിരുന്ന എ.എക്‌സ്. വര്‍ഗീസ്, കലാകൗമുദി പത്രാധിപകര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ പിഎം ബിനുകുമാര്‍ എന്നിവര്‍ക്കെതിരെ ആറു മാസത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
Aug 20, 2025, 9:58 pm IST

അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐആര്‍ബിഎം) അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്ന് ബുധനാഴ്ചയാണ് പരീക്ഷണ വിക്ഷേപണം നടന്നത്.
Aug 20, 2025, 9:55 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
Aug 20, 2025, 9:01 pm IST

യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് കൈമാറി. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചെക്ക് കൈമാറിയത്.
Aug 20, 2025, 8:58 pm IST

യുവ രാഷ്ട്രീയ നേതാവിനെതിരെ എതിരെ വെളിപ്പെടുത്തലുമായി നടിയും യുവ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. രാഷ്ട്രീയ നേതാവിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും റിനി വെളിപ്പെടുത്തി.
Aug 20, 2025, 6:47 pm IST

സ്‌കൂള്‍പരിസരത്ത് സ്‌ഫോടനം

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത്. മൂത്താന്‍തറ സ്‌കൂള്‍ പരിസരത്താണ് സംഭനം. സ്‌കൂളിന് സമീപത്ത് നിന്ന് നാല് പടക്കങ്ങള്‍ കണ്ടെടുത്തു
Aug 20, 2025, 6:18 pm IST

കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി

അറസ്റ്റിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നത് എന്നും അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെയുപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകള്‍ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീര്‍ഘകാലം ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ അവര്‍ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിലെന്നും പിണറായി
Aug 20, 2025, 6:13 pm IST

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ലോക്‌സഭ 'ഓൺലൈൻ ഗെയിമിംഗ് ബിൽ, 2025' ലോക്സഭ പാസാക്കി. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ബിൽ അവതരിപ്പിച്ചത്. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് എതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് ബിൽ പാസാക്കിയത്. പുതിയ ബില്ലിൽ ഓൺലൈൻ വാതുവെയ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പ് വരുത്തുന്ന വ്യവസ്ഥകളുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുകയും ലക്ഷ്യം വെക്കുന്നു. രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ബില്ല്
Aug 20, 2025, 5:52 pm IST

സ്കൂൾ ഒളിമ്പിക്സിലും സ്വർണ്ണക്കപ്പ്

കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് 2025-26-ല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതല്‍ മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കായികമേള, തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 22 മുതല്‍ 28 വരെ നടക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നവംബര്‍ 4 മുതല്‍ 11 വരെ നടന്ന കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് 2024-ന്റെ സംഘാടനമികവ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏകദേശം 45 ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് 24,000 കായിക താരങ്ങളാണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്. യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ 15-ാമത്തെ ജില്ലയായി മത്സരങ്ങളില്‍ പങ്കെടുത്തത് ഒരു ചരിത്രസംഭവമാണ്. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും, ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തും. 1500-ഓളം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഈ മേളയില്‍ പങ്കെടുക്കും. സ്‌കൂള്‍ ഒളിമ്പിക്‌സ് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി ആയി ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്.
Aug 20, 2025, 5:11 pm IST

ലോക്‌സഭയില്‍ വീണ്ടും ബഹളം

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. മന്ത്രിമാര്‍ അറസ്റ്റിലായാല്‍ സ്ഥാനഭ്രഷ്ടനാക്കുന്ന ബില്ലിനെ ചൊല്ലിയാണ് പ്രതിപക്ഷ പ്രതിഷേധം. ബില്ലില്‍ എത്ര സമയം വേണമെങ്കിലും ചര്‍ച്ച നടത്താം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സഭ നാളത്തേക്ക് പിരിഞ്ഞു
Aug 20, 2025, 4:46 pm IST

ബലാത്സംഗക്കേസിൽ വേടന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ വാദം, മറ്റ് സ്ത്രീകളും പരാതി നൽകിയ കാര്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു. വിവാഹവാഗ്ദാനം ക്രിനിമൽ കുറ്റമാവുന്നല്ലെന്ന് പറഞ്ഞ കോടതി ഫേസ് ബുക്കിൽ പറയുന്നതല്ല പോലീസിനോട്ഗ പറയുന്നതേ പരിഗണിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി. കേസ് വീണ്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും
Aug 20, 2025, 4:13 pm IST

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.
Aug 20, 2025, 3:54 pm IST

ബില്ലിനെ പിന്തുണച്ച് ശശു തരൂർ. ബില്ലിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും സഭയിൽ ചർച്ച നടക്കട്ടെയെന്നും ശശി തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികളിൽ കേന്ദ്രസർക്കാരിനെ തരൂർ പുകഴ്ത്തിയത് കോൺഗ്രസിൽ വലിയ അതൃപ്തിക്ക് വഴിവെച്ചതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തെ പിന്തുണച്ച് കൊണ്ട് തരൂർ രംഗത്തെത്തിയത്.
Aug 20, 2025, 3:09 pm IST

ലോക്സഭയിൽ നാടകീയരംഗങ്ങൾ; ബില്ല് കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം

30ദിവസം ജയിലിലായാൽ പ്രധാനമന്ത്രിയെും മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും എല്ലാം പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ നാടകീയരംഗങ്ങൾ. ബില്ല് കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഗുജറാത്തിൽ അമിത്ഷാ അറസ്റ്റിലാപ്പോൾ ധാർമ്മികത വിഷയമല്ലായിരുന്നോ എന്ന ചോദ്യമുന്നയിച്ച കെ സി വേണുഗോപാൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും അടിസ്ഥാന ജനാധിപത്യത്തിനും എതിരാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതികളെന്ന് കുറ്റപ്പെടുത്തി. 30 ദിവസം ജയിലിലായാൽ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഇത്ര ധൃതി പിടിച്ച് പകർപ്പ് പോലും നൽകാതെ തിരക്കിട്ട് ഭരണഘടനാഭേദഗതി ബിൽ അവതരിപ്പിക്കേണ്ട സാഹചര്യമെന്താണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട എൻ കെ പ്രേമചന്ദ്രൻ അതിൽ നിന്ന് തന്നെ കേന്ദ്രസർക്കാരിന്റെ ദുരുദ്ദേശം വ്യക്തമാണെന്നും കൂട്ടിച്ചേർത്തു. രാജ്യത്ത് പൊലീസ് ഭരണം നടപ്പാക്കാനുള്ള വഴിയൊരുക്കുന്നതാണ് ഭരണഘടനാ ഭേദഗതികളെന്ന് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി.
Aug 20, 2025, 2:31 pm IST

ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന വിവാദബില്ല് ലോക്സഭയിൽ. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷപ്രതിഷേധത്തിനിടെയാണ് വിവാദബില്ലുകൾ അവതരിപ്പിച്ചത്. ബിൽ ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മന്ത്രിമാ‍ർ എന്നിവര്‍ തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിഞ്ഞാല്‍ സ്ഥാനം നഷ്ടമാകുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണ് ബില്ല് കൊണ്ടുവരുന്നതെങ്കിലും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം
Aug 20, 2025, 2:16 pm IST

അറസ്‌റ്റിലായാൽ മന്ത്രിമാരെ നീക്കുന്ന ബില്ലിൽ അപാകതയില്ല; ശശി തരൂർ

അറസ്‌റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. ബില്ലില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് തുറന്നെതിര്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വീണ്ടും അഭിപ്രായ പ്രകടനവുമായി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.
Aug 20, 2025, 1:51 pm IST

കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ്‌ സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. പാർട്ടിക്കുള്ളിൽ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
Aug 20, 2025, 12:55 pm IST

കോൺഗ്രസ് നേതാക്കൾ സിപിഎമ്മിലേക്ക്

തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് അറിയിച്ചു.
Aug 20, 2025, 12:20 pm IST

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്‌ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സിപി രാധാകൃഷ്‌ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് പത്രികാസമർപ്പണം നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം സിപി രാധാകൃഷ്‌ണനെ അനുഗമിച്ചു.
Aug 20, 2025, 11:50 am IST

വേടന് പോലീസ് സംരക്ഷണം ഒരുക്കിയിട്ടില്ല

ബലാത്സംഗ കേസില്‍ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നും രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്‌റ്റിലേക്ക് കടക്കാത്തതെന്നും ബലാത്സംഗ കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Aug 20, 2025, 11:18 am IST

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ നിർദ്ദേശം ഉണ്ടായിരുന്നിട്ടും പങ്കെടുക്കാത്ത ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ വിമർശനം. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മൻ എംഎൽഎ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞത്.
Aug 20, 2025, 10:59 am IST

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം

മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.
Aug 20, 2025, 10:37 am IST

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട ക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട എസ്ഐയ്ക്ക് എതിരെ നടപടി. മരട് എസ്ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്‌റ്റ് ട്രാഫിക് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി ഉണ്ടായിരിക്കുന്നത്.
Aug 20, 2025, 10:06 am IST

ഇടുക്കിയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധുവാണ് മരിച്ചത്. 57 വയസായിരുന്നു. ഓഗസ്‌റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മകൻ മർദ്ദിച്ചത്.
Aug 20, 2025, 9:48 am IST

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തക്കെതിരെ ആക്രമണം

പൊതുപരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‍തയ്ക്ക് നേരം ആക്രമണം. പിന്നേൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൊതുജന പരാതി കേൾക്കുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ ഒരാൾ അവരെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായിട്ടുണ്ട്. പരിക്കേറ്റ രേഖ ഗുപ്‌ത നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡൽഹി ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്.
Aug 20, 2025, 9:15 am IST

ജി സുധാകരന് ആർ നാസറിന്റെ മറുപടി

പി കൃഷ്‌ണപിള്ള അനുസ്‌മരണത്തിന് ക്ഷണിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി ദീപശിഖ കൊളുത്തുന്ന ചടങ്ങിലാണ് മുതിര്‍ന്ന അംഗത്തിന് പ്രാധാന്യം നല്‍കുന്നതെന്നും വിഎസിന് ശേഷം അത് ജി സുധാകരനാണ് നിര്‍വഹിക്കുന്നതെന്നും ആര്‍ നാസര്‍ പറയുന്നു. ചടങ്ങിലെ നോട്ടീസില്‍ സംസ്ഥാന കമ്മറ്റിയംഗങ്ങളെ വരെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയംഗമല്ലാത്തതിനാലാണ് സുധാകരന്റെ പേര് ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Aug 20, 2025, 9:00 am IST

ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്‍എച്ച്എം ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
Aug 20, 2025, 8:20 am IST

ഇന്ത്യ-ചൈന ബന്ധം ശക്തമാവുന്നു

ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിരവധി നടപടികളാണ് ഇരു കൂട്ടരും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും- ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി പ്രകടമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ എൻഎസ്ഒ അജിത് ഡോവൽ പറഞ്ഞു.
Aug 20, 2025, 8:13 am IST

സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യാപാരിയായ മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. അതേസമയം, ആരോപണങ്ങൾക്ക് സിപിഎം മറുപടി പറഞ്ഞില്ലെങ്കിൽ ശക്തമായ സമരമുണ്ടാവുമെന്ന് യുഡിഎഫ് അറിയിച്ചു.
Aug 20, 2025, 7:39 am IST

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+