Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ രാഹുലിനെതിരെ കേസ്

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്തു. ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തത്. ഡിജിപിക്കും പല സ്റ്റേഷനുകളിലും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം മുഖ്യമന്ത്രിക്ക് മറുപടിയുമായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈയ്യയുർത്തുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു.

' രാഹുലിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല, എംഎൽഎയുടെ പേരിൽ ഒരു എഫ്ഐആറും ഇല്ല. എന്നിട്ടും ധാർമികതയുടെ പേരിൽ നടപടിയെടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് അടൂരിലെ വീട്ടിൽ വച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. രാഹുലിന്റെ മണ്ഡലമായ പാലക്കാടേക്ക് പോവുന്നതിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത സാഹചര്യത്തിൽ പ്രവർത്തകരുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ മണ്ഡലത്തിൽ പ്രവർത്തിക്കുക ദുഷ്‌കരമാവും എന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം വൈകുന്നത്.

newsupdatestoday

അതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്. ഓ​ഗസ്‌റ്റ് 29 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇത് അനുസരിച്ച് 9 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ടുകൾ നിലവിലുള്ളത്. ന്യൂനമർദ്ദം കാരണമാണ് മഴ വീണ്ടും ശക്തമാവുന്നത്.

കൂടാതെ ദേശീയ-അന്തർദേശീയ തലത്തിലുള്ള സംഭവവികാസങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.

Aug 27, 2025, 11:50 pm IST

സുദീര്‍ഘമായ നിയമപരിശോധനകള്‍ നടത്തിയാണ് ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് എന്ന് റവന്യൂ മന്ത്രി കെ രാജന്‍. മലയോര കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയാണ് ചട്ടങ്ങള്‍ രൂപീകരിച്ചതെന്നും കേവലം 13 നിയമങ്ങള്‍ ഉള്ള ഭേദഗതിയാണെന്നും 11 ചട്ടങ്ങള്‍ റെഗുലറൈസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Aug 27, 2025, 11:08 pm IST

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Aug 27, 2025, 9:46 pm IST

യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയാപൊളിസിലെ അനൗണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ ബുധനാഴ്ച നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.
Aug 27, 2025, 9:42 pm IST

വയനാട് ചുരം ഗതാഗതയോഗ്യമായി. ഇന്നലെ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ചുരത്തിലെ ഗതാഗതം തടസപ്പെട്ടത്‌
Aug 27, 2025, 9:10 pm IST

വടകരയില്‍ സംഘര്‍ഷം

ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ തടഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു
Aug 27, 2025, 8:20 pm IST

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് ഇതേ സ്ഥലത്ത് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകും
Aug 27, 2025, 7:28 pm IST

സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിന് അവാര്‍ഡ്

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്ക് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ 2025 പുരസ്‌കാരം. 'മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍' വിഭാഗത്തിലാണ് പുരസ്‌കാരം. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
Aug 27, 2025, 7:00 pm IST

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌
Aug 27, 2025, 5:56 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്. ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്.
Aug 27, 2025, 5:37 pm IST

രാഹുലിനെതിരെ കേസെടുത്തേക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തേക്കും എന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്ന വകുപ്പില്‍ കേസെടുക്കാനാണ് ആലോചന
Aug 27, 2025, 4:41 pm IST

ബിജെപിയിലും പീഡന പരാതി

സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച വിഷയമാണ് എന്ന് കൃഷ്ണകുമാര്‍
Aug 27, 2025, 3:37 pm IST

ഡിവൈഎഫ്ഐക്കെതിരെ വിടി ബൽറാം

ഷാഫി പറമ്പിലിനെതിരായ പ്രതിഷേധത്തിൽ ഡിവൈഎഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി വിടി ബൽറാം. പ്രതിഷേധമെന്ന പേരിൽ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ ക്രിമിനലുകൾ നടത്തുന്നത് സമരാഭാസമാണെന്നും അത് അതിര് കടക്കുകയാണെന്നും ബൽറാം വിമർശിച്ചു. 'അങ്ങനെ തെറി വിളിച്ചും ആക്രോശിച്ചും വായടപ്പിക്കാൻ കഴിയുന്ന ഒരാളല്ല വടകരയിലെ ജനമനസ്സുകൾ അംഗീകരിച്ച ഷാഫി പറമ്പിൽ എംപി. ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉൾക്കൊള്ളാൻ ഇനിയെങ്കിലും കെകെ ശൈലജയും ചെമ്പടയും തയ്യാറാകണം', വിടി ബൽറാം പറഞ്ഞു.
Aug 27, 2025, 2:40 pm IST

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല എന്നിട്ടും ധാർമികതയുടെ പേരിൽ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
Aug 27, 2025, 2:03 pm IST

ട്രംപിന്റെ തീരുവ നീക്കത്തെ സാമ്പത്തിക ഭീഷണി എന്ന് വിശേഷിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യവസായങ്ങളെ സംരക്ഷിക്കാൻ കാര്യമായ നടപടിയെടുക്കാതെ മോദി സർക്കാർ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ ഉൽപ്പാദന ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Aug 27, 2025, 2:02 pm IST

മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതോടെ ചികിത്സയ്ക്കായി ജന്മനാടായ ജയ്‌പൂരിലേക്ക് പോയതായിരുന്നു അദ്ദേഹം. ഈ മാസം 30നായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം.
Aug 27, 2025, 1:27 pm IST

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് ഓറഞ്ച് അലർട്ട്

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് മഴ കൂടാൻ കാരണമാവുന്നത്.
Aug 27, 2025, 1:10 pm IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണെന്നും എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
Aug 27, 2025, 12:49 pm IST

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്‌ജക്റ്റ് കമ്മിറ്റിക്ക് അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്‌തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Aug 27, 2025, 12:29 pm IST

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ആശ്വാസം. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത് റദ്ദാക്കിയ വിജിലൻസ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഹർജിയിൽ ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കും.
Aug 27, 2025, 12:22 pm IST

എഐ ക്യാമറ അഴിമതി; പ്രതിപക്ഷത്തിന് തിരിച്ചടി

എഐ ക്യാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജികളാണ് കോടതി തള്ളിയത്.
Aug 27, 2025, 11:18 am IST

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും ഇപ്പോൾ വെറുതെ വിട്ടത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.
Aug 27, 2025, 10:58 am IST

തനിക്കെതിരായ ലൈം​ഗിക പീഡന പരാതിയിൽ പ്രതികരിച്ച് ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ. സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു. 2015ലും 2020ലും പൊട്ടാതെ പോയ പടക്കമായിരുന്നു ഇത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും അദ്ദേഹം പറയുന്നു.
Aug 27, 2025, 10:25 am IST

സി കൃഷ്‌ണകുമാറിനെതിരെ പീഡന പരാതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയിലും പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നൽകിയിരിക്കുന്നത്.
Aug 27, 2025, 9:46 am IST

ദസറ ഉദ്ഘാടനത്തിന് പ്രമുഖ കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്‌താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കർണാടകത്തിൽ വിവാദം. മതവിശ്വാസമില്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബിജെപിയും, ചില ഹൈന്ദവ സംഘടനകളും പറയുന്നത്. എന്നാൽ ചാമുണ്ഡി ഹിൽസ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മറുപടി.
Aug 27, 2025, 9:17 am IST

കോഴിക്കോട് 6 വർഷം മുൻപ്‌ അടുത്ത സുഹൃത്തുകൾ ചേർന്ന് കണ്ടൽക്കാട്ടിലെ ചതുപ്പിൽ കല്ലുകെട്ടി താഴ്‌ത്തിയ 29-കാരന്റെ ബൈക്ക് അന്വേഷണ സംഘം തെളിവെടുപ്പിനിടെ കണ്ടെത്തി. കല്ലായി റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് യാർഡിന് വടക്കുവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഇന്നലെ വൈകീട്ട് വെസ്‌റ്റ് ഹിൽ വേലത്തിപടിക്കൽ വിജിലിന്റെ ബൈക്ക് കണ്ടെത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലിന്റെ മൃതദേഹം കണ്ടെത്താൻ ഇന്ന് രാവിലെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ സരോവരത്തെ കണ്ടൽക്കാട്ടിൽ തിരച്ചിൽ നടത്തും.
Aug 27, 2025, 8:55 am IST

നിലവിലെ എച്ച്-1ബി വിസ പദ്ധതി അമേരിക്കയിലെ തൊഴിലാളികളെ ബാധിക്കുന്ന ഒരു അഴിമതിയാണെന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. എച്ച്-1ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യൻ പ്രൊഫഷണലുകളായതിനാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രധാന പരിഷ്‌കാരങ്ങളുടെ സൂചനയാണിത്. 'നിലവിലുള്ള H-1ബി വിസ സമ്പ്രദായം ഒരു തട്ടിപ്പാണ്, അത് വിദേശ തൊഴിലാളികളെ അമേരിക്കൻ തൊഴിലവസരങ്ങൾ നികത്താൻ അനുവദിക്കുന്നു. എല്ലാ മികച്ച അമേരിക്കൻ ബിസിനസുകളുടെയും മുൻഗണന അമേരിക്കൻ തൊഴിലാളികളെ നിയമിക്കുക എന്നതായിരിക്കണം' ലുട്‌നിക് പറഞ്ഞു.
Aug 27, 2025, 8:52 am IST

ആശമാർക്ക് ആശ്വാസം; ഓണറേറിയം വർധിപ്പിക്കണമെന്ന് ശുപാർശ

സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം തുടരുന്ന ആശ വർക്കർമാർക്ക് ശുഭവാർത്ത. ഓണറേറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്‌നങ്ങൾ പഠിച്ച സമിതി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ 7000 രൂപയുള്ള ഓണറേറിയം 10000 ആയി വർധിപ്പിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്.
Aug 27, 2025, 8:29 am IST

രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത്‌ കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലാണ് രാഹുലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക. ശനിയാഴ്‌ച ഹാജരാക്കാൻ രാഹുലിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്‌ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
Aug 27, 2025, 8:13 am IST

ഓണാഘോഷത്തിന് എതിരായ പരാമർശം; അധ്യാപികയ്ക്ക് എതിരെ കേസ്

സ്‌കൂളിലെ ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് കുന്നംകുളം പോലീസ്. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസ് എടുത്തത്. മതസ്‌പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Aug 27, 2025, 8:00 am IST

കേരളം ഞെട്ടുന്ന വിവരങ്ങൾ വരാൻ പോകുന്നുവെന്നും ബിജെപിയും സിപിഎമ്മും കരുതി ഇരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അസാധാരണമായ മുന്നറിയിപ്പ് നല്‍കിയത്വെറുതെയല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ. പ്രതിപക്ഷ നേതാവിന്റേത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാർത്ത വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ എപ്പോൾ ഈ വിവരങ്ങൾ പുറത്തുവരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+